ഉത്തരേന്ത്യയിലും തരംഗം തീര്‍ത്ത് 'കാന്താര'; മൂന്നാം വാരത്തില്‍ 'കെജിഎഫ് 1' നെ മറികടന്നു
കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം
കന്നഡ സിനിമയിലെ ഏറ്റവും പുതിയ അത്ഭുതമാണ് കാന്താര. കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം സാന്‍ഡല്‍വുഡിലെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് പരിചയപ്പെടുത്തിയ ചിത്രം. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രത്തിന്‍റെ കന്നഡ പതിപ്പ് മാത്രമാണ് ആദ്യം പുറത്തെത്തിയിരുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ കന്നഡ പതിപ്പിന് പക്ഷേ രാജ്യമൊട്ടുക്കും റിലീസ് ഉണ്ടായിരുന്നു. സബ് ടൈറ്റിലോടെ എത്തിയ കന്നഡ പതിപ്പ് സ്വീകാര്യത നേടുന്നത് കണ്ട നിര്‍മ്മാതാക്കള്‍ മറ്റു ഭാഷകളില്‍ ചിത്രം മൊഴിമാറ്റം നടത്തി റിലീസ് ചെയ്യുകയായിരുന്നു. ഹിന്ദി, മലയാളം, തെലുങ്ക് അടക്കമുള്ള മൊഴിമാറ്റ പതിപ്പുകളെല്ലാം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.
കെജിഎഫ് 1 ന്‍റെ ബോക്സ് ഓഫീസ് നേട്ടത്തെ കാന്താരയുടെ പല ഭാഷാ പതിപ്പുകളും ഇതിനകം മറികടന്നിട്ടുണ്ട്. മലയാളം പതിപ്പ് 13 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് 10 കോടി നേടിയിരുന്നു. ഇപ്പോഴിതാ ഹിന്ദി പതിപ്പ് നേടിയ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്. മലയാളം എത്തുന്നതിന് ഒരാഴ്ച മുന്‍പാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടത്. മൂന്ന് വാരം കൊണ്ട് കാന്താര ഹിന്ദി പതിപ്പ് 50 കോടി ക്ലബ്ബിന് അടുത്തെത്തിയിരിക്കുകയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിക്കുന്നു. 19 ദിവസത്തെ ചിത്രത്തിന്‍റെ നേട്ടം 47.55 കോടി ആണ്.
ALSO READ : തിരിച്ചുവരവില്‍ തീ പാറിക്കാന്‍ കിംഗ് ഖാന്‍; പിറന്നാള്‍ ദിനത്തില്‍ 'പഠാന്‍' ടീസര്‍
ആഗോള ബോക്സ് ഓഫീസിലും മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കുന്നത്. അമേരിക്കയില്‍ ചിത്രം ഇതിനകം നേടിയത് 1.5 മില്യണ്‍ ഡോളര്‍ ആണെന്ന് ഇന്ത്യന്‍ ചിത്രങ്ങളുടെ അവിടുത്തെ വിതരണക്കാരായ പ്രൈം മീഡിയ അറിയിച്ചിരുന്നു. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 12.3 കോടിയാണ് ഇത്. എല്ലാ ഭാഷാ പതിപ്പുകളും യുഎസില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഇതില്‍ കന്നഡ ഒറിജിനലിനാണ് കളക്ഷന്‍ ഏറ്റവും കൂടുതല്‍. ഒരു മില്യണ്‍ ഡോളറും കന്നഡ ഒറിജിനലിനാണ്. തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകള്‍ ചേര്‍ന്ന് .5 മില്യണും നേടി.