Kaduva Box Office : 'ജനഗണമന'യെ മറികടന്ന് 'കടുവ'; പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ്
വ്യാഴാഴ്ചയായിരുന്നു റിലീസ് എന്നതിനാല്‍ നാല് ദിവസം നീണ്ട ഓപണിംഗ് വീക്കെന്‍ഡ് ആണ് ചിത്രത്തിന് ലഭിച്ചത്
പൃഥ്വിരാജിനെ (Prithviraj Sukumaran) നായകനാക്കി ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്‍ത കടുവയ്ക്ക് (Kaduva) മികച്ച ഓപണിംഗ് കളക്ഷന്‍. സമീപകാലത്ത് തിയറ്ററുകളില്‍ ശ്രദ്ധ നേടിയ പൃഥ്വിരാജിന്‍റെ തന്നെ ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു റിലീസ് എന്നതിനാല്‍ നാല് ദിവസം നീണ്ട ഓപണിംഗ് വീക്കെന്‍ഡ് ആണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ പലയിടങ്ങളിലും മഴയുടെ പ്രതികൂല സാഹചര്യം ഉണ്ടായിരുന്നെങ്കിലും അതിനെ മറികടന്നാണ് കടുവയുടെ കുതിപ്പ്. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് 25 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷന്‍ ആണിത്.
പൃഥ്വിരാജിന്‍റെ സമീപകാല ഹിറ്റ് ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷനാണ് കടുവ ആദ്യ നാല് ദിനങ്ങളില്‍ തന്നെ നേടിയത്. കേരളത്തില്‍ റിലീസ് ദിനം നേടിയതിനേക്കാള്‍ കളക്ഷന്‍ ഈദ് ദിനമായിരുന്ന ഞായറാഴ്ച നേടിയെന്ന് ട്വിറ്ററിലെ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മറുഭാഷാ ഡബ്ബിംഗ് പതിപ്പുകള്‍ മികച്ച പ്രചരണം നല്‍കി പ്രാധാന്യത്തോടെ റിലീസ് ചെയ്‍തതും ചിത്രത്തിന് തുണയായി. പാന്‍ ഇന്ത്യന്‍ തലത്തില്‍ മികച്ച പ്രൊമോഷന്‍ നല്‍കിക്കൊണ്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമകളില്‍ ഒന്നാണ് കടുവ.
ALSO READ : 'കടുവ'യിലെ വിവാദ സംഭാഷണം, ഖേദം പ്രകടിപ്പിച്ച് ഷാജി കൈലാസും പൃഥ്വിരാജും
അതേസമയം സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നായക കഥാപാത്രം പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ സംവിധായകന്‍ ഷാജി കൈലാസും നായകനായെത്തിയ പൃഥ്വിരാജ് സുകുമാരനും തെറ്റ് സമ്മതിച്ചും മാപ്പ് ചോദിച്ചും രംഗത്തെത്തിയിരുന്നു. ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് ചിത്രമാണ് ഇത്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാല്‍ കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി 'എലോണ്‍' എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ കടുവയാണ് ആദ്യം റിലീസ് ചെയ്യുന്നത്.