അമ്പരപ്പിച്ച് ജവാന്റെ വിജയം, നാല്‍പ്പത്തിയൊന്നാം ദിവസവും വൻ നേട്ടം, ഇനി ആ റെക്കോര്‍ഡിലേക്ക്
ഷാരൂഖ് ഖാൻ നായകനായ ജവാന്റെ കളക്ഷൻ ഇനി ആ റെക്കോര്‍ഡിലേക്ക്?.
ജവാന്റെ വിജയം അമ്പരപ്പിക്കുന്ന ഒന്നാണ്. റിലീസായിട്ട് ഒരു മാസം കഴിഞ്ഞിട്ടും ചിത്രത്തിന്റെ കുതിപ്പ് അവസാനിപ്പിക്കുന്നില്ല. പല റിലീസുകള്‍ പിന്നീടെത്തിയിട്ടും ഷാരൂഖ് ചിത്രം ബോക്സ് ഓഫീസില്‍ വിസ്‍മയങ്ങള്‍ സൃഷ്‍ടിച്ചുകൊണ്ടേയിരിക്കുകയാണ്. ഷാരൂഖിന്റെ ജവാൻ റിലീസായിട്ട് 41 ദിവസം കഴിയുമ്പോഴും ആഗോള ബോക്സ് ഓഫീസില്‍ മോശമല്ലാത്ത നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ മാത്രം 77 ലക്ഷത്തോളം ചിത്രം ഇന്നലെ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. അപ്പോള്‍ ഇന്ത്യയില്‍ ജവാൻ 637 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്. അത് വമ്പൻ നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നതും. ആഗോളതലത്തില്‍ ഷാരൂഖിന്റെ ജവാൻ 1140 കോടിയിലേക്ക് അടുക്കുന്നതിനാല്‍ പഠാന്റെ ലൈഫ് കളക്ഷനായ 1,050.30 കോടിയില്‍ നിന്ന് 100 കോടിയോളമെങ്കിലും വ്യത്യാസമെന്ന റിക്കോര്‍ഡിട്ടാകും തിയറ്റര്‍ റണ്‍ അവസാനിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ജവാൻ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ടേയിരിക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ 100 കോടി 33 ലക്ഷത്തിലധികം നേടിയിരിക്കുകയാണ് എന്ന് നേരത്തെ പുറത്തുവിട്ട ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിരുന്നു. മിഡില്‍ ഈസ്റ്റില്‍ ഒരു ഇന്ത്യൻ സിനിമയുടെ റെക്കോര്‍ഡാണ് ജവാൻ നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഏതൊക്കെ റെക്കോര്‍ഡുകള്‍ ഇനി തിരുത്തുമെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
തമിഴ് ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഹിന്ദി ചിത്രം ജവാൻ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നയൻതാരയും നായികയായി എത്തിയ ഹിന്ദി സിനിമ എന്ന ആകര്‍ഷണവുമുണ്ടായിരുന്നു. ആദ്യമായി നയൻതാര ഒരു ബോളിവുഡ് ചിത്രത്തില്‍ നായികയായിപ്പോള്‍ മികച്ച പ്രകടനം നടത്തുകയും ചെയ്‍തു. രാഷ്‍ട്രീയ സന്ദേശവും പകരുന്ന ഹിന്ദി ചിത്രമായിരുന്നു ജവാൻ. ജവാനില്‍ വിജയ് സേതുപതിയാണ് വില്ലൻ. സഞ്‍ജയ് ദത്ത് അതിഥി വേഷത്തിലെത്തി. ഷാരൂഖ് ഖാൻ നായകനായ ഹിറ്റ് ചിത്രത്തില്‍ ദീപിക പദുക്കോണ്‍, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര‍്‍, റിദ്ധി ദോഗ്ര, സഞ്‍ജീത ഭട്ടാചാര്യ, ഗിരിജ, ഇജാസ് ഖാൻ, കെന്നി, ജാഫര്‍ സാദിഖ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ കഥാപാത്രങ്ങളായി.
Read More: മോഹൻലാല്‍ രണ്ടാമൻ, ഒന്നാമൻ ആ താരം, വിജയ് സര്‍വകാല റെക്കോര്‍ഡ് തിരുത്തുമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക