'ഭീഷ്‍മ'യെയും മറികടന്നു; എന്നിട്ടും കേരളത്തില്‍ 'റോക്കി ഭായി'യെ പിന്നിലാക്കാനാവാതെ 'ജയിലര്‍'
കേരളത്തില്‍ ഏത് ഭാഷാ സിനിമകളിലും ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷന്‍ നേടുമോ ജയിലര്‍ എന്നത് ട്രാക്കര്‍മാരുടെ കൌതുകമായിരുന്നു
റിലീസ് ദിനത്തില്‍ സിനിമകളുടെ വിധി നിര്‍ണ്ണയിക്കപ്പെടാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. എന്നാല്‍ മുന്‍പത്തേതിനേക്കാള്‍ അതിവേഗത്തിലും ലാര്‍ജ് സ്കെയിലിലുമാണ് ഇന്ന് കാര്യങ്ങള്‍. മൌത്ത് പബ്ലിസിറ്റി മുന്‍പ് പതിയെയാണ് എത്തിയിരുന്നതെങ്കില്‍ ഇന്ന് ആദ്യച ഷോ കഴിയുമ്പോള്‍ത്തന്നെ പ്രേക്ഷകര്‍ തീരുമാനിക്കും ഒരു ചിത്രം കാണണോ വേണ്ടയോ എന്ന്. പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം അന്ന് വൈകുന്നേരത്തോടെ തിയറ്ററുകള്‍ പൂരപ്പറമമ്പാവുകയും ചെയ്യും. ഇത്തരത്തില്‍ സിനിമാപ്രേമികളുടെ പൂരപ്പറമ്പുകള്‍ സൃഷ്ടിച്ചിരിക്കുന്ന പുതിയ ചിത്രം ജയിലര്‍ ആണ്. കേരളത്തിലും വന്‍ വരവേല്‍പ്പ് ലഭിച്ച ചിത്രം റെക്കോര്‍ഡ് പുസ്തകത്തിലെ പല കണക്കുകളും മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്.
ഓഗസ്റ്റ് 10 വ്യാഴാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് നാല് ദിവസം നീണ്ട വാരാന്ത്യമാണ് ലഭിച്ചത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് 5.85 കോടിയും വന്‍ പോസിറ്റീവ് അഭിപ്രായവും നേടിയതോടെ വാരാന്ത്യത്തില്‍ 20 കോടിക്ക് മുകളില്‍ നേടുമെന്ന് ഉറപ്പായിരുന്നു. അവസാന കണക്ക് എത്ര വരും എന്നതായിരുന്നു അറിയേണ്ടിയിരുന്നത്. ഇപ്പോഴിതാ ഞായറാഴ്ചത്തേതുള്‍പ്പെടെ നാല് ദിവസത്തെ ഗ്രോസ് എത്രയെന്ന കണക്കുകള്‍ ട്രാക്കര്‍മാര്‍ അവതരിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച 5.85 കോടി നേടിയ ചിത്രം വെള്ളിയാഴ്ച 4.8 കോടിയും ശനിയാഴ്ച 6.15 കോടിയും ഞായര്‍ 6.85 കോടിയുമാണ് നേടിയിരിക്കുന്നത്. അങ്ങനെ ജയിലറിന്‍റെ ആകെ വാരാന്ത്യ കളക്ഷന്‍ 23.65 കോടിയാണ്.
കേരളത്തില്‍ ഏത് ഭാഷാ സിനിമകളിലും ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷന്‍ നേടുമോ ജയിലര്‍ എന്നത് ട്രാക്കര്‍മാരുടെ കൌതുകമായിരുന്നു. ഈ മത്സരത്തില്‍ ആദ്യ സ്ഥാനത്ത് എത്തിയില്ലെങ്കിലും സുരക്ഷിതമായി രണ്ടാമത് എത്തിയിട്ടുണ്ട് ചിത്രം. ബാഹുബലി 2, ലൂസിഫര്‍, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളെ പിന്നിലാക്കിയ ജയലറിന് പക്ഷേ കെജിഎഫ് ചാപ്റ്റര്‍ 2 നെ മറികടക്കാനായില്ല. കേരള ബോക്സ് ഓഫീസിലെ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് ഇപ്പോഴും കെജിഎഫ് 2 ന്‍റെ പേരിലാണ്. 26.5 കോടിയാണ് കെജിഎഫ് 2 ന്‍റെ നേട്ടം. മൂന്നാം സ്ഥാനത്തുള്ള ഭീഷ്മപര്‍വ്വത്തിന്‍റെ നേട്ടം 22.3 കോടിയുമാണ്. അതേസമയം കേരള ബോക്സ് ഓഫീസില്‍ മറ്റൊരു റെക്കോര്‍ഡ് ഇട്ടിട്ടുണ്ട് ജയിലര്‍. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും മികച്ച സിംഗിള്‍ ഡേ കളക്ഷന്‍ എന്നതാണ് ഇത്. ബീസ്റ്റിന്‍റെ റിലീസ് ദിന കളക്ഷനെ നാലാം ദിന കളക്ഷന്‍ കൊണ്ടാണ് ജയിലര്‍ മറികടന്നിരിക്കുന്നത്.
ALSO READ : 'നെല്‍സണ്‍ ചൈനാ ടൗണ്‍ കണ്ടിരുന്നോ'? രസകരമായ കൗതുകം കണ്ടെത്തി ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം