ഇത് ചരിത്ര വിജയം, 510 കോടിയുമായി 'ഗദര്‍ 2' വിസ്‍മയിപ്പിക്കുന്നു
സണ്ണി ഡിയോള്‍ ചിത്രത്തിന്റെ പുതിയ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.
സണ്ണി ഡിയോള്‍ നായകനായി എത്തിയ ചിത്രം 'ഗദര്‍ 2' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ബോളിവുഡില്‍ സമീപകാലത്ത് ഏറ്റവും ചലനമുണ്ടാക്കിയ ചിത്രമായ 'ഗദര്‍ 2'വിന്റെ വിജയം അമ്പരപ്പിക്കുന്നതുമാണ്. സണ്ണി ഡിയോളിന്റെ മികച്ച ഒരു തിരിച്ചുവരവ് ആണെന്ന് നിരൂപകരും അഭിപ്രായപ്പെടുന്നു. 'ഗദര്‍ 2' ഇതുവരെ 510 കോടി നേടിയെന്നാണ് തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
'ഗദര്‍ രണ്ട്' ചരിത്രം തിരുത്തുകയാണ്. ഇത് വൻ നേട്ടമാണ് ബോളിവുഡിന്. 2001ല്‍ പുറത്തെത്തി വൻ വിജയമായ ചിത്രം 'ഗദര്‍: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലും ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയ 'ഗദര്‍ 2' എന്തായാലും കളക്ഷൻ റിക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ഇനിയും മുന്നേറും.
അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ഉത്‍കര്‍ഷ ശര്‍മ, മനിഷ വധ്‍വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്‍താഖ് ഖാൻ, രാകേഷ് ഭേദി, അനാമിക സിംഗ്, ലുബ്‍ന തുടങ്ങി ഒട്ടേറെ താരങ്ങളും 'ഗദര്‍ 2'വില്‍ വേഷമിടുന്നു. അനില്‍ ശര്‍മ തന്നെയാണ് നിര്‍മാവും. മിതൂൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്..
'ഗദര്‍ 2' പാകിസ്ഥാനെ വളരെ മോശമായി കാണിക്കുന്നുവെന്ന പരാതിയില്‍ പ്രതികരണവുമായി സണ്ണി ഡിയോള്‍ രംഗത്ത് എത്തിയിരുന്നു. 'ഗദര്‍ 2' പാകിസ്ഥാന്‍ വിരുദ്ധ ചിത്രമൊന്നും അല്ല. രണ്ട് രാജ്യങ്ങളും തമ്മില്‍ ഉള്ള വൈര്യം ശരിക്കും ഒരു രാഷ്ട്രീയ സംഗതിയാണ്. അവസാനം എല്ലാം മനുഷ്യത്വത്തിന്‍റെ കാര്യമാണ്. 'ഗദര്‍ 2' സിനിമ ആരെയെങ്കിലും മോശമാക്കുന്ന രീതിയില്‍ അല്ല. അത്തരത്തില്‍ പെരുമാറുന്നയാള്‍ അല്ല ചിത്രത്തിലെ കഥാപാത്രമായ താരസിംഗ്. രാഷ്ട്രീയത്തിലുള്ള വ്യക്തികള്‍ എന്നും വീക്ഷിക്കുന്നത് അതിന്‍റെ കാഴ്‍ചപ്പാടില്‍ അല്ലെന്നും വോട്ടിന്‍റെ കണ്ണിലൂടെയാണ് എന്നും സണ്ണി പറഞ്ഞു. സിനിമയില്‍ ഒരോ അവതരണങ്ങളും വിനോദത്തിനാണ്. അത് ചിലപ്പോള്‍ കൂടിയും കുറഞ്ഞും വരും എന്ന് മാത്രം. വളരെ സീരിയസായി എടുക്കരുത് അത്. അത് നിങ്ങള്‍ക്ക് അസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഒഴിവാക്കുക എന്നും സണ്ണി ഡിയോള്‍ വ്യക്തമാക്കുന്നു. ഇന്ത്യ- പാക് വിഭജലകാലത്തെ പ്രണയ കഥയായിരുന്നു 'ഗദര്‍ 2'. താര സിംഗിന്റെയും സക്കീനയുടെയും പ്രണയത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറം എന്ത് സംഭവിച്ചു എന്നതാണ് 'ഗദര്‍ 2'വില്‍ പ്രതിപാദിക്കുന്നത്. ചിത്രം ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചതന്നെയാണ്. എന്തായാലും പുതിയ ചിത്രവും വിജയിച്ചിരിക്കുന്നു. ബോളിവുഡില്‍ ചില ചിത്രങ്ങളുടെ തുടര്‍ ഭാഗങ്ങള്‍ ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 'ഗദര്‍ 2' സണ്ണി ഡിയോളിന്റെ തിരിച്ചുവരവ് ആയിരിക്കുകയാണ്.
Read More: പ്രഭാസിന്റെ 'കല്‍ക്കി 2898 എഡി'യിലെ ഫോട്ടോകള്‍ ചോര്‍ന്നു, നിര്‍മാതാക്കള്‍ നിരാശയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക