24-ാം ദിവസവും എട്ട് കോടി! 'ഗദര്‍ 2' ന്‍റെ ഇതുവരെയുള്ള കണക്ക് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍
1971 കാലം പശ്ചാത്തലമാക്കുന്ന ചിത്രം
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളിലൊന്നാണ് ഗദര്‍ 2. 22 വര്‍ഷം മുന്‍പിറങ്ങിയ ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗം പ്രേക്ഷകശ്രദ്ധ നേടിയേക്കുമെന്ന് ബോളിവുഡ് പ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും ഇത്ര വലിയ ഒരു വിജയമാവുമെന്ന് നിര്‍മ്മാതാക്കള്‍ പോലും കരുതിയിരുന്നില്ല എന്നതാണ് വാസ്തവം. പഠാന് ശേഷം മള്‍ട്ടിപ്ലെക്സുകള്‍ക്ക് പുറത്ത് ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകളെയും സജീവമാക്കിയ ചിത്രം ഗദര്‍ 2 ആണ്. ഇപ്പോഴിതാ കളക്ഷനില്‍ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ചിത്രം.
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 500 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. റിലീസിന്‍റെ 24-ാം ദിവസമായിരുന്ന ഞായറാഴ്ച 7.80 കോടി നേടിയതോടെയാണ് ഇത് സാധ്യമായത്. ഇതോടെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഏറ്റവും വേഗത്തില്‍ 500 കോടി നേടുന്ന ഹിന്ദി ചിത്രം ആയിരിക്കുകയാണ് ഗദര്‍ 2. പഠാനെയും ബാഹുബലി 2 നെയുമാണ് ചിത്രം പിന്നിലാക്കിയത്. പഠാന്‍ 28 ദിവസം കൊണ്ടും ബാഹുബലി 2 ഹിന്ദി പതിപ്പ് 34 ദിവസം കൊണ്ടുമാണ് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 500 കോടി കടന്നത്.
അതേസമയം ആഗോള ബോക്സ് ഓഫീസില്‍ 650 കോടിയിലേറെ നേടിക്കഴിഞ്ഞു ചിത്രം. 1971 കാലം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ താര സിംഗ് എന്ന കഥാപാത്രമായാണ് സണ്ണി ഡിയോള്‍ എത്തുന്നത്. തന്‍റെ മകന്‍ ചരണ്‍ജീതിനെ പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പാകിസ്ഥാനിലേക്ക് പോവുകയാണ് ചിത്രത്തില്‍ താര സിംഗ്. അമീഷ പട്ടേല്‍ ആണ് നായിക. മനീഷ് വാധ്വയും ഗൌരവ് ചോപ്രയും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അനില്‍ ശര്‍മ്മയാണ് സംവിധാനം. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.
ALSO READ : അമല്‍ നീരദിനൊപ്പം വീണ്ടും മമ്മൂട്ടി? പിറന്നാള്‍ ദിനത്തില്‍ വന്‍ സര്‍പ്രൈസ് എന്ന് സൂചന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക