ബോളിവുഡിന് നേട്ടമായോ 'ദൃശ്യം 2'? ഒരു മാസം കൊണ്ട് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്
അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പാഠക് സംവിധാനം ചെയ്ത ചിത്രം നവംബര്‍ 18 നാണ് തിയറ്ററുകളില്‍ എത്തിയത്
റീമേക്ക് ചെയ്യപ്പെട്ട ഭാഷകളിലെല്ലാം ജനപ്രീതി നേടിയ ചിത്രമായതിനാല്‍ ദൃശ്യത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനം വന്നതു മുതല്‍ ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഉണ്ടായിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രം വന്‍ പ്രേക്ഷകശ്രദ്ധ നേടിയതോടെ മറുഭാഷകളിലെ റീമേക്കുകളും പ്രഖ്യാപിക്കപ്പെട്ടു. തെലുങ്ക്, കന്നഡ ഭാഷകള്‍ക്കു പിന്നാലെയെത്തിയ ദൃശ്യം 2 ഹിന്ദി റീമേക്ക് ബോളിവുഡ് ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നാണ്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുത്തിട്ടുണ്ട് ചിത്രം.
അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പാഠക് സംവിധാനം ചെയ്ത ചിത്രം നവംബര്‍ 18 നാണ് തിയറ്ററുകളില്‍ എത്തിയത്. വലിയ വാണിജ്യ സാധ്യതയുള്ള ചിത്രമെന്ന മുന്‍കൂര്‍ വിലയിരുത്തല്‍ ഉണ്ടായിരുന്നതിനാല്‍ വമ്പന്‍ സ്ക്രീന്‍ കൌണ്ട് ആയിരുന്നു ചിത്രത്തിന്. 3,302 സ്ക്രീനുകളിലാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ആദ്യദിന കളക്ഷന്‍ മാത്രം 15.38 കോടി ആയിരുന്നു. ചിത്രം നേടിയ ഒരു മാസത്തെ കളക്ഷനും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. 31 ദിവസങ്ങളിലെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 221.34 കോടി ആണെന്നാണ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്ന കണക്ക്. അജയ് ദേവ്ഗണിന്‍റെ താരമൂല്യം വര്‍ധിപ്പിക്കുന്ന ചിത്രം കൂടിയായി മാറി ദൃശ്യം 2.
അജയ് ദേവ്‍ഗണ്‍ നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദൃശ്യം 1 ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന് നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു.