കേരളത്തിലും മികച്ച പ്രീ സെയില്‍സുമായി 'കോബ്ര'; റിലീസിനു മുന്‍പ് നേടിയത്
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം
വിക്രം ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്‍ത കോബ്ര. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം മൂന്ന് വര്‍ഷത്തിനു ശേഷം വിക്രത്തിന്‍റേതായി എത്തുന്ന തിയറ്റര്‍ റിലീസുമാണ്. സിനിമാപ്രേമികളില്‍ ചിത്രം സൃഷ്ടിച്ച ആവേശം എത്രത്തോളമെന്നതിന് തെളിവായിരുന്നു തമിഴ്നാട്ടില്‍ ചിത്രത്തിനു ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 3 മണി വരെയുള്ള കണക്ക് അനുസരിച്ച് ചിത്രം തമിഴ്നാട്ടില്‍ നിന്ന് നേടിയത് 5.3 കോടിയായിരുന്നു. 307 തിയറ്ററുകളിലെ 2070 ഷോകള്‍ ട്രാക്ക് ചെയ്‍തതില്‍ നിന്ന് സിനിട്രാക്ക് പുറത്തുവിട്ട കണക്കായിരുന്നു ഇത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ കേരള അഡ്വാന്‍സ് ബുക്കിംഗ് കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.
റിലീസിനു തലേന്ന് ചിത്രം 70 ലക്ഷമാണ് കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നതെന്ന് സിനിട്രാക്ക് തന്നെ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നു. 212 തിയറ്ററുകളിലെ 1003 ഷോകള്‍ ട്രാക്ക് ചെയ്‍തതില്‍ നിന്ന് ലഭ്യമായ തുകയാണ് ഇത്. കര്‍ണാടകത്തില്‍ നിന്ന് 86 ലക്ഷവുമാണ് ചിത്രം നേടിയിരിക്കുന്നത്. 116 തിയറ്ററുകളിലെ 727 ഷോകള്‍ ട്രാക്ക് ചെയ്‍തതില്‍ നിന്നുള്ള തുകയാണിത്.
അതേസമയം ചിത്രത്തിന് ഏറെയും പോസിറ്റീവ് എന്നും ആവറേജിന് മുകളില്‍ എന്നുമുള്ള അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രം മികച്ച ഇനിഷ്യല്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കിലും പാട്ടുകള്‍ക്ക് പ്രാധാന്യമുണ്ട്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം പകരുന്നത്. മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. എന്നാല്‍ മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാന്‍ ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു.