ബോക്സ് ഓഫീസില്‍ രക്ഷപെടുമോ 'ബ്രഹ്‍മാസ്ത്ര'? റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് നേടിയത്
ചിത്രം വിജയിച്ചാല്‍ അസ്ത്രാവേഴ്സ് ഫ്രാഞ്ചൈസി മുന്നോട്ടുപോകും
പല കാരണങ്ങളാല്‍ ബോളിവുഡ് വ്യവസായത്തിന് പ്രതീക്ഷയേറ്റിയ ചിത്രമാണ് ബ്രഹ്‍മാസ്ത്ര. ആമിറിനും അക്ഷയ്ക്കുമൊന്നും സാധിക്കാതിരുന്നത് രണ്‍ബീറിന് സാധിക്കുമെന്നാണ് ആ പ്രതീക്ഷ. രണ്‍ബീര്‍ കപൂറിന്‍റെ താരമൂല്യത്തില്‍ ഊന്നിയതല്ല അത്. മറിച്ച് ബ്രഹ്‍മാസ്ത്ര എന്ന സിനിമയുടെ പ്രത്യേകത കൊണ്ടാണ്. മാര്‍വെലിന്‍റെയും മറ്റും സൂപ്പര്‍ഹീറോ യൂണിവേഴ്സ് പോലെ ഇന്ത്യന്‍ പുരാണങ്ങളെ ആസ്പദമാക്കി ഒരു ഫ്രാഞ്ചൈസിയാണ് സംവിധായകന്‍ അയന്‍ മുഖര്‍ജി ലക്ഷ്യമാക്കുന്നത്. അതിന്‍റെ തുടക്കമാണ് ബ്രഹ്‍മാസ്‍ത്ര. വിജയിച്ചാല്‍ വന്‍ സാധ്യതകളാണ് ബോളിവുഡിന് മുന്നില്‍ തുറന്നുകിട്ടുക. ഇനി പരാജയമായാല്‍ ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാവും ഹിന്ദി സിനിമാലോകം. എന്നാല്‍ നിലവിലെ കണക്കുകളനുസരിച്ച് ചിത്രം ബോക്സ് ഓഫീസില്‍ കളം പിടിക്കുമോ? റിലീസ് ദിനത്തിലെ നേട്ടം സംബന്ധിച്ച ആദ്യ കണക്കുകള്‍ പുറത്തെത്തി തുടങ്ങിയിട്ടുണ്ട്.
ബോളിവുഡ് ഹംഗാമയുടെ കണക്കനുസരിച്ച് ചിത്രം ആദ്യദിനം നേടിയിട്ടുള്ളത് 36.50 കോടിക്കും 38.50 കോടിക്കും ഇടയിലാണ്. ട്രേഡ് അനലിസ്റ്റ് രാജശേഖറിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിന്ന് ചിത്രം ആദ്യദിനം നേടിയത് 36 കോടിയാണ്. 36 കോടി നേടിയിട്ടുണ്ടെങ്കില്‍ ഒരു പ്രവര്‍ത്തിദിനത്തില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നേടുന്ന ഏറ്റവും മികച്ച കളക്ഷന്‍ ആവുമെന്നാണ് വിലയിരുത്തല്‍.
കൊവിഡിനു ശേഷം പഴയ പ്രതാപ് നഷ്ടപ്പെട്ട അവസ്ഥയിലാണ് ബോളിവുഡ്. അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍ അടക്കമുള്ള താരങ്ങളുടെ ചിത്രങ്ങളടക്കം ബോക്സ് ഓഫീസില്‍ തരിപ്പണമായപ്പോള്‍ തെന്നിന്ത്യന്‍ പാന്‍ ഇന്ത്യന്‍ റിലീസുകള്‍ വലിയ വിജയമായതും ബോളിവുഡിനെ പിന്നോട്ടടിച്ചു. പുഷ്പ, കെജിഎഫ് 2, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ തന്നെ വലിയ വിജയം നേടിയിരുന്നു. ഇതില്‍ പുഷ്പയുടെ ഹിന്ദി പതിപ്പ് 200 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. സൂപ്പര്‍താരം ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് ഛദ്ദയാണ് ബ്രഹ്‍മാസ്ത്രയ്ക്കു മുന്‍പ് ബോളിവുഡ് പ്രതീക്ഷയര്‍പ്പിച്ച ചിത്രം. എന്നാല്‍ ആ ചിത്രത്തെയും പ്രേക്ഷകര്‍ തഴഞ്ഞു.
അതേസമയം അസ്ത്രാവേഴ്സ് എന്ന സിനിമാ ഫ്രാഞ്ചൈലിയിലെ ആദ്യ ചിത്രമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1: ശിവ. വിവാഹത്തിനു ശേഷം രണ്‍ബീര്‍ കപൂര്‍, അലിയാ ഭട്ട് ജോഡി വീണ്ടും പ്രണയികളായി സ്ക്രീനിലെത്തുന്നു എന്നത് ഈ ചിത്രത്തിന്‍റെ കൌതുകമാണ്. ഫാന്‍റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. അമിതാഭ് ബച്ചന്‍, മൌനി റോയ്, നാഗാര്‍ജുന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രം വിജയിച്ചാല്‍ ഏറെ സവിശേഷതകളുള്ള ഒരു ബോളിവുഡ് ഫ്രാഞ്ചൈസിക്കും തുടക്കമാവും.