'അനിമലി'ന്‍റെ അലര്‍ച്ചയില്‍ തകര്‍ന്നടിഞ്ഞോ 'സാം ബഹാദൂര്‍'? കളക്ഷനില്‍ അജഗജാന്തരം വ്യത്യാസം; കണക്കുകള്‍
ഇരുചിത്രങ്ങളും തിയറ്ററുകളിലെത്തിയത് ഒരേ ദിവസം
സോളോ റിലീസ് എന്നത് ഒരു ഇന്‍ഡസ്ട്രിയിലും ആരും ആഗ്രഹിക്കാത്ത കാര്യമാണ്. വൈഡ് റിലീസും ഒടിടി വിന്‍ഡോയിലേക്കുള്ള എണ്ണപ്പെട്ട ദിനങ്ങളുമൊക്കെയുള്ള കാലത്ത് ചുരുങ്ങിയ ദിവസം കൊണ്ട് പരമാവധി കളക്ഷന്‍ നേടാനാണ് ഏത് നിര്‍മ്മാതാവും ആഗ്രഹിക്കുന്നത്. അതേസമയം ഒരേ ദിവസമുള്ള റിലീസ് ഇന്നും തുടരുന്നുമുണ്ട്. ബോളിവുഡില്‍ അടുത്തിടെ ഒരേ ദിവസം രണ്ട് ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തിയിരുന്നു.
രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍, രാജ്യത്തിന്‍റെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ ആയിരുന്ന സാം മനേക് ഷായുടെ ജീവചരിത്രചിത്രം സാം ബഹാദൂര്‍ എന്നിവയാണ് ഒരേദിവസം തിയറ്ററുകളില്‍ എത്തിയത്. ഡിസംബര്‍ 1 ന് ആയിരുന്നു ഇരുചിത്രങ്ങളുടെയും റിലീസ്. ഇത് രണ്ടും രണ്ട് ഗണത്തില്‍ പെടുന്ന സിനിമകളാണ്. അനിമല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കില്‍ സാം ബഹാദൂര്‍ ബയോഗ്രഫിക്കല്‍ വാര്‍ ഡ്രാമ ചിത്രമാണ്. അനിമല്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രമായിരുന്നെങ്കില്‍ സാം ബഹാദൂര്‍ എല്ലാ വിഭാഗം പ്രേക്ഷകരിലും കാത്തിരുപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നില്ല.
രണ്ട് ചിത്രങ്ങളുടെയും ഇതുവരെയുള്ള കളക്ഷന്‍ പരിഗണിക്കുമ്പോള്‍ അജഗജാന്തരം വ്യത്യാസം കാണാനാവും. അനിമല്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 772.33 കോടിയാണ്. 13 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. അതേസമയം സാം ബദാഹൂര്‍ ഇതേ കാലയളവില്‍ ആഗോള തലത്തില്‍ നേടിയിരിക്കുന്നത് 85 കോടിയാണെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. അതായത് സാം ബഹാദൂറിന്‍റെ കളക്ഷന്‍ നോക്കുമ്പോള്‍ 9 ഇരട്ടിയാണ് അനിമല്‍ നേടിയിരിക്കുന്നത്. അതേസമയം 55 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് സാം ബഹാദൂര്‍ എന്നത് പരിഗണിക്കുമ്പോള്‍ മോശം കളക്ഷനല്ല ചിത്രം നേടിയിരിക്കുന്നത്. ലൈഫ് ടൈം കളക്ഷന്‍ 100 കോടി കടക്കുമെന്ന് കരുതപ്പെടുന്ന ചിത്രം ഒടിടിയില്‍ ഇതിലും മികച്ച പ്രേക്ഷക പ്രതികരണം നേടുമെന്നാണ് കരുതപ്പെടുന്നത്.
ALSO READ : കേരളത്തില്‍ വര്‍ക്ക് ആയോ 'അനിമല്‍'? രണ്ടാഴ്ച കൊണ്ട് നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം