വാരാന്ത്യം തിയറ്ററുകളിലെത്തിയത് 2.10 കോടി പേര്‍! 100 വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷനുമായി ഇന്ത്യന്‍ സിനിമ
ജയിലര്‍ വ്യാഴാഴ്ചയും മറ്റ് മൂന്ന് ചിത്രങ്ങളും വെള്ളിയാഴ്ചയുമാണ് തിയറ്ററുകളില്‍ എത്തിയത്
കൊവിഡ് കാലത്ത് ഭീമമായ തകര്‍ച്ച നേരിട്ട വ്യവസായങ്ങളുടെ കൂട്ടത്തില്‍ സിനിമാ മേഖലയും ഉണ്ടായിരുന്നു. ഒടിടി എന്ന ഒരു പുതുവഴിയിലൂടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സിനിമാവ്യവസായത്തിന്‍റെ ജീവനാഡിയായ തിയറ്ററുകള്‍ മാസങ്ങളോളം അടച്ചിടേണ്ടിവന്നത് കനത്ത തിരിച്ചടിയാണ് സിനിമാ വ്യവസായത്തിന് സമ്മാനിച്ചത്. കൊവിഡ് അവസാനിച്ച് തിയറ്ററുകള്‍ തുറന്നപ്പോള്‍ പ്രേക്ഷകര്‍ പഴയതുപോലെ എത്തുന്നില്ല എന്നത് ആശങ്കയായി തുടര്‍ന്നു. പതിയെ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ വിജയം നേടിത്തുടങ്ങിയപ്പോഴും ബോളിവുഡിന് വിജയം അകന്നുനിന്നു. അവസാനം ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലൂടെ ബോളിവുഡും പഴയ മട്ടിലുള്ള ഒരു വിജയം നേടിയെടുത്തു. ഇടയ്ക്ക് വന്‍ വിജയങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും തങ്ങള്‍ പഴയ ട്രാക്കിലേക്ക് തിരിച്ചെത്തി എന്ന് സിനിമാ ഇന്‍ഡസ്ട്രി ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്നില്ല, എന്നാല്‍ ഇന്നലെ അവസാനിച്ച വാരാന്ത്യത്തോടെ രാജ്യത്തെ സിനിമാവ്യവസായം ഇക്കാലമത്രയും കാത്തിരുന്നത് സംഭവിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ മേഖല തിയറ്റര്‍ കളക്ഷനില്‍ ഒരു വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നു.
സ്വാതന്ത്ര്യദിനത്തിന് മുന്‍പുള്ള വാരാന്ത്യം വിവിധ ഭാഷകളില്‍ നിന്നായി വന്‍ റിലീസുകളാണ് തിയറ്ററുകളില്‍ എത്തിയത്. രജനികാന്ത് നായകനാവുന്ന തമിഴ് ചിത്രം ജയിലര്‍ ആണ് അക്കൂട്ടത്തില്‍ പ്രധാനം. തെലുങ്കില്‍ നിന്ന് ചിരഞ്ജീവി ചിത്രം ഭോലാ ശങ്കറും ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാര്‍ ചിത്രം ഒഎംജി 2 ഉും സണ്ണി ഡിയോള്‍ ചിത്രം ഗദര്‍ 2 ഉും ഈ വാരാന്ത്യത്തില്‍ പ്രദര്‍ശനത്തിനെത്തി. ഇതില്‍ ജയിലര്‍ മാത്രം വ്യാഴാഴ്ചയും മറ്റ് മൂന്ന് ബിഗ് റിലീസുകളും വെള്ളിയാഴ്ചയുമാണ് എത്തിയത്.
ഹൈപ്പ് പോലെ തന്നെ ജയിലറിനാണ് ഏറ്റവുമധികം കൈയടികളും കളക്ഷനും ലഭിച്ചത്. ഭോലാ ശങ്കറിന് കാര്യമായ പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടാനാവാതെ പോയപ്പോള്‍ ബോളിവുഡില്‍ ഇരു ചിത്രങ്ങളും മികച്ച കളക്ഷന്‍ നേടുന്നുണ്ട്. അക്ഷയ് കുമാര്‍ ചിത്രത്തെ അപേക്ഷിച്ച് കളക്ഷനില്‍ ഏറെ മുന്നില്‍ സണ്ണി ഡിയോള്‍ ചിത്രമാണെങ്കിലും. നാല് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ലഭിച്ചത് ജയിലറിന് വലിയ ഗുണമായി ഭവിച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ ദേശീയ, അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയ കളക്ഷനെക്കുറിച്ച് ഔദ്യോഗികമായും അനൌദ്യോഗികമായുമുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഈ നാല് ചിത്രങ്ങളും ചേര്‍ന്ന് ഇന്ത്യന്‍ ബോക്സ് ഓഫീസിന് മൊത്തത്തില്‍ ഉണ്ടാക്കിയിരിക്കുന്ന നേട്ടം ശരിക്കും ചരിത്രമാണ്! ഇതേക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഇന്ത്യയിലെ മള്‍ട്ടിപെക്സുകളുടെ പ്രധാന കൂട്ടായ്മയായ മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും ചേര്‍ന്ന് ഒരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍.
ഇക്കഴിഞ്ഞ മൂന്ന് വാരാന്ത്യ ദിനങ്ങളിലായി (11, 13) രാജ്യമാകെയുള്ള സിനിമാ തിയറ്ററുകളിലേക്ക് എത്തിയ സിനിമാപ്രേമികളുടെ ആകെ എണ്ണം 2.10 കോടിക്ക് മുകളിലാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ മൂന്ന് ദിവസങ്ങളിലായി ഈ നാല് പ്രധാന ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയ കളക്ഷന്‍ 390 കോടിയില്‍ അധികമാണെന്നും. 2.10 കോടി ആളുകള്‍ തിയറ്ററുകളിലെത്തിയ വാരാന്ത്യമെന്നത് കൊവിഡ് കാലത്തിന് ശേഷമെന്നല്ല കഴിഞ്ഞ 10 വര്‍ഷത്തെ റെക്കോര്‍ഡ് ആണ്. വാരാന്ത്യത്തില്‍ 390 കോടി എന്നത് ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷത്തിലധികമുള്ള ചരിത്രത്തില്‍ ആദ്യമായാണ്! ചിത്രങ്ങളുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും നന്ദി അറിയിച്ചുകൊണ്ടുള്ളതാണ്, ഇന്ത്യന്‍ സിനിമ ട്രാക്കിലേക്ക് തിരിച്ചെത്തിയെന്ന് ആത്മവിശ്വാസത്തോടെ ഈ സംഘടനകള്‍ അറിയിക്കുന്നത്.
അതേസമയം ജയിലര്‍ തിയറ്ററുകളിലെത്തിയ വ്യാഴാഴ്ച ദിവസത്തെ കളക്ഷന്‍ കൂട്ടാതെയാണ് ഈ 390 കോടി എന്നതാണ് ശ്രദ്ധേയം. അതേസമയം ചൊവ്വാഴ്ച സ്വാതന്ത്ര്യദിന അവധി ആയതിനാല്‍ ഇന്നും നാളെയും തിയറ്ററുകള്‍ നിറയുമെന്നാണ് സിനിമാ വ്യവസായത്തിന്‍റെ പ്രതീക്ഷ. വരാനിരിക്കുന്ന സിനിമകളുടെയൊക്കെ അണിയറക്കാര്‍ക്ക് ആവേശവും ആശ്വാസവും പകരുന്നതാണ് ഈ നേട്ടം. ജയിലര്‍ നിറഞ്ഞ് കവിയുന്ന കേരളത്തിലെ തിയറ്ററുകള്‍ക്ക് ഉടന്‍ ആരംഭിക്കുന്ന ഓണം സീസണാണ് അടുത്ത പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം