അക്ഷയ് കുമാറും കങ്കണയും പരാജയപ്പെട്ടിടത്ത് വിജയ കിരീടവുമായി കാര്‍ത്തിക് ആര്യന്‍; 'ഭൂല്‍ ഭുലയ്യ 2' നേടിയത്

ജൂണ്‍ 3ന് തിയറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രത്തിന്‍റെ ബജറ്റ് 200 കോടി ആയിരുന്നു. എന്നാല്‍ ആദ്യ വാരത്തില്‍ നേടാനായത് 54.75 കോടിയും

Bhool Bhulaiyaa 2 box office success amidst failures of dhaakad and samrat prithviraj

ബോളിവുഡ് ഈ വര്‍ഷം വലിയ ബോക്സ് ഓഫീസ് നേട്ടം പ്രതീക്ഷിച്ചിരുന്ന രണ്ട് പ്രധാന ചിത്രങ്ങളാണ് കഴിഞ്ഞ വാരങ്ങളില്‍ തിയറ്ററുകളിലെത്തിയത്. അക്ഷയ് കുമാര്‍ നായകനായ സാമ്രാട്ട് പൃഥ്വിരാജും (Samrat Prithviraj) കങ്കണ റണൌത്ത് നായികയായ ധാക്കഡും (Dhaakad). എന്നാല്‍ ബോളിവുഡിലെ ഒട്ടുമുക്കാല്‍ ചിത്രങ്ങളും സമീപകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്ന വന്‍ പരാജയങ്ങളുടെ തുടര്‍ച്ചയാവാനായിരുന്നു ഈ രണ്ട് ചിത്രങ്ങളുടെയും നിയോഗം. 

ജൂണ്‍ 3ന് തിയറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രത്തിന്‍റെ ബജറ്റ് 200 കോടി ആയിരുന്നു. എന്നാല്‍ ആദ്യ വാരത്തില്‍ നേടാനായത് 54.75 കോടിയും. ചിത്രം തങ്ങള്‍ക്കുണ്ടാക്കിയ നഷ്ടം നികത്താന്‍ അക്ഷയ് കുമാര്‍ തയ്യാറാവണമെന്ന ആവശ്യവുമായി ബിഹാറിലെ വിതരണക്കാര്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്കു നേരിട്ട നഷ്ടം കുറക്കാന്‍ നേരത്തെ നിശ്ചയിച്ചതിലും വേഗത്തില്‍ ഒടിടി റിലീസിന് നിര്‍മ്മാതാക്കള്‍ തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കങ്കണയുടെ ധാക്കഡിനും പറയാനുള്ളത് വന്‍ പരാജയത്തിന്‍റെ കഥയാണ്. ആദ്യ വാരങ്ങളില്‍ തന്നെ ആവശ്യത്തിന് പ്രേക്ഷകര്‍ എത്താത്തതിനാല്‍ പ്രധാന സെന്‍ററുകളിലടക്കം ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ കാന്‍സല്‍ ചെയ്യേണ്ടിവന്നിരുന്നു. 

അതേസമയം ബോളിവുഡിനെ സംബന്ധിച്ച് വലിയ പ്രതീക്ഷ പുലര്‍ത്താതിരുന്ന ഭൂല്‍ ഭുലയ്യ 2 (Bhool Bhulaiyaa 2) തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ്. ധാക്കഡ് റിലീസ് ചെയ്യപ്പെട്ട മെയ് 20നു തന്നെ തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യന്‍ തിയറ്ററുകളില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 167.72 കോടി രൂപയാണ്. ഇന്നലെ മാത്രം ചിത്രം 3.01 കോടി നേടിയിരുന്നു. 

ALSO READ : കേരളത്തില്‍ കുതിപ്പ് തുടര്‍ന്ന് വിക്രം; 9 ദിവസത്തെ നേട്ടം

കാര്‍ത്തിക് ആര്യനൊപ്പം തബുവും കിയാര അദ്വാനിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 2007ല്‍ പുറത്തെത്തിയ ഭൂല്‍ ഭുലയ്യയുടെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആണ് ഇത്. മണിച്ചിത്രത്താഴിന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആയിരുന്നു ഭൂല്‍ ഭുലയ്യ. എന്നാല്‍ രണ്ടാംഭാഗം സംവിധാനം ചെയ്‍തിരിക്കുന്നത് അനീസ് ബസ്‍മിയാണ്. ഫര്‍ഹാദ് സാംജി, ആകാശ് കൌശിക് എന്നിവരാണ് ചിത്രത്തിന്‍റെ രചന. ആകാശ് കൌശികിന്‍റേതാണ് കഥ. ടി സിരീസ് ഫിലിംസ്, സിനി 1 സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഭൂഷന്‍ കുമാര്‍, മുറാദ് ഖേതേനി, ക്രിഷന്‍ കുമാര്‍, അന്‍ജും ഖേതേനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രാജ്‍പാല്‍ യാദവ്, അമര്‍ ഉപാധ്യായ്, സഞ്ജയ് മിശ്ര, അശ്വിനി കല്‍സേക്കര്‍, മിലിന്ദ് ഗുണജി, കാംവീര്‍ ചൌധരി, രാജേഷ് ശര്‍മ്മ, സമര്‍ഥ് ചൌഹാന്‍, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മനു ആനന്ദ്, എഡിറ്റിംഗ് ബണ്ടി നാഗി. 

Latest Videos
Follow Us:
Download App:
  • android
  • ios