Bheeshma Parvam : 'മൈക്കിള്‍' തരംഗം അവസാനിക്കുന്നില്ല; ആഗോള ബോക്സ് ഓഫീസില്‍ 75 കോടിയുമായി ഭീഷ്‍മ പര്‍വ്വം
ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം 50 കോടി നേടിയിരുന്നു
കൊവിഡ് എത്തിയതിനു ശേഷമുള്ള കാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് അമല്‍ നീരദിന്‍റെ (Amal Neerad) മമ്മൂട്ടി ചിത്രം ഭീഷ്‍മ പര്‍വ്വം. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന്‍റെ റിലീസ് മാര്‍ച്ച് 3ന് ആയിരുന്നു. ആദ്യദിനം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസിന്‍റെ ഒരാഴ്ചയ്ക്കുള്ളില്‍ 50 കോടി നേടിയ ചിത്രത്തിന്‍റെ പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 75 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചിട്ടുണ്ടെന്ന് ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍ എം ട്വീറ്റ് ചെയ്‍തു. കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയ ഗ്രോസ് 40 കോടി ആണെന്നും കൗശിക് അറിയിക്കുന്നു.
ആദ്യ വാരാന്ത്യത്തില്‍ മിക്ക റിലീസിംഗ് സെന്‍ററുകളിലും ഹൗസ്‍ഫുള്‍ ഷോകള്‍ ലഭിച്ച ചിത്രത്തിന് ഈ വാരാന്ത്യത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തില്‍ സിനിമാ പ്രേക്ഷകരുടെ ആദ്യ ചോയ്സ് റിലീസിന്‍റെ മൂന്നാം വാരത്തിലും ഭീഷ്‍മ പര്‍വ്വം (Bheeshma Parvam) ആണ്. സമാനമായ താരമൂല്യവും കാന്‍വാസിന്‍റെ വലുപ്പവുമുള്ള മറ്റൊരു ചിത്രം ഇല്ല എന്നതും ഭീഷ്‍മയ്ക്ക് ബോക്സ് ഓഫീസില്‍ ഗുണമാണ്. മൂന്നാം വാരത്തിന്‍റെ തുടക്കത്തിലും കാണികളുടെ എണ്ണത്തില്‍ വലിയ ഡ്രോപ്പ് അനുഭവപ്പെടാത്തതിനാല്‍ ചിത്രം അനായാസം 100 കോടി ക്ലബ്ബിലും അതിനു മുകലിലേക്കും എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പൊതു വിലയിരുത്തല്‍. സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ച ചിത്രം കൂടിയാണ് ഭീഷ്‍മ പര്‍വ്വം എന്നത് ചിത്രം നേടിയ ജനപ്രീതിയുടെ അളവിനെ തീര്‍ച്ഛപ്പെടുത്തുന്നുണ്ട്.
ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം മറ്റു സംസ്ഥാന കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബംഗളൂരു വിട്ടാല്‍ മലയാള സിനിമയ്ക്ക് വലിയ പ്രേക്ഷകവൃന്ദമില്ലാത്ത കര്‍ണാടകയില്‍ പോലും മികച്ച കളക്ഷനാണ് ചിത്രത്തിന്. ബംഗളൂരുവിലെ മികച്ച സ്ക്രീന്‍ കൗണ്ട് കൂടാതെ മംഗളൂരിലും മൈസൂരിലും കുന്താപുരയിലുമൊക്കെ ചിത്രത്തിന് റിലീസിംഗ് സെന്‍ററുകള്‍ ഉണ്ടായിരുന്നു. ആകെ 46 റിലീസിംഗ് സെന്‍ററുകളായിരുന്നു ചിത്രത്തിന് അവിടെ. ലഭ്യമായ കണക്കുകള്‍ പ്രകാരം ആദ്യ ഒരാഴ്ച കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് ചിത്രം നേടിയത് 3.18 കോടി രൂപയാണെന്ന് ബോക്സ് ഓഫീസ് കര്‍ണ്ണാടക എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്‍തിരുന്നു. ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 2.70 കോടിയാണെന്നും അവര്‍ അറിയിച്ചു.
സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് ഇത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും (Mammootty) ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യ ബിഗ് റിലീസ് എന്നതും ചിത്രത്തിന് ഗുണമായി.