നെഗറ്റീവ് റിവ്യൂവിലും 'കെജിഎഫ് 2'ലും വീണില്ല, ഏറ്റവും വേഗത്തില്‍ 100 കോടിയിലെത്തുന്ന തമിഴ് ചിത്രമായി ബീസ്റ്റ്

ഹൈപ്പിനൊപ്പം എത്താതെപോയ ചിത്രം

beast fastest 100 crore tamil movie ever kgf chapter 2 vijay nelson dilipkumar

കോളിവുഡില്‍ നിര്‍മ്മാതാക്കള്‍ ഇന്ന് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കാണുന്ന താരങ്ങളില്‍ പ്രധാനിയാണ്  വിജയ്. സമീപകാലത്ത് വിജയ് ചിത്രങ്ങള്‍ നേടിയ ബോക്സ് ഓഫീസ് കളക്ഷനാണ് ഇതിനു കാരണം. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തമിഴ് സിനിമാപ്രേമികളെ തിയറ്ററുകളിലേത്ത് തിരികെയെത്തിച്ചത് വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ ആയിരുന്നു. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം എത്തുന്ന വിജയ് ചിത്രം എന്ന നിലയില്‍ വന്‍ പ്രീ- റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ബീസ്റ്റ്. കൂടാതെ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള വിജയ ചിത്രങ്ങള്‍ ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം എന്നതും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തിയ ഘടകമാണ്. എന്നാല്‍ ആദ്യദിനം തന്നെ ഭൂരിഭാ​ഗം പ്രേക്ഷകരില്‍ നിന്നും നെ​ഗറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. വന്‍ പ്രതീക്ഷാഭാരവുമായി എത്തുന്ന ചിത്രങ്ങള്‍ക്ക് ആദ്യദിനം നെ​ഗറ്റീവ് റിവ്യൂസ് വന്നാല്‍ അത് ബോക്സ് ഓഫീസില്‍ ദുരന്തമാവുമെന്ന പതിവ് പക്ഷേ ബീസ്റ്റ് മറികടന്നിരിക്കുകയാണ്. എന്നു മാത്രമല്ല ചിത്രം ചില കളക്ഷന്‍ റെക്കോര്‍ഡുകളും സ്വന്തം പേരില്‍ ആക്കിയിട്ടുണ്ട്.

രണ്ട് ദിവസം കൊണ്ടുതന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഏറ്റവും വേ​ഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന തമിഴ് ചിത്രം ആയിരിക്കുകയാണ് ബീസ്റ്റ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷം എത്തുന്ന പ്രധാന തമിഴ് റിലീസ് എന്ന തരത്തില്‍ ബീസ്റ്റ് നേടിയ ബോക്സ് ഓഫീസ് പ്രതികരണത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് തമിഴ്നാട് തിയറ്റര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് തിരുപ്പൂര്‍ സുബ്രഹ്മണ്യം ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിട്ടുണ്ട്. വിജയ്‍യുടെ കഴിഞ്ഞ ചിത്രം മാസ്റ്റര്‍ എത്തുന്ന സമയത്ത് 50 ശതമാനം പ്രവേശനമായിരുന്നു തിയറ്ററുകളില്‍. ആദ്യദിനം വ്യാപകമായി പ്രചരിച്ച നെ​ഗറ്റീവ് റിവ്യൂസിലും പിറ്റേന്ന് റിലീസ് ആയ പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2ലും ബീസ്റ്റ് അമ്പേ വീണില്ല എന്നതാണ് കണക്കുകള്‍ തെളിയിക്കുന്നത്. ചിത്രം ആകെ നേടാനിടയുണ്ടായിരുന്ന ​ഗ്രോസിനെ ഈ ഘടകങ്ങള്‍ നെ​ഗറ്റീവ് ആയി സ്വാധീനിച്ചേക്കാം.

ചിത്രത്തിന്‍റെ പ്രീ-റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കെല്ലാം വന്‍ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചിരുന്നത്. വീരരാഘവന്‍ എന്ന സീനിയര്‍ റോ ഉദ്യോ​ഗസ്ഥന്‍ ആണ് വിജയ്‍യുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട്. എക്സ്പ്ലോസീവുകള്‍ ഏറെ ഉപയോഗിച്ചിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ ട്രാക്കുകളും ട്രെയ്‍ലര്‍ ഒരു ആവേശകരമായ അനുഭവമാക്കി മാറ്റുന്നുണ്ട്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, കലാസംവിധാനം ഡി ആര്‍ കെ കിരണ്‍, വസ്ത്രാലങ്കാരം വി സായ്, പല്ലവി സിംഗ്, മേക്കപ്പ് പി നടരാജന്‍, വിഎഫ്എക്സ് ബിജോയ് അര്‍പ്പുതരാജ്, ഫാന്‍റം എഫ്എക്സ്, സ്റ്റണ്ട് അന്‍പറിവ്, നൃത്തസംവിധാനം ജാനി, ഗോപി പ്രസന്ന.

Latest Videos
Follow Us:
Download App:
  • android
  • ios