പൃഥ്വിരാജിന്‍റെ വില്ലൻ വേഷം തെന്നിന്ത്യയിൽ തുണയായോ? 'ബഡേ മിയാൻ' തെന്നിന്ത്യൻ ഭാഷാ പതിപ്പുകൾ നേടിയ കളക്ഷൻ
ഈദ് റിലീസ് ആയി ഏപ്രില്‍ 10 ന് പ്രദര്‍ശനമാരംഭിച്ച ചിത്രം
സിനിമകള്‍ ഭാഷാതീതമായി പ്രേക്ഷകരെ കണ്ടെത്തുന്ന കാലമാണ് ഇത്. ഏത് ഭാഷകളിലെയും ബിഗ് ബജറ്റ് ചിത്രങ്ങളില്‍ മറുഭാഷകളില്‍ നിന്നുള്ള ശ്രദ്ധേയ അഭിനേതാക്കളെ കൊണ്ടുവരുന്നത് അടുത്തിടെ വലിയ ട്രെന്‍ഡ് ആയതിന് പ്രധാന കാരണവും അതുതന്നെ. മലയാളത്തില്‍ നിന്ന് സമീപകാലത്ത് മറുഭാഷാ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ഒരാള്‍ പൃഥ്വിരാജ് സുകുമാരനാണ്. പ്രഭാസ് നായകനായ തെലുങ്ക് ചിത്രം സലാറിന് പിന്നാലെ പൃഥ്വി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം, അക്ഷയ് കുമാറിന്‍റെ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ഇപ്പോള്‍ തിയറ്ററുകളിലുണ്ട്.
ഈദ് റിലീസ് ആയി ഏപ്രില്‍ 10 ന് പ്രദര്‍ശനമാരംഭിച്ച ചിത്രത്തിന് പക്ഷേ സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചത്. അക്ഷയ് കുമാറിന്‍റെ പഴയ ബോക്സ് ഓഫീസ് പവര്‍ പരിശോധിക്കുമ്പോള്‍ ആവേശം കുറഞ്ഞ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 96.18 കോടി നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇതിന്‍റെ പകുതിയോളമാണ് (45 കോടി) ഇന്ത്യന്‍ കളക്ഷന്‍. എന്നാല്‍ അതിന്‍റെ ബഹുഭൂരിപക്ഷവും ഹിന്ദി പതിപ്പില്‍ നിന്ന് തന്നെയാണ്. പൃഥ്വിരാജിന്‍റെ വില്ലന്‍ വേഷം തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളുടെ കളക്ഷനെ ഗുണപരമായി സ്വാധീനിച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷാ പതിപ്പുകളും ഒരേ ദിവസം തിയറ്ററുകളില്‍ എത്തിയിരുന്നു. എന്നാല്‍ തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളെല്ലാം ചേര്‍ന്ന് കഴിഞ്ഞ ദിവസം വരെ നേടിയത് വെറും 55 ലക്ഷം രൂപയാണെന്ന് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് അറിയിക്കുന്നു. ഇതില്‍ തമിഴ് പതിപ്പ് ആണ് കളക്ഷനില്‍ മുന്നില്‍. 29 ലക്ഷമാണ് തമിഴ് നേടിയത്. തൊട്ടുപിന്നില്‍ തെലുങ്ക് പതിപ്പും. 24 ലക്ഷമാണ് തെലുങ്ക് പതിപ്പ് നേടിയ കളക്ഷന്‍.