Attack Box Office : 'ആർആർആർ' തരം​ഗം; ബോക്സ് ഓഫീസിൽ കിതച്ച് ജോൺ എബ്രഹാമിന്‍റെ അറ്റാക്ക്

ആര്‍ആര്‍ആര്‍ എത്തി ഒരാഴ്ചയ്ക്കു ശേഷമാണ് ജോണ്‍ എബ്രഹാം ചിത്രം റിലീസ് ചെയ്യപ്പെട്ടത്

attack box office hurt by rrr john abraham ss rajamouli ram charan jr ntr

ഇന്ത്യൻ ബോക്സ് ഓഫീസിൽ ബോളിവുഡ് ഏറെക്കാലം കൈയടക്കിവച്ചിരുന്ന അധീശത്വം പഴങ്കഥയായി മാറുകയാണ്. തെന്നിന്ത്യൻ സിനിമകൾ, വിശേഷിച്ചും തെലുങ്ക് സിനിമകൾ ബോളിവുഡ് ചിത്രങ്ങളേക്കാൾ മികച്ച പ്രതികരണം നേടുകയാണ് ബോക്സ് ഓഫീസിൽ. രാജമൗലിയുടെ ബാഹുബലി ഈ ട്രെൻഡിന് തുടക്കമിട്ടപ്പോൾ അത് യഥാർഥത്തിൽ ഒരു തുടക്കമാവുമെന്ന് പലരും കരുതിയിരുന്നില്ല. എന്നാൽ ബാഹുബലി രണ്ടാം ഭാഗവും അല്ലു അർജുന്റെ പുഷ്‍പയും ഇപ്പോഴിതാ രാജമൗലിയുടെ തന്നെ ആർആർആറും (RRR) ഇന്ത്യയൊട്ടാകെ മികച്ച പ്രതികരണങ്ങൾ നേടുകയാണ്. കെജിഎഫിലൂടെ കന്നഡ സിനിമയും പാൻ ഇന്ത്യൻ റീച്ചിലേക്കും ബോക്സ് ഓഫീസ് വിജയത്തിലേക്കും എത്തിയിരുന്നു. ഒരേ സമയം തിയറ്ററുകളിലെത്തുന്ന വൻ ക്യാൻവാസിലെത്തുന്ന തെന്നിന്ത്യൻ ചിത്രങ്ങളെ ഭയക്കേണ്ട സാഹചര്യത്തിലാണ് നിലവിൽ ബോളിവുഡ് വ്യവസായം. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജോൺ എബ്രഹാം നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം അറ്റാക്കിന് (Attack) ബോക്സ് ഓഫീസിൽ ലഭിക്കുന്ന തണുപ്പൻ പ്രതികരണം.

ദ് ഹോളിഡേ ഉൾപ്പെടെയുള്ള സിരീസുകളുടെ സംവിധായകൻ ലക്ഷ്യ രാജ് ആനന്ദ് സംവിധാനം ചെയ്‍തിരിക്കുന്ന അറ്റാക്കിൽ ജോൺ സൈനിക വേഷത്തിലാണ് എത്തുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിലെ ജോണിൻറെ നായക കഥാപാത്രത്തെ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ സോൾജ്യർ എന്നാണ് അണിയറക്കാർ വിശേഷിപ്പിച്ചിരിക്കുന്നത്. സൈനിക പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ സമീപകാലത്ത് നേടിയ വിജയങ്ങൾ പരിഗണിച്ച് ബോളിവുഡ് മിനിമം ഗ്യാരൻറി പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ആ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്ന പ്രതികരണമാണ് ബോക്സ് ഓഫീസിൽ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 3.51 കോടി മാത്രമായിരുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശിന്റെ കണക്ക് ആണിത്. സുമിത് കദേൽ എന്ന മറ്റൊരു ട്രേഡ് അനലിസ്റ്റിൻറെ കണക്കു പ്രകാരം ചിത്രത്തിൻറെ രണ്ടാംദിന കളക്ഷൻ 3.25 കോടി മാത്രമാണ്.

ഒരു ബോളിവുഡ് ചിത്രം എന്നത് പരിഗണിക്കുമ്പോള്‍ മോശം കളക്ഷനാണ് ഇത്. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഇത്രയും തണുപ്പന്‍ പ്രതികരണം ഉണ്ടായതിന്‍റെ പ്രധാന കാരണം രാജമൗലി ചിത്രം ആര്‍ആര്‍ആറിന്‍റെ സാന്നിധ്യമാണെന്നാണ് തരണ്‍ ആദര്‍ശിന്റെ വിലയിരുത്തല്‍. ചെറു പട്ടണങ്ങളിലെ ബിഗ് സ്ക്രീനുകളിലാണ് ചിത്രത്തിന് ആര്‍ആര്‍ആറിന്‍റെ ശക്തമായ മത്സരം നേരിടേണ്ടിവന്നത്. ഒപ്പം മെട്രോ നഗരങ്ങളിലെ മള്‍ട്ടിപ്ലെക്സുകളിലും ചിത്രം വിചാരിച്ച നേട്ടം ഉണ്ടാക്കിയില്ല. 

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ആര്‍ആര്‍ആര്‍. ആദ്യ വാരം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് 710 കോടിയാണ്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം ആദ്യവാരം ഇന്ത്യയില്‍ നിന്ന് നേടിയത് 132.59 കോടിയാണ്. കൊവിഡിനു ശേഷം ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ വാര ഗ്രോസ് കളക്ഷനും ആര്‍ആര്‍ആര്‍ ഹിന്ദി പതിപ്പ് സ്വന്തം പേരില്‍ ആക്കി. സൂര്യവന്‍ശി, ദ് കശ്മീര്‍ ഫയല്‍സ്, 83, ഗംഗുഭായ് കത്തിയവാഡി എന്നീ സമീപകാല ബോളിവുഡ് ഹിറ്റുകളെയെല്ലാം ആര്‍ആര്‍ആര്‍ ഹിന്ദി പതിപ്പ് പിന്നിലാക്കിയിരിക്കുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios