ബജറ്റ് 85 കോടി, ഒരാഴ്ചയ്ക്കുള്ളിൽ 100 കോടിയായി തിരിച്ചുപിടിച്ച് 'ഗോഡ് ഫാദർ' !
ഒക്ടോബര്‍ 5നാണ് മോഹൻ രാജ സംവിധാനം ചെയ്ത ഗോഡ് ഫാദർ തിയറ്ററുകളിൽ എത്തിയത്.
പ്രഖ്യാപന സമയം മുതൽ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് 'ഗോഡ് ഫാദർ'. ചിരഞ്ജീവി നായകനായി എത്തിയ ചിത്രം, മലയാളത്തിലെ ബ്ലോക് ബസ്റ്ററുകളിൽ ഒന്നായ ലൂസിഫറിന്റെ റീമേക്ക് ആണ്. നയൻതാര നായികയായി എത്തിയ ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് തിയറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
100 കോടിയാണ് ചിത്രത്തിന്റെ ഒരാഴ്ചത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം ആകെ നേടിയ ഗ്രോസ് 69.12 കോടിയാണ്. 85 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്. മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്ന ലൂസിഫര്‍ എട്ട് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ സല്‍മാന്‍ ഖാൻ ആണ് ഗോഡ് ഫാദറിൽ എത്തിയത്.
ഒക്ടോബര്‍ 5നാണ് മോഹൻ രാജ സംവിധാനം ചെയ്ത ഗോഡ് ഫാദർ തിയറ്ററുകളിൽ എത്തിയത്. ചിത്രം വിജയകരമാക്കിയതിന് പ്രേക്ഷകർക്ക് നന്ദി അറിയിച്ച് ചിരഞ്ജീവി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'ഞങ്ങളുടെ ചിത്രം ഗോഡ്ഫാദറിന് നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദി. നിങ്ങൾ ഇതൊരു പാൻ ഇന്ത്യൻ സിനിമയാക്കി. എന്റെ
എല്ലാ ആരാധകർക്ക് നന്ദി പറയുന്നു. ജയ് ഹിന്ദ്', എന്നാണ് ചിരഞ്ജീവി പറഞ്ഞത്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍.