ബോളിവുഡിനെ രക്ഷിക്കുമോ 'രക്ഷാബന്ധന്‍' ? അക്ഷയ് കുമാർ ചിത്രം ആദ്യദിനം നേടിയത്
രക്ഷാബന്ധന്റെ ആദ്യദിന കണക്കുകൾ പുറത്ത് വരുമ്പോൾ 'സാമ്രാട്ട് പൃഥ്വിരാജി'നേക്കാൾ മോശമായ ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.
ഒരു വർഷത്തിലേറെ ആയി ദയനീയ പരാജയങ്ങൾ ഏറ്റുവാങ്ങുകയാണ് ബോളിവുഡ് ചിത്രങ്ങൾ. സൂപ്പർ താര ചിത്രങ്ങളടക്കം ഇക്കൂട്ടത്തിൽ പെടും. വൻ ഹൈപ്പോടുകൂടി എത്തിയ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് പോലും ബോക്സ് ഓഫീസിൽ പിടിച്ചുനിൽക്കാനായില്ല. ഭൂൽ ഭൂലയ്യ 2, ദ കശ്മീർ ഫയൽസ്, ഗംഗുഭായ് എന്നീ ചിത്രങ്ങൾക്ക് മാത്രമാണ് ഒരുപരിധിവരെ ബോളിവുഡിനെ കൈപിടിച്ചുയർത്താൻ സാധിച്ചിരുന്നത്. തിയറ്ററുകളിൽ സമീപകാലത്തായി പരാജയങ്ങൾ ഏറ്റുവാങ്ങിയ താരമാണ് അക്ഷയ് കുമാർ. സാമ്രാട്ട് പൃഥ്വിരാജ്, ബച്ചന്‍ പാണ്ഡെ തുടങ്ങിയ ചിത്രങ്ങൾക്ക് വൻ പരാജയമാണ് നേരിടേണ്ടിവന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ 'രക്ഷാബന്ധന്‍' എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിവരമാണ് പുറത്തുവരുന്നത്.
രക്ഷാബന്ധന്റെ ആദ്യദിന കണക്കുകൾ പുറത്ത് വരുമ്പോൾ 'സാമ്രാട്ട് പൃഥ്വിരാജി'നേക്കാൾ മോശമായ ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നതെന്ന് എൻഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 7.50- 8.50 കോടിവരെയാണ് ചിത്രത്തിന് ആദ്യ ദിനത്തിൽ നേടാനായത്. ബോളിവുഡിന്റെ പതിവുകളിൽ നിന്നും വളരെ താഴെയാണ് ഈ കണക്ക്. 'സാമ്രാട്ട് പൃഥ്വിരാജ്' ആദ്യദിനത്തിൽ 10 കോടി നേടിയിരുന്നു. അതേസമയം ഗുജറാത്ത് ഉൾപ്പടെയുള്ള ഇടങ്ങളിലെ തിയേറ്ററുകളിൽ 'ലാൽ സിംഗ് ചദ്ദ'യേക്കാൾ മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ആനന്ദ് സംവിധാനം ചെയ്ത ഫാമില എന്റർടെയ്ൻ ആണ്'രക്ഷാ ബന്ധൻ'. നാല് സഹോദരിമാരുടെ സഹോദരനാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ കഥാപാത്രം. അവരുടെ വിവാഹത്തിനു ശേഷം മാത്രം മതി ബാല്യ കാലസഖിയുമായുള്ള തന്‍റെ വിവാഹം എന്ന് തീരുമാനിച്ചയാളുമാണ് ഈ നായകന്‍. ഇവരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ചിത്രം പറയുന്നത്. ഭൂമി പട്‌നേകർ ആണ് നായിക.
കാലിടറിയ ബോളിവുഡ്; കരകയറാൻ വഴി എന്ത്?
തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയ സാഹചര്യത്തിൽ തന്റെ സിനിമാ തിരഞ്ഞെടുപ്പുകളെപ്പറ്റിയുള്ള പുതിയ തീരുമാനങ്ങൾ അക്ഷയ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ ചെയ്യാനാണ് തന്റെ ശ്രമമെന്ന് അക്ഷയ് പറയുന്നു. ഏതെങ്കിലും തരത്തിലുള്ള ഇമേജ് സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ ചെയ്യുന്ന ചിത്രങ്ങൾ കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നവയാണോ എന്ന് ഉറപ്പുവരുത്താറുണ്ട്. മോശമെന്ന് തോന്നുന്ന സിനിമകൾ ഇനി ചെയ്യില്ലെന്നും അക്ഷയ് കുമാർ പറഞ്ഞിരുന്നു.