പരാജയത്തിൽ നിന്നും സട കുടഞ്ഞെഴുന്നേൽക്കാൻ ബോളിവുഡ്; 100ലേക്ക് കുതിച്ച് 'ദൃശ്യം 2'
മുൻനിര നായക- ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് തുടരെ ലഭിച്ച വൻ പരാജയത്തിൽ നിന്നും ചിത്രം, ബോളിവുഡിനെ കൈപിടിച്ച് ഉയർത്തുകയാണ്.
അജയ് ദേവ്ഗൺ നായകനായി എത്തിയ 'ദൃശ്യം 2' ആണ് ഇപ്പോൾ ബേളിവുഡിലെ ചർച്ചാ വിഷയം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് ഒരിടവേളയ്ക്ക് ശേഷം ഉത്തരേന്ത്യൻ സിനിമാസ്വാദകരെ തിയറ്ററുകളിലേക്ക് എത്തിക്കാൻ സാധിച്ചുവെന്നത് തന്നെയാണ് അതിനുകാരണം. മുൻനിര നായക- ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് തുടരെ ലഭിച്ച വൻ പരാജയത്തിൽ നിന്നും ചിത്രം, ബോളിവുഡിനെ കൈപിടിച്ച് ഉയർത്തുകയാണ്. റിലീസ് ദിനം മുതൽ മികച്ച പ്രകടനമാണ് ചിത്രം ബോക്സ് ഓഫീസിൽ കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ ചിത്രം ഇതുവരെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ 76.01 കോടിയാണ് ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. വെള്ളി- 15.38 കോടി, ശനി- 21.59 ഞായർ- 27.17 കോടി, തിങ്കൾ- 11.87 കോടി എന്നിങ്ങനെയാണ് ചിത്രം ഇതുവരെ ഓരോ ദിവസവും നേടിയ കണക്ക്. ഈ വാരാന്ത്യം ആകുമ്പോഴേക്കും ദൃശ്യം 2 നൂറ് കോടി ക്ലബ്ബിൽ ഇടം പിടിക്കും എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ബോളിവുഡിന്‍റെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാവും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
അതേസമയം, മികച്ച സ്ക്രീൻ കൗണ്ടോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ 15.38 കോടിയാണ് ആദ്യദിനം സ്വന്തമാക്കിയത്. ഇതോടെ 2022ലെ ഹിന്ദി സിനിമകളിൽ ഏറ്റവും മികച്ച ആദ്യദിന കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന ഖ്യാതിയാണ് ദൃശ്യം 2വിന് സ്വന്തമായത്.
നവംബർ 18നാണ് മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. അജയ് ദേവ്‍ഗണ്‍, ശ്രിയ ശരൺ തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.