83 Box Office : സ്ക്രീനിലെ 'കപില്‍ ദേവി'നെ പ്രേക്ഷകര്‍ സ്വീകരിച്ചോ? '83'യുടെ 10 ദിവസത്തെ കളക്ഷന്‍
ബോളിവുഡിന്‍റെ പ്രധാന ക്രിസ്‍മസ് റിലീസ്
ബോളിവുഡ് വലിയ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ക്രിസ്‍മസ് റിലീസ് ആയിരുന്നു '83' (83 film). കപില്‍ ദേവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983ലെ വേള്‍ഡ് കപ്പ് വിജയം പ്രമേയമാക്കുന്ന ചിത്രം. കബീര്‍ ഖാന്‍ (Kabir Khan) സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ കപില്‍ ദേവിനെ അവതരിപ്പിച്ചിരിക്കുന്നത് രണ്‍വീര്‍ സിംഗ് (Ranveer Singh) ആണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലുമായി ഡിസംബര്‍ 24നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ചിരുന്നതുപോലെ വലിയ ചലനമൊന്നും ഉണ്ടാക്കിയില്ലെങ്കിലും ബോക്സ് ഓഫീസില്‍ (Box Office) വീഴാതെ പിടിച്ചുനില്‍ക്കുന്നുണ്ട് ചിത്രം.
എല്ലാ ഭാഷാ പതിപ്പുകളില്‍ നിന്നുമായി ആദ്യ 10 ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 91.27 കോടി രൂപയാണ്. ഞായറാഴ്ച 7.31 കോടിയും ശനിയാഴ്ച 7.73 കോടിയും വെള്ളിയാഴ്ച 4.36 കോടിയുമാണ് ചിത്രം നേടിയത്. വിദേശ മാര്‍ക്കറ്റുകളിലും ഭേദപ്പെട്ട കളക്ഷന്‍ നേടുന്നുണ്ട് ചിത്രം. രണ്ടാം വാരാന്ത്യത്തിനു ശേഷമുള്ള വിദേശ കളക്ഷന്‍ 7.09 മില്യണിലാണ് നില്‍ക്കുന്നത്. അതായത് 52.72 കോടി രൂപ. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്ക് പ്രകാരമാണിത്.
കബീര്‍ ഖാനൊപ്പം സഞ്ജയ് പൂരന്‍ സിംഗ് ചൗഹാന്‍, വസന്‍ ബാല എന്നിവര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയായിരിക്കുന്നത് ദീപിക പദുകോണ്‍ ആണ്. പങ്കജ് ത്രിപാഠി, താഹിര്‍ രാജ് ഭാസിന്‍, ജീവ, സാക്വിബ് സലീം, ജതിന്‍ സര്‍ണ, ചിരാഗ് പാട്ടീല്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റ്, ഫാന്‍റം ഫിലിംസ്, വിബ്രി മീഡിയ, കെ എ പ്രൊഡക്ഷന്‍സ്, നദിയാവാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്, കബീര്‍ ഖാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.