83 Box Office : സ്ക്രീനിലെ ലോക കപ്പ് വിജയം പ്രേക്ഷകര്‍ സ്വീകരിച്ചോ? '83' രണ്ടാഴ്ച കൊണ്ട് നേടിയത്
കപില്‍ ദേവിന്‍റെ വേഷത്തില്‍ രണ്‍വീര്‍ സിംഗ്
ബോളിവുഡില്‍ നിന്നുള്ള ഇത്തവണത്തെ പ്രധാന ക്രിസ്‍മസ് റിലീസ് ആയിരുന്നു '83'. കപില്‍ ദേവിന്‍റെ നേതൃത്വത്തില്‍ 1983ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയ ആദ്യ ലോകകപ്പ് വിജയം പ്രമേയമാക്കുന്ന സ്പോര്‍ട്‍സ് ഡ്രാമ ചിത്രം. കബീര്‍ ഖാന്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് ആണ് കപില്‍ ദേവിന്‍റെ റോളില്‍ എത്തിയത്. വന്‍ പ്രീ-റിലീസ് പബ്ലിസിറ്റിയോടെ എത്തിയ ചിത്രം പക്ഷേ പ്രതീക്ഷിച്ചത്ര വലിയൊരു വിജയമായില്ല. അതേസമയം ബോക്സ് ഓഫീസില്‍ വീണുമില്ല ചിത്രം. ചിത്രം ആദ്യ 15 ദിവസത്തില്‍ നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ഹിന്ദിക്കു പുറമെ നാല് തെന്നിന്ത്യന്‍ ഭാഷകലിലുമായി ഡിസംബര്‍ 24നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ആദ്യ 15 ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ 97.80 കോടിയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മറ്റൊരു 57.17 കോടി രൂപയും. അതായത് ആകെ ചിത്രം 15 ദിവസത്തില്‍ നേടിയിരിക്കുന്നത് 154.97 കോടിയാണ്. രാജ്യമാകെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് സംഖ്യകള്‍ ഏറെ മുന്നോട്ടുപോകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
ദീപിക പദുകോണ്‍ നായികയായെത്തിയ ചിത്രത്തില്‍ ജീവ, പങ്കജ് ത്രിപാഠി, തഹീര്‍ രാജ് ഭാസിന്‍, സാക്വിബ് സലിം, ജതിന്‍ സര്‍ണ, ചിരാഗ് പാട്ടീല്‍, ഡിങ്കര്‍ ശര്‍മ്മ, നിഷാന്ത് ദഹിയ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അസീം മിശ്രയാണ് ഛായാഗ്രഹണം. നിതിന്‍ ബൈദ് എഡിറ്റിംഗ്. പശ്ചാത്തല സംഗീതം ജൂലിയസ് പാക്കിയം, പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് പ്രീതം.