Asianet News MalayalamAsianet News Malayalam

മതില്‍ ചാടി 'രക്ഷപെടാന്‍' ഷിയാസ്; ഇതുവരെ കാണാത്ത കാഴ്ചകളുമായി ബിഗ് ബോസ്

ഷിയാസ് കരിമിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുകൊണ്ടായിരുന്നു തുടക്കം. തനിക്ക് പുറത്തുപോകണമെന്ന് മറ്റ് മത്സരാര്‍ഥികളോട് പറഞ്ഞ് അവരെ വിശ്വസിപ്പിക്കണമെന്നതായിരുന്നു ഷിയാസിന് ബിഗ് ബോസ് നല്‍കിയ ടാസ്‌ക്.

bigg boss have a surpise task for shiyas karim
Author
Thiruvananthapuram, First Published Sep 14, 2018, 11:31 PM IST | Last Updated Sep 19, 2018, 9:26 AM IST

ബിഗ് ബോസ് അവസാനപാദത്തിലേക്ക് കടന്നിരിക്കുകയാണ്. പുതിയ എപ്പിസോഡുകളിലേക്ക് മുന്നേറുന്തോറും കൂടുതല്‍ ആവേശകരമായ കാഴ്ചകളാണ് ബിഗ് ബോസ് ഹൗസില്‍. വെള്ളിയാഴ്ച (82-ാം ദിവസം) എപ്പിസോഡില്‍ ഇതുവരെയില്ലാത്ത തരം രഹസ്യ ടാസ്‌കുമായാണ് മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും ബിഗ് ബോസ് ഒരുപോലെ സര്‍പ്രൈസ് നല്‍കിയത്.

ഷിയാസ് കരിമിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുകൊണ്ടായിരുന്നു തുടക്കം. തനിക്ക് പുറത്തുപോകണമെന്ന് മറ്റ് മത്സരാര്‍ഥികളോട് പറഞ്ഞ് അവരെ വിശ്വസിപ്പിക്കണമെന്നതായിരുന്നു ഷിയാസിന് ബിഗ് ബോസ് നല്‍കിയ ടാസ്‌ക്. എന്നാല്‍ അതേസമയം കണ്‍ഫെഷന്‍ റൂമില്‍ ഷിയാസിനോട് ഇക്കാര്യം പറയുന്നത് ലിവിങ് റൂമിലെ ലൈവ് ടിവിയിലൂടെ മറ്റ് മത്സരാര്‍ഥികളെയും കാണിച്ചു ബിഗ് ബോസ്. ആവേശത്തോടെയാണ് തുടര്‍ന്ന് സാബുവിന്റെ നേതൃത്വത്തില്‍ ഷിയാസിന്റെ ടാസ്‌കിനെ പ്രോത്സാഹിപ്പിക്കാനും അതുവഴി അത് പൊളിക്കാനുമുള്ള പ്ലാനിംഗ് നടത്തിയത്.

പേളിയും അതിഥിയുമായി എന്തെങ്കിലും പറഞ്ഞ് വഴക്കുണ്ടാക്കി താന്‍ പുറത്തുപോകാനുള്ള ആഗ്രഹം പറയുമെന്നായിരുന്നു കണ്‍ഫെഷന്‍ റൂമില്‍ ഷിയാസ് പറഞ്ഞത്. എന്തിനാണ് കണ്‍ഫെഷന്‍ റൂമിലേക്ക് ബിഗ് ബോസ് വിളിപ്പിച്ചത് എന്ന മറ്റ് മത്സരാര്‍ഥികളുടെ ചോദ്യത്തിന് ഒരു രേഖയില്‍ ഒപ്പിടാനാണെന്നായിരുന്നു ഷിയാസിന്റെ പ്രതികരണം. എന്നാല്‍ ഷിയാസ് പോകാനുള്ള ആഗ്രഹം വെളിപ്പെടുത്തുന്നപക്ഷം ആദ്യം വേണ്ടെന്ന് പറയണമെന്നും പതിയെ പോകാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണമെന്നുമായിരുന്നു സാബുവിന്റെ പ്ലാനിംഗ്. ഇതനുസരിച്ച് ഷിയാസിന്റെ പുറത്തുപോകാനുള്ള ആഗ്രഹം നടപ്പാക്കിക്കൊടുക്കാമെന്ന മട്ടിലായി സാബുവും ബഷീറും ശ്രീനിയും അടക്കമുള്ളവര്‍. മതില്‍ ചാടി പോകാന്‍ കഴിയുമെന്നും അതിന് തങ്ങള്‍ സഹായിക്കാമെന്നും പറഞ്ഞ് അതിനായി ഷിയാസിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു പിന്നാലെ മത്സരാര്‍ഥികളില്‍ ഭൂരിഭാഗവും. മുറ്റത്ത് കിടക്കുന്ന കസേരകള്‍ അടുക്കി മതില്‍ ചാടാനുള്ള വഴിയും സാബുവും ബഷീറുമടക്കമുള്ളവര്‍ ഒരുക്കിക്കൊടുത്തു. ഇതിനിടെ ഷിയാസ് തന്റെ തുണികള്‍ കെട്ടിക്കൊണ്ടുവന്ന പ്ലാസ്റ്റിക് സഞ്ചികള്‍ സാബു മതിലിന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. മതിലിന് മുകളില്‍ എത്തിയ ഷിയാസ് അപ്പുറത്ത് ആസ്ബസ്റ്റോസിന്റെ മേല്‍ക്കൂരയാണെന്നും ചാടാനാവില്ലെന്നും പറഞ്ഞ് പിന്മാറുകയായിരുന്നു.

ഇത്രയുമായപ്പോഴേക്കും ബിഗ് ബോസ് എല്ലാവരെയും ലിവിംഗ് റൂമിലേക്ക് തിരികെ വിളിപ്പിച്ചു. ടാസ്‌ക് നന്നായി പൂര്‍ത്തിയാക്കിയെന്ന ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ ആഹ്ലാദത്തോടെയായിരുന്നു ഷിയാസിന്റെ പ്രതികരണം. എന്നാല്‍ ഈ 'രഹസ്യ ടാസ്‌കി'നെക്കുറിച്ച് തങ്ങള്‍ നേരത്തേ അറിഞ്ഞിരുന്നുവെന്ന മറ്റ് മത്സരാര്‍ഥികളുടെ വെളിപ്പെടുത്തല്‍ വന്നതോടെ ഷിയാസിന്റെ ആഹ്ലാദപ്രകടനം ചമ്മലിന് വഴിമാറി. എന്നാല്‍ ഷിയാസ് വളരെ നന്നായി ടാസ്‌ക് പൂര്‍ത്തിയാക്കിയെന്ന അഭിപ്രായം തന്നെയായിരുന്നു ബിഗ് ബോസിന്. ശേഷം സാബു വലിച്ചെറിഞ്ഞ വസ്ത്രക്കെട്ടുകളും എല്ലാവര്‍ക്കുമുള്ള ഭക്ഷണവും ഷിയാസിനുള്ള സമ്മാനമായി ബിഗ് ബോസ് സ്‌റ്റോര്‍ റൂമില്‍ എത്തിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios