മുരളി ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം
തിരുവനന്തപുരം: വേറിട്ട ശൈലി കൊണ്ട് മലയാള സിനിമയില്‍ തന്‍റേതായ ഇടം കണ്ടെത്തിയ നടൻ മുരളി ഓർമ്മയായിട്ട് ഇന്ന് എട്ടുവർഷം തികയുന്നു. മൂന്നര പതിറ്റാണ്ടുകാലം മലയാള സിനിമ, നാടക, സാഹിത്യരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു മുരളി.
താരമല്ലാത്ത മലയാളത്തിലെ മഹാനടന്‍. വാണിജ്യ സിനിമകളേയും കാലമൂല്യമുള്ള സിനിമകളേയും ഒരു പോലെ കണ്ട വ്യക്തിത്വം. മലയാളസിനിമയുടെ കരുത്തുറ്റ മുഖം. അതാണ് ഭരത് മുരളി. 79ല്‍ ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി ആണ് ആദ്യ ചിത്രമെങ്കിലും പഞ്ചാഗ്നിയിലെ വില്ലന്‍വേഷത്തിലൂടെയാണ് മലയാളികള്‍ ആ അഭിനയ പ്രതിഭയെ അടുത്തറിഞ്ഞത്.
ആധാരത്തിലെ ബാപ്പുട്ടി, അമരത്തിലെ കൊച്ചുരാമന്‍, വെങ്കലത്തിലെ ഗോപാലന്‍ മൂശാരി, ആകാശദൂതിലെ ജോണി, വളയത്തിലെ ശ്രീധരന്‍ അങ്ങനെ നിരവധി കഥാപാത്രങ്ങള്‍.
മനസ്സുകൊണ്ട് വലിയ മനുഷ്യസ്നേഹി ആയിരുന്നുവെങ്കിലും പരുക്കന്‍ കഥപാത്രങ്ങള്‍ക്കായി സംവിധായകര്‍ ആദ്യം തിരയുന്ന മുഖമായിരുന്നു മുരളിയുടേത്. നായക കഥാപാത്രങ്ങള്‍ തന്നെ വേണമെന്ന ശാഠ്യം ഇല്ലാതിരുന്ന മുരളി തന്ന തേടിയെത്തിയ ഓരോ കഥാപാത്രത്തേയും അനശ്വരമാക്കി.