'ഇങ്ങനെയും സാമ്യം വരുമോ'? കോപ്പിയടി ആരോപണത്തില്‍ പ്രതികരിച്ച് ബോളിവുഡ് സൂപ്പര്‍ഹിറ്റിന്‍റെ സംവിധായകന്‍

അമര്‍ കൌശിക് ആണ് സംവിധായകന്‍

stree 2 director amar kaushik reacts to plagiarism allegation about the movies poster with netflix series stranger things

ബോളിവുഡിലെ സമീപകാല സൂപ്പര്‍ഹിറ്റ് ആണ് സ്ത്രീ 2. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും തിയറ്ററുകളിലെത്താന്‍ കാണികള്‍ മടിക്കുമ്പോള്‍ ഈ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് കാണികള്‍ നല്‍കിയത്. 2018 ല്‍ പുറത്തെത്തിയ സ്ത്രീയുടെ രണ്ടാം ഭാഗം അതിന്‍റെ സംവിധായകന്‍ അമര്‍ കൌശിക് ആണ് ഒരുക്കിയിരിക്കുന്നത്. ഹൊറര്‍ കോമഡി ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു, ശ്രദ്ധ കപൂര്‍, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കെതിരെ ഒരു വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അമര്‍ കൌശിക്. 

ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ കോപ്പിയടിയാണ് എന്നതായിരുന്നു ആരോപണം. നെറ്റ്ഫ്ലിക്സിന്‍റെ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന സിരീസ് ആയ സ്ട്രേഞ്ചര്‍ തിംഗ്സിന്‍റെ പോസ്റ്ററുമായുള്ള വലിയ സാമ്യമാണ് പ്രേക്ഷകരെ  ചിത്രത്തിനെതിരെ തിരിച്ചത്. രണ്ട് പോസ്റ്ററുകളും ഒരുമിച്ച് ചേര്‍ത്തുകൊണ്ടുള്ള പോസ്റ്റുകള്‍ എക്സിലും മറ്റും ധാരാളമായി എത്തിയിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു സാമ്യത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്ന് അമര്‍ കൌശിക് പറയുന്നു.

"ഡിസൈനര്‍ സൃഷ്ടിച്ച പോസ്റ്റര്‍ ആണ് അത്. ഞങ്ങള്‍ക്കും ഇഷ്ടമായതിനാല്‍ സിനിമയുടെ പരസ്യ പ്രചരണത്തിന് ഉപയോഗിച്ചു. സ്ട്രേഞ്ചര്‍ തിംഗ്സ് പോസ്റ്ററുമായുള്ള സാമ്യം പിന്നീടാണ് തിരിച്ചറിഞ്ഞത്. സംവിധായകരേക്കാള്‍ ചിന്താശീലരാണ് ഇന്ന് പ്രേക്ഷകര്‍. കോപ്പിയടി അവര്‍ പിടിക്കും. അവര്‍ക്ക് എന്താണ് ഇപ്പോള്‍ തോന്നുന്നതെന്ന് എനിക്ക് മനസിലാവും. എന്നാല്‍ എന്‍റെ ഉദ്ദേശ്യമായിരുന്നില്ല കോപ്പിയടിയെന്നതാണ് സത്യം. അറിയാതെ സംഭവിച്ചതാണ്. നേരത്തെ അറിഞ്ഞിരുന്നിരുന്നെങ്കില്‍ ആ പോസ്റ്റര്‍ ഞാന്‍ പുറത്തിറക്കില്ലായിരുന്നു", ഇന്ത്യ ടുഡേയോട് സംവിധായകന്‍ അമര്‍ കൌശിക് പറഞ്ഞു. 

ALSO READ : 'മീനച്ചിലാറിന്‍റെ തീരം'; ബിജിബാലിന്‍റെ മനോഹര ഈണത്തില്‍ 'സ്വര്‍ഗ'ത്തിലെ ഗാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios