Adivasi Movie : എന്നും വേദനയോടെ ഓർക്കുന്ന മധുവിന്റെ ജീവിതം; 'ആദിവാസി' ഫസ്റ്റ്‌ ലുക്കുമായി ശരത്ത് അപ്പാനി

കഴിഞ്ഞ മാസം ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Sarath Appani share first look poster for Adivasi movie

കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ (Madhu) ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്. ഈ സംഭവം സിനിമയാകുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ശരത്ത് അപ്പാനിയാണ് (Sarath Appani) ചിത്രത്തിൽ മധുവായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

തന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രമാണ് 'ആദിവാസി'യിലേതെന്ന് ശരത് പറയുന്നു. എന്നും വേദനയോടെയാണ് മധുവിന്റെ ജീവിതം ഓര്‍ക്കുന്നതെന്നും ആദിവാസിയുടെ പോസ്റ്റര്‍ പങ്കുവച്ച് ശരത്ത് കുറിച്ചു. 

'ആദിവാസി.എന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രം. എന്നും വേദനയോടെ ഓർക്കുന്ന മധുവിന്റെ ജീവിതം അവതരിപ്പിക്കാൻ എന്നെ തെരെഞ്ഞെടുത്തത് ദൈവനിശ്ചയമായിരിക്കാം. ഇത്രയും കരുത്തുറ്റ കഥാപാത്രം ചെയ്യാൻ എന്നെ വിശ്വസിച്ച ഡയറക്ടർ വിജീഷ് മണിസാർനും പ്രൊഡ്യൂസർ സോഹൻ റോയ് സാർനും ഒരായിരം നന്ദി..ആദിവാസി യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ', എന്നാണ് ശരത്ത് അപ്പാനി കുറിച്ചു. 

കഴിഞ്ഞ മാസം ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. വിജീഷ് മണിയാണ് സംവിധായകന്‍. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ 'മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)' എന്ന സിനിമയ്ക്കു ശേഷം അതേ ടീം ഒരുമിക്കുന്ന ചിത്രമാണിത്. ഏരീസ് ഗ്രൂപ്പിന്‍റെ ബാനറില്‍ ഡോ: സോഹന്‍ റോയ് ആണ് നിര്‍മ്മാണം. ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിശപ്പും വര്‍ണ്ണ വിവേചനവും പരിസ്ഥിതി പ്രശ്‌നങ്ങളും കാലാവസ്ഥ വ്യതിയാനവുമൊക്കെ പ്രതിപാദ്യ വിഷയങ്ങളാവുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്. 

ഛായാഗ്രഹണം പി മുരുഗേശ്വരന്‍, എഡിറ്റിംഗ് ബി ലെനിന്‍, സംഭാഷണം എം തങ്കരാജ്, ഗാനരചന ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ രാജേഷ് ബി, പ്രോജക്റ്റ് കോഡിനേറ്റര്‍ ബാദുഷ, ലൈന്‍ പ്രൊഡ്യൂസര്‍ വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മാരുതി ക്രിഷ്, കലാസംവിധാനം കൈലാഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം ബുസി ബേബി ജോണ്‍, പിആർഒ എ എസ് ദിനേശ്.

Latest Videos
Follow Us:
Download App:
  • android
  • ios