'മിന്നല്‍ മുരളി'യിലെ ക്രിസ്‌ത്യന്‍ പള്ളി സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ തകര്‍ത്തു; പ്രതിഷേധം

എഎച്ച്‌പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് ഇക്കാര്യം ഫേസ്‌ബുക്കില്‍ അവകാശപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്.  

rashtriya bajrang dal destroy minnal murali set in ernakulam

കൊച്ചി: ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി'യുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചുനീക്കിയെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ ബജ്‌റംഗദള്‍. എഎച്ച്‌പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് ഇക്കാര്യം ഫേസ്‌ബുക്കില്‍ അവകാശപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്.  

'കാലടി മണപ്പുറത്ത് മഹാദേവൻറെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ'. എന്നായിരുന്നു ഹരി പാലോടിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. 

അതേ സമയം സംഭവം ദൗര്‍ഭാഗ്യകരമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പ്രതികരിച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് കൂടുതല്‍ നടപടികള്‍ എടുക്കും എന്നാണ് സിനിമയുടെ നിര്‍മ്മാതാവും പ്രതികരിച്ചത്. അതേ സമയം സെറ്റ് പൊളിച്ച നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 

"

ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹരമായ സെറ്റ് നിര്‍മ്മിച്ചത്. എന്നാല്‍ കൊവിഡ് 19 ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios