'പുഷ്‍പ 2' മാത്രമല്ല, ഒരു ബിഗ് ബജറ്റ് സൂപ്പര്‍സ്റ്റാര്‍ തമിഴ് ചിത്രവും; പ്രഖ്യാപനവുമായി നെറ്റ്ഫ്ലിക്സ്
പുഷ്പ 2 തിയറ്റര്‍ റിലീസിന് ശേഷം തങ്ങളിലൂടെയാവും എത്തുകയെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിരുന്നു
തിയറ്റര്‍ റിലീസ് ആയി എത്തുന്ന ചിത്രങ്ങളുടെ ഒടിടി റൈറ്റ്സ് ആര്‍ക്കെന്നത് ടൈറ്റില്‍ കാര്‍ഡിലൂടെയാണ് മുന്‍പ് പ്രേക്ഷകര്‍ അറിഞ്ഞിരുന്നത്. പ്രേക്ഷകശ്രദ്ധ നേടിയ സൂപ്പര്‍താര ചിത്രങ്ങള്‍ ആണെങ്കില്‍ മാത്രമാണ് തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ എത്തുന്നതിന് മുന്‍പ് ഒടിടി കമ്പനികള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യം പോലും നല്‍കിയിരുന്നത്. എന്നിരിക്കിലും അത്തരം ചിത്രങ്ങളുടെ തിയറ്റര്‍ റിലീസിന് മുന്‍പ് ഒടിടി റൈറ്റ്സ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും മുന്‍പ് വന്നിരുന്നില്ല. അതില്‍ നിന്ന് വ്യത്യസ്തമായി പ്രഖ്യാപനങ്ങളുമായി എത്തുകയാണ് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ്.
പാന്‍ ഇന്ത്യന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ തെലുങ്ക് ചിത്രം പുഷ്പ 2 തിയറ്റര്‍ റിലീസിന് ശേഷം തങ്ങളുടെ പ്ലാറ്റ്ഫോമുകളിലൂടെയാവും എത്തുകയെന്ന് നെറ്റ്ഫ്ലിക്സ് ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. ഇപ്പോഴിതാ സമാനരീതിയില്‍ മറ്റൊരു ചിത്രത്തെക്കുറിച്ച് കൂടി അറിയിപ്പുമായി എത്തിയിരിക്കുകയാണ് അവര്‍. ഒരു തമിഴ് ചിത്രമാണ് ഇക്കുറി. മഗിഴ് തിരുമേനിയുടെ രചനയിലും സംവിധാനത്തിലും അജിത്ത് കുമാര്‍ നായകനാവുന്ന വിടാ മുയര്‍ച്ചി എന്ന ചിത്രത്തിന്‍റെ റൈറ്റ്സ് ആണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നേരത്തേ എത്തിയിരുന്നെങ്കിലും നെറ്റ്ഫ്ലിക്സ് ഇത് സ്ഥിരീകരിച്ചത് ഇപ്പോഴാണ്.
പുഷ്പ 2 ഇതിനകം റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രമാണെങ്കില്‍ വിടാ മുയര്‍ച്ചിയുടെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രീകരണവും അവസാനിച്ചിട്ടില്ല. പുതിയ പ്രഖ്യാപനങ്ങളിലൂടെ ഒടിടി രംഗത്ത് ഒരു പുതിയ ട്രെന്‍ഡിന് തുടക്കമിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. തൃഷ നായികയാവുന്ന വിടാ മുയര്‍ച്ചിയില്‍ അര്‍ജുന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍.
ALSO READ : 'തളര്‍ത്താന്‍ പറ്റില്ല'; നേരിടുന്നത് അവസാനമില്ലാത്ത സൈബര്‍ ആക്രമണമെന്ന് സൂരജ് സന്തോഷ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം