Asianet News MalayalamAsianet News Malayalam

പ്രശസ്‍ത നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

അറുപതിലധികം സിനിമകള്‍ നിര്‍മ്മിച്ചു

movie producer and director m mani aka aroma mani passes away
Author
First Published Jul 14, 2024, 3:05 PM IST | Last Updated Jul 14, 2024, 3:36 PM IST

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. 65 വയസ് ആയിരുന്നു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവി ഇന്‍റര്‍നാഷണല്‍, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ല്‍ റിലീസ് ചെയ്ത, മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം.

മലയാളി സിനിമാപ്രേമി മറക്കാത്ത ബാനര്‍ നെയിമുകളാണ് സുനിത പ്രൊഡക്ഷന്‍സും അരോമ മൂവി ഇന്‍റര്‍നാഷണലും. ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഓ​ഗസ്റ്റ് 1, ജാ​ഗ്രത, കോട്ടയം കുഞ്ഞച്ചന്‍, ധ്രുവം, കമ്മിഷണര്‍, ബാലേട്ടന്‍ തുടങ്ങി മലയാളി തിയറ്ററുകളില്‍ ആഘോഷിച്ച ജനപ്രിയ ചിത്രങ്ങളില്‍ പലതും എം മണി നിര്‍മ്മിച്ചവയായിരുന്നു. സ്വന്തം കഥയ്ക്ക് ജ​ഗതി എന്‍ കെ ആചാരി എഴുതിയ തിരക്കഥയില്‍ ഒരുക്കിയ ആ ദിവസം (1982) എന്ന ചിത്രത്തിലൂടെ സംവിധാന രം​ഗത്തേക്കും എം മണി കടന്നുവന്നു. കുയിലിനെ തേടി, എങ്ങനെ നീ മറക്കും, മുത്തോട് മുത്ത്, എന്‍റെ കളിത്തോഴന്‍, ആനയ്ക്കൊരുമ്മ തുടങ്ങിയ ചിത്രങ്ങളൊക്കെ സംവിധായകന്‍ എന്ന നിലയിലുള്ള ഫിലിമോ​ഗ്രഫിയില്‍ ഉണ്ട്. 

എം മണിയുടെ നിര്‍മ്മാണത്തില്‍ 1985 ല്‍ പുറത്തിറങ്ങിയ തിങ്കളാഴ്ച നല്ല ദിവസം (സംവിധാനം പത്മരാജന്‍) എന്ന ചിത്രത്തിന് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും 1986 ല്‍ പുറത്തെത്തിയ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം (സംവിധാനം സത്യന്‍ അന്തിക്കാട്) എന്ന ചിത്രത്തിന് മറ്റ് സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. നിര്‍മ്മാതാവായി വിജയം നേടാന്‍ ആവശ്യമായ ജനപ്രിയതയെക്കുറിച്ചുള്ള അപാരമായ ധാരണ എം മണിക്ക് ആവോളമുണ്ടായിരുന്നു. ഫിലിമോ​ഗ്രഫിയിലെ ആ പത്തരമാറ്റ് വിജയങ്ങള്‍ക്ക് കാരണവും അത് തന്നെ.  

ALSO READ : ഒടിടി റിലീസിന് മുന്‍പ് മലയാളികള്‍ക്ക് നന്ദി പറഞ്ഞ് 'മഹാരാജ' നിര്‍മ്മാതാവ്; ചിത്രം കേരളത്തില്‍ നിന്ന് നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios