ആടുജീവിതം സിനിമ തിയേറ്ററിലിരുന്ന് മൊബൈലിൽ റെക്കോര്‍ഡ് ചെയ്തെന്ന് പരാതി, ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ
ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാകുമെന്ന് പൊലീസ് അറിയിച്ചു. താൻ തിയറ്ററിലിരുന്ന് വീഡിയോ കാൾ ചെയ്യുകയായിരുന്നുവെന്നാണ് കസ്റ്റഡിയിൽ ഉള്ളയാൾ മൊഴി നൽകിയത്.
ആലപ്പുഴ : ആടുജീവിതം സിനിമ തിയ്യറ്ററിൽ പ്രദർശിപ്പിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തുവെന്നാരോപിച്ച് ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് സിനിമ കാണാനെത്തിയ ആളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കാണുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് പറയുന്നത്. ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാകുമെന്ന് പൊലീസ് അറിയിച്ചു. താൻ തിയറ്ററിലിരുന്ന് വീഡിയോ കാൾ ചെയ്യുകയായിരുന്നുവെന്നാണ് കസ്റ്റഡിയിൽ ഉള്ളയാൾ മൊഴി നൽകിയത്.
വ്യാജ പതിപ്പ് : ബ്ലസി പരാതി നൽകി
പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലസി സംവിധാനം ചെയ്ത് ചിത്രം ആടുജീവിതത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിൽ പ്രചരിക്കുന്നതിനെതിരെ ചിത്രത്തിന്റെ സംവിധായകൻ ബ്ലെസി പൊലീസിൽ പരാതി നൽകി. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലും, സൈബർ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്. വൻ അഭിപ്രായത്തോടെ ചിത്രം തിയ്യറ്ററിൽ കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്റർനെറ്റിൽ ചിത്രത്തിന്റെ വ്യാജൻ ഇറങ്ങിയത്. കാനഡയിൽ നിന്നാണ് വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിട്ടുളളത്. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
സമീപകാലത്ത് മലയാള സിനിമയില്‍ ഏറ്റവരും വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ സിനിമ ആയിരുന്നു ആടുജീവിതം. ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി മികച്ചൊരു ദൃശ്യാവിഷ്കാരം കേരളക്കരയ്ക്ക് സമ്മാനിച്ചത് ബ്ലെസിയാണ്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ഡെഡിക്കേഷന്‍റെ കാര്യങ്ങള്‍ പുറത്തുവന്നിരുന്നു. പക്ഷേ അതിന്‍റെ വന്യത എത്രത്തോളം ആണെന്ന് ഇന്നലെ തിയറ്ററിലെത്തിയ ഓരുത്തരും അനുഭവിച്ച് അറിയുക ആയിരുന്നു.