'നിങ്ങളുടെ ആട്ടത്തിന് അഭിനന്ദനങ്ങള്‍'; 'അപ്പന്' പ്രശംസയുമായി മധുപാല്‍

ഡാര്‍ക് കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

madhupal appreciates appan movie sunny wayne alencier

സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്‍ത അപ്പന്‍ എന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ഇന്നലെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സോണി ലിവിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ്. പ്രേക്ഷകരിലേക്ക് അധികം എത്തിയിട്ടില്ലെങ്കിലും കണ്ടവരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ മധുപാല്‍. 

അസാധാരണമായ ഒരുപാട് ബന്ധങ്ങളുടെ കഥകൾ പറയുന്ന ഒരു ചിത്രം. മനുഷ്യരുടെ മനസ്സിൽ എന്തൊക്കെ ഒളിപ്പിച്ചു വച്ചിട്ടുണ്ടാവും. ആർക്കും അത്ര പെട്ടെന്നൊന്നും പിടികൊടുക്കാത്ത കഥാപാത്രങ്ങൾ. ജീവിച്ചു തീരാനുള്ള ജീവിതം അങ്ങനെയൊന്നും അവസാനിക്കില്ല. ഒരുനാൾ അപ്രതീക്ഷിതമായി അതൊരാളാൽ തീർക്കപ്പെടും. എന്തും എപ്പോഴും സംഭവിച്ചേക്കാം. ആഴങ്ങളിൽ ഇരുട്ടുപോലെ ചിലപ്പോൾ മാത്രം വെളിച്ചം ഒരു പ്രകാശ രേഖയായി കടന്നുപോയേക്കാം. അപ്പോൾ തെളിയുന്ന അത്ഭുതങ്ങൾ കാണാം. അലൻസിയറും സണ്ണിയും അനന്യയും പൗളി ചേച്ചിയും ഗ്രേസ് ആന്റണിയും അനിലും ഒപ്പം രാധികയും നിറങ്ങളായി ആ വിസ്മയ കാഴ്ച തീർക്കുന്നു. മഞ്ജുവും ജയകുമാറും ചേർത്ത നിറക്കൂട്ട് വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. എത്ര പറഞ്ഞാലും തീരാത്ത ഒരു കഥ... സണ്ണി വെയ്ൻ, അകം നിറഞ്ഞ്, അലൻസിയർ.... നിങ്ങളുടെ ആട്ടത്തിന് 
അഭിനന്ദനങ്ങൾ. അപ്പന് പിന്നിൽ നിന്നവർക്ക്.. കരുത്തേകിയതിന്.... ആശംസകൾ, മധുപാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ALSO READ : പൊന്നിയിന്‍ സെല്‍വന്‍ 'റെന്‍റല്‍സി'ല്‍ അവതരിപ്പിച്ച് പ്രൈം വീഡിയോ; സാധാരണ സ്ട്രീമിംഗ് പിന്നാലെ

ഡാര്‍ക് കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. 'ഫ്രഞ്ച് വിപ്ലവം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അപ്പന്‍ ഒരുക്കിയ മജു. ജയസൂര്യ നായകനായ 'വെള്ള'ത്തിന്‍റെ നിര്‍മ്മാതാക്കളായ ജോസ്‍കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‍സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സണ്ണി വെയ്‍ന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മാണ പങ്കാളിയാണ്. അലൻസിയർ, അനന്യ, ഗ്രേസ് ആന്‍റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്‍ണ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒരു മലയോര പ്രദേശത്ത് ജീവിക്കുന്ന കുടുംബത്തിന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ തൊടുപുഴ ആയിരുന്നു. സംവിധായകനൊപ്പം ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പപ്പുവാണ് ഛായാഗ്രഹണം. സംഗീതം ഡോണ്‍ വിന്‍സെന്‍റ്, എഡിറ്റിംഗ് കിരണ്‍ ദാസ്, വരികള്‍ അന്‍വര്‍ അലി, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍. 

Latest Videos
Follow Us:
Download App:
  • android
  • ios