കേരളപ്പിറവി ദിനത്തില്‍ സിനിമാപ്രേമികള്‍ക്ക് സര്‍പ്രൈസ്; 'എമ്പുരാന്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്. ലൂസിഫറിന്‍റെ രണ്ടാം ഭാഗം

l2e empuraan movie release date announced mohanlal prithviraj sukumaran manju warrier tovino thomas

മലയാള സിനിമാലോകം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലൂസിഫറിന്‍റെ സീക്വല്‍ ആയ എമ്പുരാന്‍. പൃഥ്വിരാജിന്‍റെ വന്‍ വിജയം നേടിയ സംവിധാന അരങ്ങേറ്റ ചിത്രത്തിന്‍റെ രണ്ടാം ഭാഗം മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ കേരളപ്പിറവി ദിനത്തില്‍ സര്‍പ്രൈസ് ആയി ഏറ്റവും പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

എമ്പുരാന്‍റെ റിലീസ് തീയതി ആണ് അത്. 2025 മാര്‍ച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.

 

സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, കലാസംവിധാനം മോഹന്‍ദാസ്, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി കെ തമിഴ് കുമരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുരേഷ് ബാലാജി, ജോര്‍ജ് പയസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ.

ALSO READ : മലയാളത്തിലെ ദീപാവലി റിലീസ്; 'ഓശാന' പ്രദര്‍ശനം ആരംഭിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios