റിലീസുകള്‍ മാറി മറിഞ്ഞ കങ്കണയുടെ 'എമര്‍ജന്‍സിക്ക്' ഒടുവില്‍ റിലീസ് ഡേറ്റായി
കങ്കണ റണൗട്ടിന്റെ രാഷ്ട്രീയ ചിത്രം 'എമർജൻസി' റിലീസ് തീയതി പ്രഖ്യാപിച്ചു.
ദില്ലി: ഏറെ കാത്തിരിപ്പിനൊടുവിലാണ് കങ്കണ റണൗട്ടിന്റെ രാഷ്ട്രീയ ചിത്രം 'എമര്‍ജന്‍സി' സെൻസർ സര്‍ട്ടിഫിക്കറ്റ് നേടിയത്. ഇപ്പോൾ താരം ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1970 കളുടെ പശ്ചാത്തലത്തിൽ നിർമ്മിച്ച ഈ സിനിമ ഇന്ദിരാ ഗാന്ധിയുടെ ജീവിതമാണ് ആവിഷ്കരിക്കുന്നത്.
കങ്കണ റണൗട്ട് രചനയും സംവിധാനവും നിര്‍മ്മാണവും നിർവഹിച്ച എമര്‍ജന്‍സി 17 ജനുവരി 2025 നാണ് റിലീസ് ചെയ്യുക എന്നാണ് താരം തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ശക്തയായ സ്ത്രീയുടെ ഇതിഹാസ കഥയും ഇന്ത്യയുടെ വിധിയെ മാറ്റിമറിച്ച നിമിഷവും വരുന്നു എന്നാണ് റിലീസ് പ്രഖ്യാപിച്ചുള്ള പോസ്റ്ററിന് കങ്കണ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ ചിത്രത്തിന്‍റെ സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചത് വലിയ വാര്‍ത്തയായി.
പിന്നീട് കഴിഞ്ഞ മാസം സിനിമ നിർമ്മാതാക്കൾ മൂന്ന് കട്ടുകള്‍ വരുത്തുകയും, ചിത്രത്തിലെ ചില വിവാദ ചരിത്ര പ്രസ്താവനകള്‍ ഫാക്ട്ചെക്ക് ചെയ്യണമെന്ന വ്യവസ്ഥയിലാണ് സിബിഎഫ്‌സിയുടെ പരിശോധനാ സമിതി ചിത്രത്തിന് 'യുഎ' സർട്ടിഫിക്കേഷന്‍ നല്‍കിയത് എന്നാണ് വിവരം.
1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം, വിവാദപരമായ 21 മാസത്തെ ഇന്ത്യന്‍ അടിയന്തരാവസ്ഥയാണ് കഥയുടെ ഇതിവൃത്തം. കങ്കണ റണൗട്ട് ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നു ചിത്രത്തില്‍ അടിയന്തരാവസ്ഥ, ഇന്ദിരാഗാന്ധിയുടെ വധം, 1980-കളിൽ ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ കീഴിലുള്ള ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്‍റെ ഉദയം തുടങ്ങിയ പ്രധാന ചരിത്ര സംഭവങ്ങളും ഉള്‍പ്പെടുന്നുണ്ട്.
കങ്കണയുടെ മണികർണിക ഫിലിംസും സീ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്തംബർ 6 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
'കൊളംബോയില്‍ സെറ്റാണ്': മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പടം, അപ്ഡേറ്റുമായി ചാക്കോച്ചന്‍
ബാഗി 4 പ്രഖ്യാപിച്ച് ടൈഗർ ഷെറോഫ്; 'അനിമല്‍' റീമേക്കാണോ എന്ന് സോഷ്യല്‍ മീഡിയ