Gehraiyaan movie review : 'ഗെഹരായിയാ'മിന് സമ്മിശ്ര പ്രതികരണം, ദീപിക ഗംഭീരമെന്നും സാമൂഹ്യമാധ്യമങ്ങള്‍
ദീപിക പദുക്കോണ്‍ ചിത്രം 'ഗെഹരായിയാ'മിനെ കുറിച്ചുള്ള പ്രതികരണങ്ങള്‍.
ദീപിക പദുക്കോണ്‍ നായികയായ ചിത്രം 'ഗെഹരായിയാം' (Gehraiyaan review) പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ശകുൻ ബത്രയാണ് ചിത്രം സംവിധാനം ചെയ്‍തത്. പ്രഖ്യാപനം മുതലേ ഏറെ ചര്‍ച്ചയായ ചിത്രമാണ്' ഗെഹരായിയാം'. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
സിദ്ധാന്ത് ചതുര്‍വേദിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, രജത് കപൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൗശല്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സങ്കീര്‍ണമായ ബന്ധങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണിന്റെ പ്രകടനം എടുത്തുപറയേണ്ടതാണെന്ന് അഭിപ്രായങ്ങള്‍ വരുന്നു. എൻഗേജിംഗായ ആഖ്യാനമുള്ള ചിത്രത്തില്‍ ചെറുട്വിസ്റ്റുകളുമുണ്ട്. മനോഹരമായ പാട്ടുകളാണ് ചിത്രത്തിലെ മറ്റൊരു പ്രധാന ഘടകം. മികച്ച ദൃശ്യങ്ങളും ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നുവെന്നാണ് പ്രതികരണങ്ങള്‍. സിദ്ധാര്‍ഥ് ചതുര്‍വേദിയുടെ അഭിനയത്തെയും പ്രശംസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായങ്ങളുണ്ട്. മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത് എന്നുമാണ് പ്രതികരണങ്ങള്‍.
ധര്‍മ പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിക്കുന്നത്. കബീര്‍ കത്‍പാലിയ, സവേര മേഹ്‍ത എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കൗസര്‍ മുനിറാണ് ചിത്രത്തിന്റെ ഗാനത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. നിതേഷ് ഭാട്യയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
ഏറെ സമയമെടുത്താൻ താൻ 'ഗെഹരായിയാമി'ല്‍ അഭിനയിക്കാൻ തയ്യാറായതെന്ന് ദീപിക പദുക്കോണ്‍ പറഞ്ഞിരുന്നു. എല്ലാ തരത്തിലുള്ള ആളുകളോട് പ്രേക്ഷകരിൽ സഹാനുഭൂതി വളർത്താനുള്ള ശ്രമമാണ് 'ഗെഹരായിയാം'. വെളുപ്പോ കറുപ്പോ ഇല്ലെന്ന് 'ഗെഹരായിയാം' എനിക്ക് മനസിലാക്കിത്തന്നു. മനുഷ്യരേയുള്ളൂ. സിനിമയിൽ ഇതുപോലുള്ള കഥാപാത്രങ്ങളെ വേണ്ടത്ര അറിയാത്തതിനാലാണ് നമ്മള്‍ കഥാപാത്രങ്ങളെ തരംതിരിക്കുന്നതെന്നും 'ഗെഹരായിയാമി'ല്‍ 'അലിഷ'യായി അഭിനയിക്കുന്ന ദീപിക പദുക്കോണ്‍ പറഞ്ഞു.ഇയാള്‍ ഒരു വില്ലനോ നായകനോ ആണെന്ന് പറയാൻ വളരെ എളുപ്പമാണ്. ഞങ്ങള്‍ ഈ കഥാപാത്രത്തെ മാനുഷികമാക്കാനും അവരുടെ പ്രവര്‍ത്തികളുടെ കാരണം മനസിലാക്കാനും ശ്രമിച്ചു. ഞങ്ങള്‍ക്കത് കഴിഞ്ഞു. 'അലിഷ' ആഗ്രഹങ്ങളുള്ള ഒരു വ്യക്തിയാണെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു. പലപ്പോഴും ആഗ്രഹങ്ങള്‍ നെഗറ്റീവായിട്ടാണ് മനസിലാക്കാറുള്ളത്, പ്രത്യേകിച്ച് സ്‍ത്രീകളുടെ കാര്യത്തില്‍. അലിഷയെ പോലുള്ള കഥാപാത്രങ്ങള്‍ ജഡ്‍ജ് ചെയ്യപ്പെടുന്നു. നമ്മള്‍ യഥാര്‍ഥ ഒരു ജീവിതത്തിലെ ബന്ധങ്ങള്‍ എന്താണെന്നോ സ്‍ക്രീനില്‍ അവ എങ്ങനെയാണ് കാണിക്കേണ്ടതെന്നോ എന്നതില്‍ നിന്ന് കുറേക്കാലം മാറിനിന്നുവെന്നും ദീപിക പദുക്കോണ്‍ പറഞ്ഞിരുന്നു. 'അലിഷ ഖന്ന' എന്ന മുപ്പതുകാരിയുടെ ജീവിതത്തില്‍ കസിൻ 'ടിയ'യുടെയും അവളുടെ പ്രതിശ്രുത വരൻ 'സെയ്‍നി'ന്റെയും വരവുണ്ടാക്കുന്ന മാറ്റങ്ങളാണ് 'ഗെഹരായിയാമി'ന്റെ പ്രമേയം.