'അപകടത്തിൽപെട്ടപ്പോള്‍ അച്ഛനൊപ്പമുണ്ടായിരുന്നത് ഞാനല്ല', ബൈജുവിന്റെ മകളുടെ പ്രതികരണം
മദ്യ ലഹരിയിലായിരുന്നു ബൈജു എന്നതിനാല്‍ കേസും എടുത്തിരുന്നു.
മദ്യ ലഹരിയില്‍ നടൻ ബൈജു കാറോടിച്ചതിന് കേസ് എടുത്തിരുന്നു. സ്‍കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതിന് ബൈജുവിനെ അറസ്റ്റ് ചെയ്‍തിരുന്നു. സ്‍കൂട്ടര്‍ യാത്രക്കാരനായ കാര്യമായ പരുക്കില്ല. സംഭവത്തില്‍ നടൻ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ പ്രതികരിച്ചിരിക്കുകയാണ്. അപകടസമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നില്ല എന്ന് പറയുകയാണ് ഐശ്വര്യ സന്തോഷ്.
വാഹനാപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അച്ഛനൊപ്പുമുണ്ടായിരുന്നുവെന്ന് പറയുന്ന ആള്‍ ഞാനല്ല. അത് അച്ഛന്റെ ബന്ധുവിന്റെ മകളാണ്. ഭാഗ്യംകൊണ്ട് എല്ലാവരും സുരക്ഷിതരും ആണ്. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇത് പങ്കുവയ്‍ക്കുന്നതെന്നും പറയുന്നു സാമൂഹ്യ മാധ്യമത്തില്‍ ഐശ്വര്യ സന്തോഷ്.
ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കൽ റിപ്പോർട്ട് എഴുതി നല്‍കി. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസിന് ദൃശ്യങ്ങൾ ലഭിച്ചു.
രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തിൽ വിട്ടയച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ വലതു ടയർ പഞ്ചറായിരുന്നു. അതിനാൽ ടയര് മാറ്റി ഇട്ട് സ്റ്റേഷനിലേക്ക് കൊണ്ടു വരാൻ ബൈജുവിന്‍റെ ഡ്രൈവറെ പൊലീസ് വിളിച്ചു വരുത്തി. പിന്നാലെ ബൈജുവും അപകടം നടന്ന സ്ഥലത്തെത്തി. പൊലീസ് കാർ മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് ക്യാമാറാമാനെ കൈയേറ്റം ചെയ്യാനും ബൈജു ശ്രമിച്ചു. അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസ് എടുത്തിരിക്കുന്നത്.
Read More: ആ വൻ താരം നിരസിച്ചു, വേട്ടയ്യനിലേക്ക് ഒടുവില്‍ ഫഹദെത്തി, പിന്നീട് നടന്നത് ചരിത്രം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക