തന്ത്രങ്ങള്‍ മാറ്റിയോ?, മമ്മൂട്ടിയുടെ വഴിയേ ഒടുവില്‍ മോഹൻലാലും, ഇനി കാണാൻപോകുന്നതാണ് നിജം
മോഹൻലാലിന്റെ ആ തീരുമാനം മലയാള സിനിമാ പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നതുമാണ്.
മോഹൻലാല്‍ യുവ സംവിധായകരുടെ ചിത്രങ്ങളില്‍ ഭാഗമാകുന്നില്ല എന്ന് വിമര്‍ശനങ്ങളുണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയായി താരം യുവ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാൻ താല്‍പര്യം കാണിക്കുന്നുവെന്നാണ് സൂചനകള്‍. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ വരാനിരിക്കുന്ന ചിത്രം അതിന് ഉദാഹരമാണ്. മറ്റൊരു യുവ സംവിധായകന്റെ ചിത്രത്തിലും താരം നായകനാകുന്നു എന്ന പുതിയ റിപ്പോര്‍ട്ട് മമ്മൂട്ടിയുടെ വഴിയേയാണ് മോഹൻലാലുമെന്ന് ചൂണ്ടിക്കാട്ടുന്നതാണെന്നാണ് വിലയിരുത്തല്‍
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ആവാസവ്യൂഹത്തിലൂടെ 2021ല്‍ നേടി ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് കൃഷാനന്ദ്. സംസ്ഥാനതലത്തില്‍ മികച്ച ചിത്രത്തിനും തിരക്കഥയ്‍ക്കുമുള്ള അവാര്‍ഡും ആവാസവ്യൂഹം നേടിയിരുന്നു. അടുത്തതായി കൃഷാനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകൻ മോഹൻലാല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശായിരിക്കും ചിത്രത്തിന്റെ ലൊക്കേഷനെന്നും വാര്‍ത്തകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
സംവിധായകൻ സത്യൻ അന്തിക്കാടിന്റെതായി വരാനിരിക്കുന്ന ചിത്രത്തില്‍ നായകനാകുന്നതും മോഹൻലാലാണെന്ന പ്രഖ്യാപനം ചര്‍ച്ചയായിരുന്നു. ഹൃദയപൂര്‍വം എന്നാണ് സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത് എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയിരുന്നു. അടുത്തകാലത്ത് നേര് എന്ന ഒരു സിനിമ വൻ വിജയമായത് കാണിക്കുന്നത് നമ്മളില്‍ ഒരാളായി മോഹൻലാലിനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണെന്നും സത്യൻ അന്തിക്കാട് ചൂണ്ടിക്കാട്ടി. ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂര്‍വം നിര്‍മിക്കുന്നത്. എന്തായിരിക്കും പ്രമേയം എന്ന് പുറത്തുവിട്ടിട്ടില്ല. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.
മോഹൻലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. സംവിധാനം പൃഥ്വിരാജാണെന്നതും ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എന്നതുമാണ് വലിയ പ്രതീക്ഷകള്‍ക്ക് കാരണം. എമ്പുരാനില്‍ നായകൻ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പ്രധാനമായും ഖുറേഷി അബ്രാം ആണ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രമായി മോഹൻലാലെത്തിയപ്പോള്‍ ആഗോളതലത്തില്‍ ലൂസിഫര്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക