'5 ലക്ഷത്തിന്‍റെ പെട്ടിയുമായി പോയത് എന്തിന്'? സഹമത്സരാര്‍ഥികളുടെ വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി സായ്

ബിഗ് ബോസില്‍ ഫിനാലെ വീക്ക് ആരംഭിച്ചു

sai krishnan reacts to criticizm of fellow contestants in bigg boss malayalam season 6 about his act in money box task

ബി​ഗ് ബോസില്‍ ഏറ്റവും കൗതുകം നിറയ്ക്കാറുള്ള ടാസ്കുകളിലൊന്നാണ് മണി ബോക്സ് ടാസ്ക്. പണപ്പെട്ടിയിലൂടെ മത്സരാര്‍ഥികള്‍ക്ക് മുന്നിലേക്ക് ബി​ഗ് ബോസ് വെക്കുന്ന ഓഫര്‍ ആണ് ഈ ടാസ്കിനെ രസകരമാക്കുന്നത്. എന്നാല്‍ പണപ്പെട്ടി എടുത്താല്‍ ആ മത്സരാര്‍ഥി പുറത്തുപോകണം. ബി​ഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായി ഒരാള്‍ ആ ഓഫര്‍ സ്വീകരിച്ചത് കഴിഞ്ഞ സീസണില്‍ ആയിരുന്നു. നാദിറയാണ് അന്ന് പെട്ടിയെടുത്തത്. ഈ സീസണില്‍ സായ് കൃഷ്ണനും പണപ്പെട്ടിയെടുത്ത് സ്വമേധയാ പുറത്തായി. നാദിറ ഏഴര ലക്ഷത്തിന്‍റെ പെട്ടിയാണ് എടുത്തതെങ്കില്‍ സായ് എടുത്തത് 5 ലക്ഷത്തിന്‍റെ പെട്ടി ആയിരുന്നു. അതിന് ശേഷമുള്ള വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇക്കാര്യം മത്സരാര്‍ഥികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാക്കിയിരുന്നു. 15- 20 ലക്ഷം രൂപ വരെ വെക്കാന്‍ ബി​ഗ് ബോസിന് പദ്ധതി ഉണ്ടായിരുന്നതായി മോഹന്‍ലാല്‍ പറ‍ഞ്ഞു. പണപ്പെട്ടി എത്തി അധികം വൈകാതെ തന്നെ സായ് അത് എടുത്തിരുന്നു. അത്രയും വേ​ഗത്തില്‍ തീരുമാനമെടുത്തതിന് സായിയെ പല മത്സരാര്‍ഥികളും മോഹന്‍ലാലിന് മുന്നില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സായ് സൃഷ്ണന്‍.

സീക്രട്ട് ഏജന്‍റ് എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് സായ് തന്‍റെ ഭാ​ഗം വ്യക്തമാക്കിയിരിക്കുന്നത്. ബി​ഗ് ബോസില്‍ നിന്ന് പുറത്തിറങ്ങാനുള്ള ഒരു നല്ല വഴിയായിരുന്നു തന്നെ സംബന്ധിച്ച് അതെന്നും തുക തനിക്ക് വിഷയമായിരുന്നില്ലെന്നും സായ് പറയുന്നു. അത് ആവശ്യമുണ്ടെന്ന് ചോദിച്ചപ്പോഴും മറ്റാരും തന്നോട് പറഞ്ഞിരുന്നില്ലെന്നും- "അവിടുന്ന് പുറത്തിറങ്ങാനുള്ള ഒരു നല്ല വഴി ആയിരുന്നു എന്നെ സംബന്ധിച്ച് മണി ബോക്സ്. തുക ഞാന്‍ നോക്കിയിരുന്നില്ല. പക്ഷേ എന്നോട് ആരെങ്കിലും തങ്ങളുടെ ആവശ്യം ഇതാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ പണപ്പെട്ടി എടുക്കില്ലായിരുന്നു. നന്ദന അവളുടെ ആവശ്യത്തെക്കുറിച്ച് ഹൗസില്‍ പറഞ്ഞിരുന്നു. മറ്റാരും വ്യക്തമായി അത് പറഞ്ഞിരുന്നില്ല. അഭിഷേക് അങ്ങോട്ട് പോയി ചോദിച്ചപ്പോള്‍ മാത്രമാണ് ഋഷി അതേക്കുറിച്ച് ചിന്തിക്കുന്നത്. ഇന്നയിന്ന ആവശ്യങ്ങളുണ്ട്, പണപ്പെട്ടിയില്‍ ഇത്ര വന്നാല്‍ അതൊരു സാധ്യതയാണ് എന്നൊക്കെ പറയുന്നത്." 

"ഋഷിയോട് ഞാന്‍ ചോദിച്ച സമയത്തും സ്ട്രെയ്റ്റ് ​ഗെയിം ആണ് താന്‍ കളിക്കുന്നതെന്നാണ് അവന്‍ പറഞ്ഞത്. 7-10 ലക്ഷം ഒക്കെ വന്നാല്‍ എടുക്കാനുള്ള സാധ്യതയാണ് അഭിഷേക് ചോദിച്ചപ്പോള്‍ ഋഷി പറഞ്ഞത്. 20 ഒക്കെ വന്നാലേ എടുക്കൂ എന്നാണ് ജാസ്മിന്‍ പറഞ്ഞിരുന്നത്. ലാല്‍ സാര്‍ ചോദിച്ചപ്പോള്‍ ശ്രീതുവാണ് കൃത്യം കാര്യം പറഞ്ഞത്. മണി ബോക്സിനെക്കുറിച്ച് സായ് എല്ലാവരോടും ചോദിച്ചപ്പോള്‍ ആരും ഒന്നും പറയുന്നത് കണ്ടില്ലെന്ന്. അതാണ് സത്യം. രണ്ടാഴ്ചയായി ഞാന്‍ എല്ലാവരോടും ചോദിച്ച ചോദ്യമാണ് അത്. പിന്നെ പതിനഞ്ച് ലക്ഷമോ ഇരുപത് ലക്ഷമോ വരുമെന്ന് പറഞ്ഞ് കാത്തിരിക്കണമെങ്കില്‍ എനിക്ക് അതിനൊരു കാരണം വേണ്ടോ? ഞാന്‍ മണി ബോക്സ് എടുക്കുന്നതിനെക്കുറിച്ച് എല്ലാവരോടും ചോദിച്ചിരുന്നു. ആരും താല്‍പര്യം കാട്ടിയില്ല", സായ് പറഞ്ഞവസാനിപ്പിക്കുന്നു. 

ALSO READ : 'ഗ്ർർർ' മുഖംമൂടികളും നെയിംസ്ലിപ്പുകളും കുട്ടികൾക്ക് സമ്മാനിച്ച് ചാക്കോച്ചനും സുരാജും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios