ജാസ്മിനും ജിന്‍റോയും മാത്രമല്ല, കപ്പിന് മറ്റൊരാൾക്ക് കൂടി സാധ്യത; ഗബ്രി പറയുന്നു
ഗബ്രി വീണ്ടും ബിഗ് ബോസ് മലയാളം സീസണ്‍ ആറിലേക്ക്.
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി വെറും അഞ്ച് ദിവസം മാത്രമാണ് ബാക്കി. ആരാകും ആ ബിഗ് ബോസ് കിരീടം ചൂടുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും. ഫൈനലിലേക്ക് അടുക്കുന്നതിനിടയിൽ ഈ സീസണിൽ നിന്നും എവിക്ട് ആയി പോയ മത്സരാർത്ഥികൾ തിരിച്ചുവരികയാണ്. അക്കൂട്ടത്തിൽ ഗബ്രിയും ഉണ്ട്. ഷോയ്ക്ക് അകത്തും പുറത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട 'ജബ്രി' കോമ്പോകൾ വീണ്ടും കണ്ടുമുട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകരും ആരാധകരും. ഈ അവസരത്തിൽ ബിഗ് ബോസിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ആരാകും കപ്പെടുക്കുക എന്നും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് തുറന്നു പറയുകയാണ് ഗബ്രി.
ഗബ്രി: ബിഗ് ബോസിന് മുൻപും ശേഷവും
സുഖമായിട്ട് ജീവിതം മുന്നോട്ട് പോകയാണ്. വേറെ പ്രശ്നങ്ങൾ ഒന്നുമില്ല. ഈ സൈബർ ബുള്ളിയിങ്ങിന്റെ ചെറിയ പ്രശ്നങ്ങൾ ഉണ്ട്. അല്ലാതെ വേറെ ഒന്നുമില്ല. നമ്മളെ ഭയങ്കരമായി ബാധിക്കുന്ന തരത്തിലുള്ള ഒന്നുമില്ല. ഞാൻ എന്ന വ്യക്തി മറ്റുള്ളവർക്ക് മുന്നിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. എല്ലാവർക്കും ഇപ്പോഴെന്നെ അറിയാം. അതുമതി. വലിയ വ്യത്യാസങ്ങൾ ഒന്നും എനിക്ക് വന്നിട്ടില്ല. സെൽഫ് എക്സ്പ്ലോറേഷൻ നടന്നു. കുറേക്കൂടി എനിക്ക് എന്നെ തന്നെ മനസിലാക്കാൻ പറ്റി. കുറവുകളെ കുറിച്ചുള്ള ക്ലാരിഫിക്കേഷൻസ് വന്നു. സെൽഫ് റിയലൈസേഷൻ പരിപാടി കൂടി ഉണ്ട്. ഞാൻ സ്ട്രോങ് ആയി. അതാണ് എന്റെ ഏറ്റവും വലിയ മാറ്റമായി കാണുന്നത്. ബിഗ് ബോസിൽ പോകുന്നതിന് മുൻപുള്ളതിനെക്കാൾ ഞാൻ സ്ട്രോങ് ആയി. ഞാൻ പൂർണമായും ഷോ എൻജോയ് ചെയ്തിരുന്നു.
മെമ്മറബിള്‍ മൊമന്‍റ്
ഒരിക്കൽ എറണാകുളത്ത് വച്ച് ഞാനൊരു രാജസ്ഥാനി ഫാമിലിയെ കണ്ടിരുന്നു. അതിലെ ഇച്ചിരി പ്രായമായിട്ടുള്ള അമ്മ വന്ന് മുഖത്തൊക്കെ പിടിച്ച് മോനെ കാണാറുണ്ട് ഗബ്രി അല്ലെ എന്നൊക്കെ പറഞ്ഞിരുന്നു. മോൻ ഔട്ട് ആകുന്നത് വരെ ഞങ്ങൾ എല്ലാ ദിവസവും വോട്ട് ചെയ്യാറുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു. അതൊക്കെ സ്പെഷ്യൽ മൊമന്റ് ആയിരുന്നു. എനിക്ക് കുട്ടികളെ ഭയങ്കര ഇഷ്ടമാണ്. അവരൊക്കെ ഓടി വരും സംസാരിക്കും സ്നേഹത്തോടെ പെരുമാറും. അതൊക്കെ വലിയ സന്തോഷമാണ്.
വീണ്ടും ബിഗ് ബോസിൽ എത്തുമ്പോൾ..
സന്തോഷം സന്തോഷം..എപ്പോഴും ബിഗ് ബോസ് വീട് നമുക്ക് പ്രിയപ്പെട്ടത് തന്നെ ആണല്ലോ. എല്ലാവരും ഉണ്ടാകും എന്നൊരു സന്തോഷം ഉണ്ട്. നമ്മുടെ വീട്ടിലേക്ക് തിരിച്ച് പോകുന്നൊരു ഫീൽ ആണ്. അവിടെ എനിക്ക് ഏറ്റവും കൂടുതൽ പ്രിയങ്കരി ആയിട്ടുള്ള ആള്‍ ജാസ്മിൻ ആണ്. ജാസ്മിനെ കാണാൻ തന്നെയാണ് ആവേശവും. ജാസ്മിനും അങ്ങനെ തന്നെയെന്ന് തോന്നുന്നു.
വിമർശനങ്ങളും സൈബർ അറ്റാക്കുകളും
ഓരോരുത്തരുടെ രീതി ആണത്. കൂറെ ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ള ആളുകൾ ഉണ്ടാകും. നമ്മൾ ചെയ്ത കാര്യങ്ങളോട് കണക്ട് ആകാത്ത വ്യക്തികൾ ഉണ്ടാകും. എല്ലാവർക്കും അവരവരുടെ ശരികൾ വച്ച് നോക്കുമ്പോഴുള്ള വ്യത്യാസങ്ങളാണ് അതെല്ലാം. ഞാൻ അവയെ കുറിച്ചൊന്നും ആലോചിക്കാറെ ഇല്ല. ഇവയോടൊന്നും പ്രതികരിക്കേണ്ട ആവശ്യമൊന്നും ഇല്ല. എനിക്ക് സൈബർ ബുള്ളിയിങ്ങുകൾ വരുന്നത് ഫേയ്ക്ക് അക്കൗണ്ടുകളിൽ നിന്നാണ്. അതുകൊണ്ട് അവയോട് പ്രതികരിക്കേണ്ട ആവശ്യമില്ല. ഒരു ഐഡന്റിറ്റി ഇല്ലാത്ത ആൾക്കാർ വെറുതെ പറയുന്നതിനെ എന്ത് ചെയ്യാനാണ്. ഹെൽത്തി ആയിട്ടുള്ള വിമർശനങ്ങൾ ഉറപ്പായും ഞാൻ മുഖവിലയ്ക്ക് എടുക്കും. അല്ലാതെ വെറുതെ വന്ന് തെറി വിളിക്കുന്നവരെ മൈൻഡ് ചെയ്യേണ്ട ആവശ്യം ഇല്ല.
എന്നെയും ജാസ്മിനെയും കളിയാക്കി കൊണ്ടുള്ളൊരു സ്കിറ്റ് ഒരു ചാനലിൽ വന്നിരുന്നു. വ്യക്തിപരമായി അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അവർ എല്ലാം പെരുപ്പിച്ചാണ് കാണിച്ചത്. സെക്ഷ്വൽ എലമെന്റ് കൊണ്ടുവന്നു. വൾഗർ എലമെന്റ് കൊണ്ടുവന്നു. അതൊക്കെ വ്യക്തിപരമായി നമ്മളെ വേദനിപ്പിക്കും. എന്നെ അല്ലെങ്കിലും കുടുംബം അത് കാണുമ്പോൾ വേദനിക്കും.
'ഞാൻ ഉള്ള എപ്പിസോഡുകൾ ബോറായി തോന്നും'
ഞാന്‍ ഉള്ളപ്പോഴുള്ള എപ്പിസോഡുകളൊന്നും കണ്ടിട്ടില്ല. ശേഷമുള്ള കാര്യങ്ങൾ കണ്ടിരുന്നു. ഞാൻ ഉള്ള എപ്പിസോഡുകൾ കാണ്ടാൽ എനിക്ക് ബോറായി തോന്നും. കാരണം എനിക്ക് എന്നെ തന്നെ കണ്ടോണ്ടിരിക്കുമ്പോൾ പ്രത്യേകിച്ച് എക്സൈറ്റ്മെന്റുകൾ ഒന്നും ഉണ്ടാകാറില്ല. അതോണ്ടാണ് കാണാത്തത്. പിന്നെ എപ്പിസോഡ് കണ്ടില്ലെങ്കിലും ആവശ്യത്തിലധികം ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ ഉള്ളത് കൊണ്ട് എല്ലാം കണ്ടു. ഞാൻ ഇറങ്ങിയാലും ഇല്ലെങ്കിലും ദ ഷോ മസ്റ്റ് ഗോ ഓൺ. മറ്റ് മത്സരാര്‍ത്ഥികള്‍ എല്ലാം അവർക്ക് പറ്റുന്ന രീതിയിൽ കളിച്ചിട്ടുണ്ട്.
ഞാന്‍ ഞാനായി തന്നെ നിന്നു..
എന്റെ പ്രശ്നങ്ങൾ ഞാൻ കുറച്ചു കൂടി സംസാരിക്കണമെന്ന് ക്ലിപ്പുകള്‍ കണ്ടപ്പോള്‍ തോന്നിയിരുന്നു. എന്റെ ഭാഗത്ത് നിന്നും അധികം എക്സ്പ്ലനേഷൻസ് ഒന്നും ആളുകൾക്ക് കൊടുത്തിട്ടില്ല. എനിക്ക് മുന്നിൽ അല്ലാതെ പിന്നിലിരുന്ന് കാര്യങ്ങൾ പ്രേക്ഷകരിലേക്ക് ചിലര്‍ എത്തിക്കുന്നുണ്ടായിരുന്നു. പിന്നെ ഞാൻ കുറച്ച് കൂടി ചിരിക്കണം ആയിരുന്നെന്ന് തോന്നി. കുറച്ച് സീരിയസ് ആയിരുന്നത് പോലെ തോന്നി. ബിഗ് ബോസ് വീട്ടില്‍ ഞാൻ ഞാനായി തന്നെ ആണ് നിന്നത്. അതെനിക്ക് ഉറപ്പാണ്.
ബിഗ് ബോസ് കപ്പ് ആരെടുക്കും ?
ഇത്തവണ ഗെയിം ബേയ്സ് നോക്കുമ്പോൾ അൺപ്രെഡിക്ടബിൾ ആണ്. ആർക്ക് വേണമെങ്കിലും കപ്പെടുക്കാം എന്ന അവസ്ഥയിലാണ് ഉള്ളത്. ആദ്യം ജിന്റോയും ജാസ്മിനും മാത്രമെ ഉള്ളൂ എങ്കിലും ഇപ്പോൾ കുറച്ച് പേരു കൂടി അതിലേക്ക് വന്നിട്ടുണ്ട്. അർജുൻ ലാസ്റ്റ് വീക്കിൽ നന്നായി പെർഫോം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവന്‍ കപ്പിലേക്ക് കുറച്ചു കൂടി അടുത്ത് വന്നിട്ടുണ്ട്. യുട്യബ് പോളുകളിൽ ആണെങ്കിലും മാറ്റങ്ങൾ വരുന്നുണ്ട്.
അപ്രതീക്ഷിതമായൊരു വിന്നർ വരാനാണ് സാധ്യത. എനിക്ക് നൂറ് ശതമാനവും ജാസ്മിൻ കപ്പെടുക്കണം എന്ന് തന്നെയാണ്. പക്ഷേ നല്ല കോമ്പിറ്റീഷൻ ഉണ്ടാകുമെന്നും ഉറപ്പാണ്. പിന്നെ നിലവിലുള്ള ആറ് പേരിൽ ശ്രീധുവോ ഋഷിയോ ആയിരിക്കും പോകുന്നത്. അഭിഷേക് പോകാൻ സാധ്യതയില്ല. കാരണം അവന് നല്ല ഫാൻസ് ഉണ്ട്.
നീളൻമുടി മുറിച്ച് ദേവിക നമ്പ്യാർ; 'ആ സൗന്ദര്യം അങ്ങ് പോയല്ലോ കൊച്ചേ' എന്ന് ആരാധകർ
സിനിമകളും ഗബ്രിയും
ചില സിനിമ വർക്കുകൾ വന്നിട്ടുണ്ട്. ചില സ്ക്രിപ്റ്റുകൾ കേട്ടിട്ടുണ്ട്. അടുത്തിടെ ഒരു മ്യൂസിക് വീഡിയോ ചെയ്തിരുന്നു. സിനിമ കമ്മിറ്റ് ചെയ്തിട്ടില്ല. ചർച്ചകൾ നടന്നു കൊണ്ടിരിക്കയാണ്. ലീഡ് റോളുകളാണ് വന്നിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..