മരിക്കുമെന്ന് വിധിയെഴുതിയ ഡോക്ടർമാരെ അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക്; കണ്ണുനനയിച്ച് ഡിംപൽ
കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുപോവുന്ന തന്റെ ചുറ്റുമുള്ള മുതിർന്ന മനുഷ്യന്മാരാണ് കുട്ടികളുടെ മനശാസ്ത്രം മനസ്സിലാക്കുന്ന ഒരു ചൈൽഡ് സൈക്കോളജിസ്റ്റ് ആയി മാറാൻ ജീവിതത്തിൽ പ്രചോദനമായതെന്നും ഡിംപൽ വ്യക്തമാക്കി.
വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് തന്നെ ബിഗ് ബോസ് പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച മത്സരാർത്ഥിയാണ് ഡിംപൽ ഭാൽ. ആത്മവിശ്വാസവും ഉത്സാഹവും കലർന്ന ചലനങ്ങളും നിലപാടുകളിലെ വ്യക്തതയും സന്ദർഭോചിതമായ പ്രതികരണങ്ങളുമെല്ലാം ഡിംപലിനെ മറ്റ് മത്സരാർത്ഥികളിൽ നിന്നും വേറിട്ടു നിർത്തുകയാണ്. ജീവിതാനുഭവങ്ങൾ ബിഗ് ബോസ് വീട്ടിലെ മറ്റു മത്സരാർത്ഥികളുമായി സംവദിക്കുന്നതിനിടയിൽ ഡിംപൽ പറഞ്ഞ അനുഭവകഥയാണ് ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചത്.
കുട്ടിക്കാലത്ത് പ്രിയകൂട്ടുകാരിയായ ജൂലയറ്റ് നഷ്ടപ്പെട്ടതിലുള്ള ഡ്രോമയ്ക്ക് പിന്നാലെ ഡിംപലിനെ തേടി നട്ടെല്ലിനെ ബാധിക്കുന്ന അപൂർവ്വ കാൻസർ രോഗങ്ങളിൽ ഒന്നായ ഒസ്റ്റിയോബ്ലാസ്റ്റോമയും എത്തി. നട്ടെല്ല് ക്ഷയിച്ചുപോവുന്ന അപൂർവ്വമായ ഈ അസുഖത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടിയാണ് താനെന്നും ഡിംപൽ പറയുന്നു. താൻ മരിച്ചുപോവുമെന്ന് വിധിയെഴുതിയ ഡോക്ടർമാരുടെ കണക്കുക്കൂട്ടലുകളെ തോൽപ്പിച്ചു കൊണ്ട്, ആത്മവീര്യത്തോടെ ഫീനിക്സ് പക്ഷിയെ പോലെ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു ഡിംപൽ.
'എന്‍റെ ക്ലാസില്‍ ആര്‍ക്കും അറിയില്ലായിരുന്നു. എല്ലാവരോടും സംസാരിക്കും ചിരിക്കും അങ്ങനെ ഒക്കെയായിരുന്നു. നമുക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് ആരും അറിയരുതെന്ന് ഉണ്ടായിരുന്നു. എന്‍റെ മനസ്സ് എന്നോട് പറഞ്ഞു ഞാന്‍ മരിക്കാൻ പോകയാണെന്ന്. അങ്ങനെ തോന്നുമ്പോഴെല്ലാം ഞാന്‍ ട്രാക്കിലോടും. രണ്ട് സിട്രിപ്പ് പെയിന്‍ കില്ലര്‍ വാങ്ങിച്ച് കഴിച്ച് സ്പേര്‍ട്സ് ഡേയിലും പങ്കെടുത്തിരുന്നു. ആ മുഴുവന്‍ സ്കൂളില്‍ എന്നെ മനസിലാക്കിയത് ഡൊമനിക് എന്ന പ്രിന്‍സിപ്പലായിരുന്നു. അങ്ങനെയൊരു പ്രിന്‍സിപ്പല്‍ എല്ലായിടത്തും വേണമെന്നാണ് എന്റെ ആഗ്രഹം. പിന്നാലെ അച്ഛനും അമ്മയും വന്ന് എന്നെ ദില്ലിക്ക് കൊണ്ടുപോയി. പിന്നെ ആയിരുന്നു ചികിത്സ. ഒരു ദിവസം അവിടെത്തെ ഡോക്ടര്‍ പറഞ്ഞു ഇവിടെ നിന്ന് കൊണ്ട് പോയ്ക്കോ, ഞാൻ ഇനി ജീവിക്കില്ലെന്ന് പറഞ്ഞു. ഒടുവില്‍ ദില്ലിയിലെ തന്നെ വലിയൊരു ആശുപത്രിയിൽ കൊണ്ടുപോയി. എന്റെ നട്ടെല്ല് അലിഞ്ഞ് പോയി. ഇപ്പോഴും ചെറിയ പ്രശ്നങ്ങള്‍ ഉണ്ട് നട്ടെല്ലിന്. തീര്‍ച്ചയായും എന്നെ രക്ഷിച്ചത് ഞാന്‍ വിശ്വസിക്കുന്ന ദൈവമാണ്. കാരണം ഞാന്‍ നന്നായി പ്രാർത്ഥിക്കുമായിരുന്നു. ഡോക്ടർമാർ 99.9 ശതമാനവും തിരിച്ച് കിട്ടില്ലെന്ന് പറഞ്ഞിടത്ത് മിറാക്കിള്‍ പോലെ ജീവിതത്തിലേക്ക് വരികയായിരുന്നു. ജീവനോടെ തിരിച്ച് വന്ന ശേഷം ഡോക്ടാര്‍മാര്‍ പറഞ്ഞത് സ്പോർട്സിൽ പങ്കെടുക്കരുതെന്നായിരുന്നു. എന്നാല്‍ 2004ൽ നടന്ന സ്കൂള്‍ മീറ്റില്‍ പങ്കെടുത്ത് ബെസ്റ്റ് സ്പോർട്സർ ഓഫ് ദി ഇയര്‍ ഞാന്‍ വാങ്ങിച്ചു. ഇനിയും ക്യാന്‍സര്‍ വന്നാൽ ഞാന്‍ ഓടും ചാടും. എന്‍റെ ജീവിതമാണ്. ഇഷ്ടമുള്ളത് പോലെ ജീവിക്കും' എന്ന് ഡിംപാൽ പറയുന്നു.
കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുപോവുന്ന തന്റെ ചുറ്റുമുള്ള മുതിർന്ന മനുഷ്യന്മാരാണ് കുട്ടികളുടെ മനശാസ്ത്രം മനസ്സിലാക്കുന്ന ഒരു ചൈൽഡ് സൈക്കോളജിസ്റ്റ് ആയി മാറാൻ ജീവിതത്തിൽ പ്രചോദനമായതെന്നും ഡിംപൽ വ്യക്തമാക്കി. മരണത്തിൽ നിന്നും രക്ഷപ്പെട്ടുവന്ന ആളായതുകൊണ്ടു തന്നെ ജീവിതം എപ്പോഴും ആസ്വദിക്കുന്ന വ്യക്തിയാണ് താനെന്നും മറ്റുള്ളവർ എന്തുപറയുമെന്ന് കരുതി ഇഷ്ടാനിഷ്ടങ്ങളോട് നോ പറയാറില്ലെന്നും ഉറച്ച ശബ്ദത്തിൽ ഡിംപൽ പറയുന്നു.