ബിഗ് ബോസ് 4 ലേക്ക് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി; 18-ാമത്തെ മത്സരാര്‍ഥിയെ അവതരിപ്പിച്ച് മോഹന്‍ലാല്‍

മണിയന്‍ സ്‍പീക്കിംഗ് എന്ന യുട്യൂബ് ചാനലിലൂടെ പരിചിതന്‍

bigg boss malayalam season 4 first wild card entry manikandan thonnakkal mohanlal

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഉദ്ഘാടന എപ്പിസോഡില്‍ 17 മത്സരാര്‍ഥികളെയാണ് മോഹന്‍ലാല്‍ പരിചയപ്പെടുത്തിയത്. ഈ സീസണിലെ മൂന്നാം വാരം ഇന്ന് അവസാനിക്കാനിരിക്കെ ഇപ്പോഴിതാ ഒരു മത്സരാര്‍ഥി കൂടി എത്തുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് ഇദ്ദേഹത്തിന്‍റെ കടന്നുവരവ്. ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എന്ന പ്രത്യേകതയുമുണ്ട്. മണിയന്‍ തോന്നയ്ക്കല്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ 18-ാമത്തെ മത്സരാര്‍ഥി.

കലയേയും കലാകാരൻമാരേയും സ്നേഹിക്കുന്ന, മലയാള ഭാഷയെ ഹൃദയത്തോടു ചേർത്തുപിടിക്കുന്ന ഒരാൾ എന്നാണ് മണിയന്‍ തോന്നയ്ക്കല്‍ ഫേസ്ബുക്ക് പ്രൊഫൈലില്‍ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ സ്വദേശിയായ മണികണ്ഠന്‍ പിള്ള സി ആണ് മണിയന്‍ തോന്നയ്ക്കല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ നടന്‍, യുട്യൂബര്‍, വില്ലടിച്ചാം പാട്ട്, കൃഷി, അധ്യാപനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മണികണ്ഠന്‍ ഭാഷയിലും സാഹിത്യത്തിലും പുരാണത്തിലും അവഗാഹമുള്ളയാളുമാണ്. മണിയന്‍ സ്പീക്കിംഗ് എന്ന പേരിലാണ് ഇദ്ദേഹത്തിന്‍റെ യുട്യൂബ് ചാനല്‍. 9,000ല്‍ അധികം സബ്സ്ക്രൈബേഴ്സ് ആണ് ഈ ചാനലിന് ഉള്ളത്. ഭാഷയെയും സാഹിത്യത്തെയും പുരാണ കഥകളെയുമൊക്കെ കുറിച്ചുള്ള ഗൌരവതരമായ വിഷയങ്ങളും ഒപ്പം ഹാസ്യാവതരണങ്ങളുമൊക്കെയാണ് ഈ ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

യൂണിവേഴ്സിറ്റി കോളെജില്‍ നിന്ന് മലയാള സാഹിത്യത്തിലാണ് ഇദ്ദേഹത്തിന്‍റെ ബിരുദം. ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥികള്‍ക്കായുള്ള നിബന്ധനകളില്‍ ഒന്ന് കഴിവതും മലയാളത്തില്‍ മാത്രം സംസാരിക്കുക എന്നതാണ്. എന്നാല്‍ ഈ സീസണില്‍ ഏറ്റവുമധികം തവണ ലംഘിക്കപ്പെട്ടിട്ടുള്ളതും ഈ നിബന്ധനയാണ്. ഇംഗ്ലീഷ് വാക്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് മോഹന്‍ലാല്‍ പലതവണ ചൂണ്ടിക്കാട്ടുകയും ചെയ്‍തിരുന്നു. ഹൌസില്‍ നിലവിലെ ഈ അന്തരീക്ഷത്തില്‍ ഭാഷയിലും സാഹിത്യത്തിലും അവഗാഹമുള്ള ഒരാള്‍ എത്തുന്നതില്‍ത്തന്നെ ഒരു കൌതുകമുണ്ട്. 

നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്‍മിന്‍ എം മൂസ, അഖില്‍ ബി എസ്, നിമിഷ, ഡെയ്‍സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സന്‍റ്, അശ്വിന്‍ വിജയ്, അപര്‍ണ്ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്‍ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നീ മത്സരാര്‍ഥികളുമായാണ് ഇത്തവണത്തെ ബിഗ് ബോസ് മലയാളം ആരംഭിച്ചത്. ഇതില്‍ ഒരേയൊരു മത്സരാര്‍ഥി മാത്രമാണ് എവിക്ഷനിലൂടെ പുറത്തായത്. ജാനകി സുധീര്‍ ആയിരുന്നു അത്. കഴിഞ്ഞ വാരം എലിമിനേഷന്‍ എന്ന തോന്നല്‍ ഉളവാക്കി ബിഗ് ബോസ് ഒരു പുറത്താക്കല്‍ നടത്തിയിരുന്നുവെങ്കിലും ഒരു മോക്ക് എലിമിനേഷന്‍ ആയിരുന്നു അത്. നിമിഷയെയാണ് ബിഗ് ബോസ് പുറത്താക്കുന്നതായി അറിയിച്ചത്. എന്നാല്‍ നിമിഷയുടെ സമ്മതത്തോടെ അവരെ പിന്നീട് സീക്രട്ട് റൂമിലേക്ക് അയക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവര്‍ തിരികെയെത്തുകയും ചെയ്‍തിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios