Bigg Boss 4 Episode 19 Highlights : പുതിയ തന്ത്രവുമായി റോബിന്‍, സംശയദൃഷ്ടിയോടെ മറ്റു മത്സരാര്‍ഥികള്‍
വീക്കിലി ടാസ്‍കിനിടെ കടുത്ത തര്‍ക്കങ്ങളിലേക്ക് ബിഗ് ബോസ് വീട്
ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്നാം വാരത്തിന്‍റെ അന്ത്യത്തോടടുക്കുമ്പോള്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്ന് പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുകയാണ് മത്സരാര്‍ഥികള്‍. മുന്‍ സീസണുകളെ അപേക്ഷിച്ച് ഈ സീസണിന്‍റെ തുടക്കം തന്നെ അത്തരത്തിലുള്ള സംഘര്‍ഷങ്ങളോടെയായിരുന്നു. ഓരോ സീസണ്‍ മുന്നോട്ടു പോകുന്തോറും മത്സരാര്‍ഥികള്‍ ഈ ഷോയെ നോക്കിക്കാണുന്ന രീതിയിലുള്ള വ്യത്യാസം സ്ഥിരം പ്രേക്ഷകര്‍ക്ക് തിരിച്ചറിയാനാവുന്ന ഒന്നാണ്. അഭിപ്രായ സംഘര്‍ഷങ്ങള്‍ ഈ സീസണിന്‍റെ തുടക്കം മുതല്‍ ഉണ്ടായിരുന്നെങ്കിലും ചിലര്‍ മാത്രമാണ് അത്തരം തുറന്ന തര്‍ക്കങ്ങളിലേക്ക് കടന്നിരുന്നത്. എന്നാല്‍ മൂന്നാം വാരത്തിലേക്ക് എത്തിയപ്പോള്‍ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പ്രകടിപ്പിക്കാന്‍ മടി കാട്ടാത്ത തരത്തിലേക്ക് മത്സരാര്‍ഥികള്‍ മാറിയിരിക്കുകയാണ്.
അടുക്കള ഡ്യൂട്ടിയിലെ ചില ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനായി ക്യാപ്റ്റന്‍ ദില്‍ഷയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചര്‍ച്ച വലിയ തര്‍ക്കങ്ങളിലേക്കാണ് ഇന്നലെ നയിച്ചത്. ഡെയ്‍സിയുമായുണ്ടായ തര്‍ക്കം കാരണം കിച്ചണ്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. റോബിന്‍ അതില്‍ നിന്ന് പിന്മാറുകയും ചെയ്‍തിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന തര്‍ക്കം വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ആരായുമെന്ന് ഉറപ്പാണ്.
ജാസ്‍മിനെക്കുറിച്ച് ഡോ. റോബിന്‍ പറഞ്ഞത്
ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്‍റെ തുടക്കത്തില്‍ തന്നെ പരസ്പരം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായ രണ്ട് മത്സരാര്‍ഥികള്‍ ആയിരുന്നു ജാസ്‍മിന്‍ മൂസയും ഡോ. റോബിനും. നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്ന ഇരുവരും ഇപ്പോള്‍ താല്‍ക്കാലിക വെടിനിര്‍ത്തലിലാണ്. എന്നാല്‍ ജയിലില്‍ ഒപ്പമുണ്ടായിരുന്ന സമയത്ത് ജാസ്‍മിനെക്കുറിച്ച് ഡോ. റോബിന്‍ തന്നോട് പറഞ്ഞത് എന്തായിരുന്നുവെന്ന് ഡെയ്‍സി ജാസ്‍മിനോട് ഇന്ന് പറഞ്ഞു. അവള്‍ (ജാസ്‍മിന്‍) തന്നോട് എന്തിനാണ് എപ്പോഴും വഴക്കിനു വരുന്നതെന്ന് ചോദിച്ച റോബിന്‍ പുറത്തായിരുന്നു താനെങ്കില്‍ അവളുടെ തല അടിച്ച് പൊട്ടിക്കുമായിരുന്നെന്നും പറഞ്ഞതായി ഡെയ്‍സി പറഞ്ഞു.
എന്നെ ഒരു ഭീകരനായി കണക്കാക്കരുത്: റോബിന്‍
കഴിഞ്ഞ ദിവസം ഡെയ്‍സിയുമായി ഉണ്ടായ തര്‍ക്കത്തെക്കുറിച്ച് ദില്‍ഷ ചോദിച്ചപ്പോഴായിരുന്നു ഡോ. റോബിന്‍റെ ഈ അഭിപ്രായ പ്രകടനം. എന്തിനാണ് ഡെയ്‍സിയെ അടിക്കാന്‍ പോയതെന്നായിരുന്നു ദില്‍ഷയുടെ ചോദ്യം. അവള്‍ മുന്നോട്ടു വന്നപ്പോള്‍ താനും അങ്ങനെ നിന്നതാണെന്നും അല്ലാതെ ബിഗ് ബോസ് ഹൌസില്‍ അടികൂടാന്‍ പറ്റില്ലല്ലോയെന്നും റോബിന്‍ പറഞ്ഞു. തന്നെ ഒരു ഭീകരനായി കാണരുതെന്നും.
ലക്ഷ്വറി പോയിന്‍റില്‍ 1000 കുറവ്
കഴിഞ്ഞ രണ്ട് ആഴ്ചകളെയും അപേക്ഷിച്ച് ലക്ഷ്വറി ബജറ്റ് പോയിന്‍റുകള്‍ നേടുന്നതില്‍ മത്സരാര്‍ഥികള്‍ ഈ വാരം മുന്നേറി. വീക്കിലി ടാസ്‍കില്‍ ഇത്തവണ എല്ലാവരും നല്ല പ്രകടനം നടത്തിയെന്ന് അറിയിച്ച ബിഗ് ബോസ് പക്ഷേ മറ്റു ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 1000 പോയിന്‍റുകള്‍ തിരിച്ചെടുത്തു. മത്സരാര്‍ഥികള്‍ക്ക് 2500 പോയിന്‍റുകളാണ് ഇത്തവണ ലഭിക്കുക.
വാലിഡ് റീസണ്‍ ഇല്ല, ജയില്‍ നോമിനേഷന്‍ നടത്തില്ലെന്ന് റോബിന്‍
ഈ സീസണില്‍ ഏറെ വ്യത്യസ്തമായ നീക്കങ്ങളും തന്ത്രങ്ങളും ആവിഷ്കരിച്ച് മുന്നോട്ടുപോകുന്ന മത്സരാര്‍ഥിയാണ് റോബിന്‍. ഇത്തവണത്തെ ജയില്‍ നോമിനേഷനിലും റോബിന്‍ ഒരു വ്യത്യസ്ത നിലപാട് സ്വീകരിച്ചു. വ്യക്തമായ കാരണം ഇല്ലാത്തതിനാല്‍ താന്‍ ആരെയും ജയിലിലേക്ക് നോമിനേറ്റ് ചെയ്യുന്നില്ലെന്നായിരുന്നു റോബിന്‍റെ നിലപാട്. എന്നാല്‍ നോമിനേഷന്‍ നടത്തിയേ തീരൂവെന്ന് ബിഗ് ബോസ് അറിയിച്ചു.
റോബിനെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുതെന്ന് ജാസ്‍മിന്‍
ജയില്‍ നോമിനേഷനില്‍ നിന്ന് പിന്മാറിയെന്ന റോബിന്‍റെ പ്രഖ്യാപനത്തെ ആക്രമിച്ചത് ജാസ്‍മിന്‍ ആയിരുന്നു. മുന്‍പ് നടന്ന പല മത്സരങ്ങളിലും ജയിക്കാന്‍ ധാര്‍മ്മികതയൊന്നും നോക്കാതിരുന്ന റോബിന്‍ ഇപ്പോള്‍ ഇങ്ങനെ പറയുന്നത് വെറും തന്ത്രമാണെന്നായിരുന്നു ജാസ്മിന്‍റെ ആരോപണം. ബിഗ് ബോസിന്‍റെ നിര്‍ദേശമനുസരിച്ച് റോബിനെക്കൊണ്ട് ജയില്‍ നോമിനേഷന്‍ നടത്തിക്കാന്‍ ക്യാപ്റ്റന്‍ ദില്‍ഷ ശ്രമിക്കുന്നുണ്ടായിരുന്നു.