Asianet News MalayalamAsianet News Malayalam

Bigg Boss Episode 2 Highlights : ആദ്യ ക്യാപ്റ്റനെ പ്രഖ്യാപിച്ചു! ഒപ്പം നോമിനേഷന്‍ ലിസ്റ്റും, വോട്ടിംഗ് തുടങ്ങി

ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ടാംദിനം സംഭവിച്ചത്

Bigg Boss Malayalam season 4 episode 1 live updates
Author
Thiruvananthapuram, First Published Mar 28, 2022, 8:41 PM IST | Last Updated Mar 29, 2022, 12:24 AM IST

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ മത്സര ദിനങ്ങള്‍ ഇന്ന് ആരംഭിച്ചു. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ഷോയുടെ ഉദ്ഘാടന എപ്പിസോഡ് ഇന്നലെ ആയിരുന്നു. 17 മത്സരാര്‍ഥികളാണ് ഇന്നലെ അവതരിപ്പിക്കപ്പെട്ടത്. ജനസാമാന്യത്തെ സംബന്ധിച്ച് ഏറെ പരിചിതമായ മുഖങ്ങള്‍ കുറവാണെങ്കിലും അണിയറക്കാരുടെ തെരഞ്ഞെടുപ്പ് തെറ്റിയിട്ടില്ല എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ആദ്യ എപ്പിസോഡിന് ശേഷം സോഷ്യല്‍ മീഡിയയിലുള്ള ബിഗ് ബോസ് ആരാധകരുടെ പ്രതികരണങ്ങള്‍. 

ആദ്യ എപ്പിസോഡിലേക്ക് കടക്കുമ്പോള്‍ പുതിയ ഒരു ബിഗ് ബോസ് സീസണിന്‍റെ എല്ലാവിധ കൗതുകങ്ങളും ആരാധകരെ സംബന്ധിച്ച് ഉണ്ടായിരുന്നു. പരിചിതരും അപരിചിതരുമായ മത്സരാര്‍ഥികളെ വ്യക്തിപരമായി അടുത്തറിയാന്‍ ലഭിക്കുന്ന ഒരു അവസരം കൂടിയാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ. മത്സരദിനമായ ഇന്നു മുതലാണ് അവരെ അടുത്തറിയാന്‍ പ്രേക്ഷകര്‍ക്ക് അവസരം ലഭിക്കുക. ആദ്യ ഗെയിമുകള്‍ ആരംഭിച്ച ഇന്ന് ആദ്യ ക്യാപ്റ്റനും തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ നോമിനേഷനുകളും ഇന്ന് നടന്നു!

വാര്‍ത്താസമ്മേളനത്തോടെ തുടക്കം!

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ പുതുമയായി വാര്‍ത്താസമ്മേളനം! ഷോയിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ അവതാരകനായ മോഹന്‍ലാലുമായി മാത്രമാണ് കഴിഞ്ഞ സീസണുകളില്‍ മത്സരാര്‍ഥികള്‍ സംവേദനം നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണത്തെ സീസണ്‍ ആരംഭിച്ചിരിക്കുന്നത് മത്സരാര്‍ഥികള്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ഒരു ചോദ്യത്തോര പരിപാടിയോടെയാണ്. പ്രേക്ഷകര്‍ക്കും പുതുമ നിറഞ്ഞ അനുഭവമായി ഇത്. 

Bigg Boss Malayalam season 4 episode 1 live updates

 

അര്‍ഹതയില്ലാത്തവര്‍!

സീസണ്‍ പുരോ​ഗമിക്കുമ്പോഴാണ് മത്സരാര്‍ഥികള്‍ക്കിടയില്‍ പിണക്കങ്ങളും തര്‍ക്കങ്ങളുമൊക്കെ ഉണ്ടാവാന്‍ സാധ്യതയുള്ള ടാസ്‍കുകള്‍ ബി​ഗ് ബോസ് സാധാരണ നല്‍കാറ്. എന്നാല്‍ അത്തരത്തിലൊരു ടാസ്‍ക് ആണ് നാലാം സീസണിന്‍റെ രണ്ടാംദിനം തന്നെ ബി​ഗ് ബോസ് മത്സരാര്‍ഥികള്‍ക്കായി നല്‍കിയത്. ഈ ഷോയിലേക്ക് വരാന്‍ അര്‍ഹതയില്ലെന്ന് നിങ്ങള്‍ കരുതുന്ന മൂന്ന് പേരുടെ പേരുകള്‍ പറയാനായിരുന്നു മത്സരാര്‍ഥികള്‍ക്ക് ലഭിച്ച നിര്‍ദേശം. നിമിഷ, ജാനകി, അശ്വിന്‍, എന്നിവരുടെയൊക്കെ പേരുകളാണ് കൂടുതല്‍ പറയപ്പെട്ടത്.

ജീവിതം പറഞ്ഞ് അശ്വിന്‍

സ്വന്തം ജീവിതം ലോകവുമായി പങ്കുവെക്കാനുള്ള ഒരു ടാസ്ക് എല്ലാത്തവണയും ബി​ഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കാറുണ്ട്. ഇത്തവണ ആ ടാസ്‍കില്‍ ആദ്യം സംസാരിച്ചത് അശ്വിന്‍ ആയിരുന്നു. ചിലര്‍ക്കൊക്കെ അറിയാവുന്ന സ്വന്തം ജീവിതകഥ അശ്വിന്‍ പറഞ്ഞപ്പോള്‍ പല മത്സരാര്‍ഥികളും കണ്ണീരണിഞ്ഞു. അശ്വിനെ ചേര്‍ത്തുപിടിച്ചാണ് മറ്റുള്ളവര്‍ ആശ്വസിപ്പിച്ചത്.

തലപ്പത്തേക്ക് അശ്വിന്‍

ആദ്യ ക്യാപ്റ്റനെ അപ്രതീക്ഷിതമായാണ് ബിഗ് ബോസ് ഇന്ന് പ്രഖ്യാപിച്ചത്. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്ന് മറ്റു മത്സരാര്‍ഥികള്‍ വിലയിരുത്തിയ നിമിഷ, ജാനകി, അശ്വിന്‍ എന്നിവര്‍ക്ക് ബിഗ് ബോസ് ഒരു ഫിസിക്കല്‍ ടാസ്ക് നല്‍കുകയായിരുന്നു. ആക്റ്റിവിറ്റി ഏരിയയില്‍ നടന്ന ടാസ്‍കില്‍ വിജയിച്ച അശ്വിനെ പിന്നാലെ ബിഗ് ബോസ് ആദ്യ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്‍തു.

സര്‍പ്രൈസ് നോമിനേഷന്‍!

സാധാരണയായി ആരംഭിക്കുന്ന വാരം ബിഗ് ബോസില്‍ നോമിനേഷന്‍ പ്രക്രിയ ഉണ്ടാവാറില്ല. എന്നാല്‍ ഇക്കുറി അതിനു വിപരീതമായി ഒരു സര്‍പ്രൈസ് നോമിനേഷനാണ് ബിഗ് ബോസ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അശ്വിന്‍ ഒഴികെയുള്ള മറ്റ് 16 പേരും ആദ്യ നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചു. ഇവര്‍ക്കായുള്ള വോട്ടിംഗും ആരംഭിച്ചിട്ടുണ്ട്.

Bigg Boss Malayalam season 4 episode 1 live updates

 

ക്യാപ്റ്റന്‍റെ പ്രത്യേക അധികാരങ്ങള്‍!

കഴിഞ്ഞ സീസണുകളിലേതിനേക്കാളൊക്കെ വലുതും മനോഹരവുമാണ് ഇത്തവണത്തെ ബിഗ് ബോസ് വീട്. ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്കുള്ള ചില സവിശേഷ സൗകര്യങ്ങളും ഇത്തവണയുണ്ട്. ക്യാപ്റ്റന് ഒരു പ്രത്യേക കിടപ്പുമുറിയാണ് അതില്‍ ഏറ്റവും പ്രധാനം. ക്യാപ്റ്റന് മാത്രമാണ് അവിടേക്ക് പ്രവേശനം. അല്ലെങ്കില്‍ ക്യാപ്റ്റന്‍റെ അനുവാദത്തോടെ മാത്രം ഒരാള്‍ക്കും അവിടേക്ക് പ്രവേശിക്കാം.

കണ്ണ് നനയിച്ച് ബ്ലെസ്‍ലിയും

പുറമേക്ക് നാം കാണുന്നതല്ല മനുഷ്യരെന്ന് വീണ്ടുംവീണ്ടും ബോധ്യപ്പെടുത്തുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ജീവിതം പറയാനുള്ള ടാസ്‍കില്‍ പങ്കെടുത്ത ബ്ലെസ്‍ലിയുടെ ജീവിതാനുഭവവും സഹമത്സരാര്‍ഥികളുടെ മിഴിനിറച്ചു. സ്വന്തം അച്ഛന്‍റെ മരണം കണ്ടുനില്‍ക്കേണ്ടിവന്ന അനുഭവം ഇടറുന്ന കണ്ഠത്തോടെയാണ് ബ്ലെസ്‍ലി പറഞ്ഞു നിര്‍ത്തിയത്. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി കൂടിയാണ് മുഹമ്മദ് ഡിലിജെന്റ് ബ്ലെസ്‍ലി.

പ്രതീക്ഷിച്ചവര്‍, ഒപ്പം അപ്രതീക്ഷിത എന്‍ട്രികളും

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ എത്തി നില്‍ക്കുമ്പോള്‍ ഷോയ്ക്ക് ഒരു വന്‍ ആരാധകവൃന്ദമാണ് ഉള്ളത്. അതിന്‍റെ ഏറ്റവും വലിയ തെളിവാണ് ഈ സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് ആരൊക്കെയാവും മത്സരാര്‍ഥികളെന്ന് പ്രവചിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഓണ്‍ലൈന്‍ വിശകലനങ്ങളും. അങ്ങനെ പലയിടങ്ങളില്‍ പറയപ്പെട്ടവരില്‍ ചിലരൊക്കെ ഈ ഷോയിലേക്ക് യഥാര്‍ഥത്തില്‍ എത്തിയിട്ടുണ്ട്. ഒപ്പം ചില അപ്രതീക്ഷിത എന്‍ട്രികളും. നടന്‍ നവീന്‍ അറയ്ക്കല്‍, നടി ജാനകി സുധീര്‍, നടി ലക്ഷ്‍മി പ്രിയ, മോട്ടിവേഷണല്‍ സ്പീക്കര്‍ ഡോ. റോബിന്‍ രാധാകൃഷ്ണന്‍, നടി ധന്യ മേരി വര്‍ഗീസ്, അവതാരക ശാലിനി നായര്‍, ഫിറ്റനസ് ട്രെയ്‍നര്‍ ജാസ്മിന്‍ എം മൂസ, ഹാസ്യ കലാകാരന്‍ അഖില്‍ ബി എസ്, മിസ് കേരള ഫൈനലിസ്റ്റ് 2021 നിമിഷ, ഫോട്ടോഗ്രാഫര്‍ ഡെയ്‍സി ഡേവിസ്, നടന്‍ റോണ്‍സണ്‍ വിന്‍സെന്‍റ്, മജീഷ്യന്‍ അശ്വിന്‍ വിജയ്, ആദ്യ വിദേശ സാന്നിധ്യം അപര്‍ണ്ണ മള്‍ബറി, നടന്‍ സൂരജ് തേലക്കാട്, ഗായകന്‍ ബ്ലെസ്‍ലി, നര്‍ത്തകിയും നടിയുമായ ദില്‍ഷ പ്രസന്നന്‍, നടി സുചിത്ര നായര്‍ എന്നിവരാണ് ഈ സീസണിലെ മത്സരാര്‍ഥികള്‍.

Latest Videos
Follow Us:
Download App:
  • android
  • ios