Bigg Boss 4 : 'നിങ്ങളുടെ എംബിബിഎസ് കള്ളമാണെന്ന് ഞാന്‍ പറയും'; റോബിനെതിരെ കടുത്ത വിമര്‍ശനവുമായി അഖില്‍
ചിരിയടക്കി മറ്റു മത്സരാര്‍ഥികള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 ദിവസങ്ങള്‍ മുന്നോട്ടു പോകുന്തോറും കൂടുതല്‍ ആവേശകരമായി മാറുന്ന കാഴ്ചയാണ്. ജയില്‍ നോമിനേഷന്‍ ആയിരുന്നു ഇന്നത്തെ പ്രധാന അജണ്ട. സാധാരണ ആഴ്ചകളില്‍ പ്രത്യേകതകളൊന്നുമില്ലാതെ കടന്നുപോകുന്ന ജയില്‍ നോമിനേഷന്‍ ഇത്തവണ അങ്ങനെ ആയിരുന്നില്ല. ഡോ. റോബിന്‍റെ വ്യത്യസ്ത നിലപാടാണ് അത്തരമൊരു സ്ഥിതി ഉണ്ടാക്കിയത്.
തനിക്ക് ഒരു വാലിഡ് റീസണ്‍ കണ്ടെത്താന്‍ പറ്റാത്തതിനാല്‍ ഇത്തവണ ആരെയും ജയിലിലേക്ക് നോമിനേറ്റ് ചെയ്യുന്നില്ല എന്നായിരുന്നു റോബിന്‍റെ നിലപാട്. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ ബിഗ് ബോസ് തയ്യാറായിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം അത്തരമൊരു തീരുമാനം എടുക്കാനാവില്ലെന്നും നോമിനേഷന്‍ നിര്‍ബന്ധമായും ചെയ്യണമെന്നും ബിഗ് ബോസ് അറിയിച്ചു. എന്നാല്‍ അപ്പോഴും റോബിന്‍ സ്വന്തം നിലപാടില്‍ ഉറച്ചായിരുന്നു. ജാസ്മിന്‍ ആണ് ഈ നിലപാട് എടുത്തതിന്‍റെ പേരില്‍ റോബിനെ ആദ്യം കടന്നാക്രമിച്ചത്. ബിഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം ക്യാപ്റ്റന്‍ ദില്‍ഷ റോബിനെക്കൊണ്ട് നോമിനേഷന്‍ നടത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതിനിടെ അഖില്‍ എണീറ്റുനിന്ന് റോബിനെക്കുറിച്ച് ആക്ഷേപഹാസ്യ സ്വരത്തില്‍ ഒരു നിരീക്ഷണം നടത്തിയത് പല മത്സരാര്‍ഥികളെയും ചിരിപ്പിച്ചു. അത് ഇങ്ങനെ ആയിരുന്നു..
"ഡോക്ടറിന്റെ നല്ല മനസിനെ ഞാന്‍ അംഗീകരിക്കുന്നു. നിങ്ങള്‍ നല്ല ഒരാളാണ്. എല്ലാം ഓകെ. പക്ഷേ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഡോക്ടറിന് ഇങ്ങനെ നല്ല ഒരു മനസ് എങ്ങനെ വന്നു എന്ന് എനിക്കറിയില്ല. കാരണം ഞാന്‍ അത്ര നല്ല മനസുള്ള ഒരാളല്ല. ഞാന്‍ ഇച്ചിരി ദുഷ്ടനാണ്. ഒരാള്‍ നല്ല കാര്യം ചെയ്‍താല്‍ അംഗീകരിക്കണമെന്ന് ഡെയ്‍സിയുടെ മുഖത്തു നോക്കി പറഞ്ഞ് തിരുത്താന്‍ നിന്ന ഡോക്ടര്‍ക്ക് ഡെയ്‍സി ഇതുവരെ ചെയ്‍തത് തെറ്റായിട്ട് ഇതുവരെ തോന്നിയിട്ടില്ല? ഇപ്പോഴും തോന്നുന്നില്ല? അതൊരു വാലിഡ് റീസണ്‍ അല്ല? ഞങ്ങള്‍ എല്ലാവരും നോമിനേഷന്‍ നടത്തിയപ്പോള്‍ പറഞ്ഞതൊന്നും ഡോക്ടര്‍ കണ്ടിട്ടുമില്ല, അതൊന്നും വാലിഡ് റീസണും അല്ലെങ്കില്‍ ഡോക്ടറേ, നിങ്ങളെ ഞാന്‍ മഹാത്മ ഗാന്ധി എന്ന് വിളിക്കും. ഞാന്‍ ബ്ലെസ്‍ലി എന്ന് വിളിക്കട്ടെ നിങ്ങളെ? ഞാനീ പറയുന്നത് തെറ്റാണെങ്കില്‍ ഈ ഇരിക്കുന്നവരും കാണുന്ന പ്രേക്ഷകരും ക്ഷമിക്കുക. ഡോക്ടര്‍ ഇപ്പോള്‍ പെരുമാറുന്ന പെരുമാറ്റവും ഇപ്പോള്‍ ഇവിടെ കാണിച്ചുകൊണ്ടിരിക്കുന്നതും എനിക്ക് യഥാര്‍ഥ റോബിന്‍ ഡോക്ടര്‍ ആയി തോന്നിയില്ല. റോബിന്‍ ഡോക്ടര്‍ ഇങ്ങനെയല്ല. ചെറിയ കാര്യങ്ങള്‍ പോലും ചൂണ്ടിക്കാട്ടി എന്നെ തിരുത്തിയിട്ടുള്ള ആളാണ് ഡോക്ടര്‍. ഞാന്‍ പല കാര്യങ്ങളിലും ഡോക്ടറെയും തിരുത്തിയിട്ടുണ്ട്. അങ്ങനെ നിന്ന ഡോക്ടര്‍ക്ക് ഈയൊരാഴ്ച ഇവിടെ നടന്ന കാര്യങ്ങളില്‍ ഒരു വാലിഡ് റീസണ്‍ കണ്ടുപിടിക്കാന്‍ പറ്റുന്നില്ല എന്നു പറഞ്ഞാല്‍ നിങ്ങളുടെ എംബിബിഎസ് കള്ളമാണെന്ന് ഞാന്‍ പറയും", അഖില്‍ പറഞ്ഞുനിര്‍ത്തി.