എന്തുകൊണ്ട് മടക്കി അയക്കുന്നു? ലച്ചുവിനോട് വിശദീകരിച്ച് ബിഗ് ബോസ്
"ഇവിടെ നല്‍കാവുന്ന ചികിത്സകള്‍ക്ക് പരിമിതികള്‍ ഉണ്ട്"
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ എവിക്ഷനിലൂടെ അല്ലാതെ പുറത്താവുന്ന രണ്ടാമത്തെ മത്സരാര്‍ഥി ആണ് ലച്ചു എന്ന ഐശ്വര്യ സുരേഷ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഹനാന്‍ ആണ് ഇതിനു മുന്‍പ് ഇത്തരത്തില്‍ പുറത്തായത്. ഇരുവരും ആരോഗ്യപരമായ കാരണങ്ങളാലാണ് പുറത്തേക്ക് പോയത്. ഹനാന്‍ ഏതാനും ദിവസം മാത്രമാണ് ഹൗസില്‍ നിന്നതെങ്കില്‍ ലച്ചു 29 ദിവസം ഹൗസില്‍ സജീവസാന്നിധ്യം ആയതിനു ശേഷമാണ് പുറത്ത് പോകുന്നത്.
ലക്ഷ്വറി ബജറ്റ് അനുസരിച്ചുള്ള ഭക്ഷ്യവസ്തുക്കള്‍ സ്വന്തമാക്കാന്‍ ബിഗ് ബോസ് ഇന്നൊരു രസകരമായ ടാസ്ക് നല്‍കിയിരുന്നു. അതില്‍ ലച്ചുവും പങ്കെടുത്തിരുന്നു. അതിനു പിന്നാലെ ലച്ചുവിന് ഛര്‍ദ്ദിയും കഠിനമായ തലവേദനയും ഉണ്ടാവുകയായിരുന്നു. ലച്ചുവിന്‍റെ ആവശ്യപ്രകാരം മെഡിക്കല്‍ റൂം ബിഗ് ബോസ് ടീം തുറന്ന് നല്‍കി. അവിടുത്തെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു പിന്നാലെയാണ് ലച്ചു വീട്ടിലേക്ക് പോയി കൂടുതല്‍ ചികിത്സ തേടുന്നതാണ് നല്ലതെന്ന തീരുമാനം ബിഗ് ബോസ് സ്വീകരിച്ചത്. ലച്ചു വീട്ടിലേക്ക് എത്തി അല്‍പസമയം കഴിഞ്ഞ് മുഴുവന്‍ മത്സരാര്‍ഥികളെയും ഹാളില്‍ വിളിച്ചിരുത്തി ബിഗ് ബോസ് തീരുമാനം പറഞ്ഞു.
"ലച്ചുവിന്‍റെ ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദേശിച്ചത് പ്രകാരം ഇത് ഈ ബിഗ് ബോസ് വീട്ടിലെ ലച്ചുവിന്‍റെ അവസാന ദിവസമാണ്. ലച്ചു ഒരു നല്ല മത്സരാര്‍ഥി ആയിരുന്നു. പക്ഷേ ഏതൊരു മനുഷ്യനും ആരോഗ്യമാണ് പരമപ്രധാനം. അതുകൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞ് കണ്‍ഫെഷന്‍ റൂം വഴി പുറത്ത് പോകാവുന്നതാണ്", ബിഗ് ബോസ് പറഞ്ഞു. പിന്നീട് സഹമത്സരാര്‍ഥികളോട് യാത്ര ചോദിച്ച് കണ്‍ഫെഷന്‍ റൂമില്‍ എത്തിയപ്പോഴും ബിഗ് ബോസ് ലച്ചുവിനോട് ഈ തീരുമാനം എടുക്കാനുണ്ടായ സാഹചര്യം ഒന്നുകൂടി വിശദീകരിച്ചു.
"കഴിഞ്ഞ ഒരാഴ്ച തുടര്‍ച്ചയായി ലച്ചുവിന്‍റെ ആരോഗ്യസ്ഥിതി വളരെ വഷളായിരിക്കുകയാണ്. ഇവിടെ നല്‍കാവുന്ന ചികിത്സകള്‍ക്ക് പരിമിതികള്‍ ഉണ്ട്. ലച്ചുവിന് കൂടുതല്‍ ചികിത്സ ആവശ്യമാണെന്നും അതിന് സ്വന്തം വീട്ടില്‍ പോകുന്നതാണ് ഉചിതമെന്നും ഞങ്ങള്‍ മനസിലാക്കുന്നു. ലച്ചുവിനും ഈ കാര്യങ്ങള്‍ വ്യക്തമാണോ"? ബിഗ് ബോസ് ചോദിച്ചു. തനിക്കും ഇതാണ് ശരിയെന്ന് തോന്നുന്നതെന്ന് ലച്ചു പറഞ്ഞു. "നിങ്ങളൊരു നല്ല മത്സരാര്‍ഥി ആയിരുന്നു. മികച്ച ആരോഗ്യം വീണ്ടെടുക്കുന്നതിനായി ആശംസിക്കുന്നു", ബിഗ് ബോസ് പറഞ്ഞു.
ALSO READ : ബജറ്റ് 8917 കോടി രൂപ! അവതാര്‍ 2 നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം എത്ര?