ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, നടി, ആക്ടിവിസ്റ്റ്; ബിഗ് ബോസില്‍ സൂപ്പര്‍സ്റ്റാര്‍ ആവാന്‍ ഭാഗ്യലക്ഷ്‍മി
ബിഗ് ബോസ് മലയാളം മൂന്നാം സീസണിന് തുടക്കം, മത്സരിക്കാന്‍ ഭാഗ്യലക്ഷ്‍മി
'ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്' എന്നു കേട്ടാല്‍ മലയാളി സിനിമാപ്രേമിയുടെ മനസിലേക്ക് ആദ്യമെത്തുന്ന മുഖം. നടിയായും ആക്ടിവിസ്റ്റ് ആയും ടെലിവിഷന്‍ അവതാരകയായുമൊക്കെ മുഖവുരകളുടെ ആവശ്യമില്ലാത്ത സാന്നിധ്യം. ഇതൊക്കെയാണ് മലയാളികളെ സംബന്ധിച്ച് ഭാഗ്യലക്ഷ്‍മി. ഇപ്പോഴിതാ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്‍റെ സീസണ്‍ 3ലെ ഒരു പ്രധാന മത്സരാര്‍ഥിയായും എത്തുകയാണ് ഭാഗ്യലക്ഷ്‍മി.
കോഴിക്കോട് സ്വദേശിയായ ഭാഗ്യലക്ഷ്മി നന്നേ ചെറുപ്പത്തില്‍ തന്നെ ഡബ്ബിംഗ് മേഖലയിലേക്ക് എത്തിയ ആളാണ്. ബാലതാരങ്ങള്‍ക്ക് ശബ്ദം നല്‍കിക്കൊണ്ട് പത്താം വയസിലാണ് അഭിനേതാക്കള്‍ക്ക് ശബ്ദം നല്‍കിത്തുടങ്ങിയത്. 1977ല്‍ പുറത്തിറങ്ങിയ 'അപരാധി' എന്ന ചിത്രത്തിലെ വര്‍ക്ക് ശ്രദ്ധിക്കപ്പെട്ടെങ്കിലും ഭാഗ്യലക്ഷ്മി എന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന് ബ്രേക്ക് നേടിക്കൊടുത്തത് ജയന്‍ നായകനായ പ്രശസ്ത ചിത്രം 'കോളിളക്ക'മാണ് (1981). സുമലതയ്ക്കുവേണ്ടിയാണ് ഭാഗ്യലക്ഷ്മി ഈ ചിത്രത്തില്‍ ഡബ്ബ് ചെയ്തത്.
പില്‍ക്കാലത്ത് മേനക, നദിയ മൊയ്തു, ശോഭന, ഉര്‍വ്വശി, നയന്‍താര തുടങ്ങി മലയാളത്തിലെ മിക്ക ഒന്നാംനിര നടിമാരുടെയും ശബ്ദമായിമാറി ഭാഗ്യലക്ഷ്മി. 'മണിച്ചിത്രത്താഴി'ല്‍ ശോഭന അവതരിപ്പിച്ച 'ഗംഗ' എന്ന കഥാപാത്രത്തിന് പൂര്‍ണ്ണതയേകുന്നതില്‍ ഭാഗ്യലക്ഷ്മിയുടെ ഡബ്ബിംഗ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അങ്ങനെ അനേകം കഥാപാത്രങ്ങള്‍. ഉള്ളടക്കം, എന്‍റെ സൂര്യപുത്രിക്ക്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി നിരവധി തവണ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഭാഗ്യലക്ഷ്മിയെ തേടിയെത്തി. 'സ്വരഭേദങ്ങള്‍' എന്ന ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
യുട്യൂബിലൂടെ തനിക്കെതിരെയടക്കം അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ എന്നയാളെ കൈയേറ്റം ചെയ്ത സംഭവവും തുടര്‍ന്നുണ്ടായ ചര്‍ച്ചകളുമാണ് ഭാഗ്യലക്ഷ്‍മിയെ സമീപകാലത്ത് പൊതുശ്രദ്ധയിലേക്ക് എത്തിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സംഭവം. ആക്ടിവിസ്റ്റും ബിഗ് ബോസ് മലയാളം സീസണ്‍ 1 മത്സരാര്‍ഥിയുമായ ദിയ സനയും ഭാഗ്യലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്നു. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കോടതി പിന്നീട് ഭാഗ്യലക്ഷ്മിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നവമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയെത്തുടര്‍ന്ന് സംവിധായകന്‍ ശാന്തിവിള ദിനേശിനെ തിരുവനന്തപുരം സൈബര്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.