ഡിംപല്‍ 'തിരിച്ചറിവി'ലേക്ക് വരുന്നെന്ന് ഭാഗ്യലക്ഷ്‍മി; എല്ലാം ഗെയിം സ്ട്രാറ്റജിയെന്ന് കിടിലം ഫിറോസ്
ഡിംപലും മണിക്കുട്ടനും പരസ്പരം സംസാരിച്ചുകൊണ്ട് ദൂരെ ഇരിക്കുന്നത് കണ്ടുകൊണ്ടാണ് ഇതേക്കുറിച്ച് ഫിറോസുമായുള്ള സംഭാഷണത്തിലേക്ക് ഭാഗ്യലക്ഷ്‍മി എത്തുന്നത്. 'ഡിംപല്‍ സംസാരിച്ച് സംസാരിച്ചാണോ മെലിയുന്നത്?' എന്നാണ് ഫിറോസിനോട് ഭാഗ്യലക്ഷ്‍മി ചോദിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. എന്നാല്‍ മറ്റ് പല മത്സരാര്‍ഥികളുടെയും കാര്യമെന്നതുപോലെതന്നെ ഹൗസിനുള്ളില്‍ ഡിംപലിനെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ട്. എല്ലാവരുടെയും കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന സ്വഭാവം ഡിംപലിന് ഉണ്ടായിരുന്നുവെന്നും എന്നാല്‍ അക്കാര്യത്തില്‍ അവര്‍ക്കിപ്പോള്‍ തിരിച്ചറിവ് വരുന്നുണ്ടെന്നും ഭാഗ്യലക്ഷ്‍മി പറയുന്നു. കിടിലം ഫിറോസിനോടുള്ള സ്വകാര്യ സംഭാഷണത്തിലാണ് ഭാഗ്യലക്ഷ്‍മിയുടെ അഭിപ്രായപ്രകടനം. എന്നാല്‍ ഡിംപലിന് അത്തരമൊരു 'തിരിച്ചറിവ്' വന്നതായി തനിക്ക് തോന്നുന്നില്ലെന്ന് പറയുന്നു ഫിറോസ്. മറിച്ച് കൃത്യമായ ഗെയിം സ്ട്രാറ്റജി ഉള്ള ആളാണ് ഡിംപല്‍ എന്നും പറയുന്നു ഫിറോസ്.
ഡിംപലും മണിക്കുട്ടനും പരസ്പരം സംസാരിച്ചുകൊണ്ട് ദൂരെ ഇരിക്കുന്നത് കണ്ടുകൊണ്ടാണ് ഇതേക്കുറിച്ച് ഫിറോസുമായുള്ള സംഭാഷണത്തിലേക്ക് ഭാഗ്യലക്ഷ്‍മി എത്തുന്നത്. 'ഡിംപല്‍ സംസാരിച്ച് സംസാരിച്ചാണോ മെലിയുന്നത്?' എന്നാണ് ഫിറോസിനോട് ഭാഗ്യലക്ഷ്‍മി ചോദിക്കുന്നത്. "എനിക്കറിയില്ല, എന്തിലും ഏതിലും കയറി അവള്‍ ഇങ്ങനെ ഇടപെടുകയാണ്. അവളുടെ അഭിപ്രായമാണ് പരമാധികാരം എന്ന രീതിയില്‍ പറയും", എന്ന് ഫിറോസിന്‍റെ പ്രതികരണം. എന്നാല്‍ കഴിഞ്ഞദിവസം ദീര്‍ഘമായി ഡിംപല്‍ തന്നോട് സംസാരിച്ചെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ താന്‍ എന്തിനാണ് താന്‍ ഇടപെടുന്നത് എന്ന് ഡിംപല്‍ തന്നോട് പറഞ്ഞെന്നും ഭാഗ്യലക്ഷ്‍മി പറയുന്നു. ഇപ്പോള്‍ കുറച്ച് 'തിരിച്ചറിവ്' വരുന്നുണ്ടെന്നും.
എന്നാല്‍ അങ്ങനെ താന്‍ കരുതുന്നില്ലെന്നാണ് കിടിലം ഫിറോസിന്‍റെ മറുപടി. ഡിംപല്‍ ഇപ്പോഴും എല്ലാവരുടെയും കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നും അത് അവരുടെ സ്ട്രാറ്റജി ആണെന്നും ഫിറോസ് പറയുന്നു- "ഡിംപല്‍ ചെയ്യുന്ന ഗെയിം സ്ട്രാറ്റജി വളരെ സിംപിള്‍ ആണ്. ആദ്യദിവസം തന്നെ ആളുകളുടെ ശ്രദ്ധ അങ്ങു പിടിച്ചു. അതിനുശേഷം ആ അറ്റന്‍ഷന്‍ കൊണ്ടുപോകാന്‍ നോക്കി, പക്ഷേ പാളി. ആര് എവിടെ എന്ത് സംസാരിച്ചാലും അവിടെ പുള്ളിക്കാരി ഇടപെടും. ഓരോ ടാസ്‍കും ഓരോ ആക്റ്റിവിറ്റിയും കഴിയുമ്പോള്‍ ഒരാളെ നമ്മള്‍ മനസിലാക്കുമല്ലോ. എനിക്കിപ്പൊ പഴയ ആ ഒരു അതിശയം ഇല്ല. ഷി ഈസ് വെല്‍ പ്ലാന്‍ഡ് എന്നാണ് എനിക്ക് തോന്നുന്നത്. ഡിംപല്‍ ഓരോ ആഴ്ചയും എങ്ങനെ നില്‍ക്കണം എന്നത് പ്ലാന്‍ ചെയ്‍ത ഒരു ഗെയിമര്‍ ആണ്", ഫിറോസ് തന്‍റെ നിരീക്ഷണം വ്യക്തമാക്കുന്നു.