'ബിഗ് ബോസ് എനിക്കു പറ്റിയ പ്ലാറ്റ്ഫോം ആയിരുന്നില്ല'; പുറത്തായതിനെക്കുറിച്ച് എയ്ഞ്ചല്‍ തോമസ്
"അവിടെയുള്ള എല്ലാവരും എന്‍റെ ഫാമിലി ആയതുകൊണ്ടുതന്നെ എനിക്ക് ആരെയും വേദനിപ്പിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഈ ഗെയിം കളിക്കാനുള്ള ക്വാളിറ്റി എനിക്കില്ല"
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ മൂന്നാമത്തെ എലിമിനേഷന്‍ ആണ് ഇന്ന് നടന്നത്. ലക്ഷ്‍മി ജയന്‍, മിഷേല്‍ എന്നിവര്‍ക്കു പിന്നാലെ എയ്ഞ്ചല്‍ തോമസ് ആണ് ഈ വാരം പുറത്തായത്. റിതു മന്ത്ര, സൂര്യ, സജിന-ഫിറോസ്, മണിക്കുട്ടന്‍, എയ്ഞ്ചല്‍ എന്നിവരായിരുന്നു ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്. ഇതില്‍ റിതുവും സൂര്യയും സേഫ് ആണെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ത്തന്നെ അറിയിച്ചിരുന്നു. അവശേഷിച്ച മത്സരാര്‍ഥികള്‍ മണിക്കുട്ടനും സജിന-ഫിറോസും എയ്ഞ്ചലും ആയിരുന്നു. ഇതില്‍ പുറത്തുപോകുന്നത് ആരായിരിക്കും എന്നത് പ്രേക്ഷകരെ സംബന്ധിച്ച് ഏറെക്കുറെ ഊഹിക്കാന്‍ കഴിയുന്നത് തന്നെയായിരുന്നു.
സജിനയും ഫിറോസും സേഫ് ആണെന്ന് പറഞ്ഞതിനു ശേഷമാണ് മണിക്കുട്ടന്‍, എയ്ഞ്ചല്‍ എന്നിവരില്‍ ആരാണ് എലിമിനേറ്റ് ആവുന്നതെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ഈ ഫലം പ്രതീക്ഷിച്ചിരുന്നു എന്ന തരത്തിലായിരുന്നു എയ്ഞ്ചലിന്‍റെ പ്രതികരണവും. പേര് പ്രഖ്യാപിച്ചതിനു ശേഷം വേഗത്തില്‍ പുറത്തേക്കു നടന്ന എയ്ഞ്ചലിനെ യാത്രയാക്കാന്‍ ബിഗ് ബോസ് സുഹൃത്തുക്കളും മുറ്റത്തേക്ക് എത്തി. പിന്നാലെ എയ്ഞ്ചല്‍ ഓരോരുത്തരോടായി യാത്ര ചോദിച്ചു. ഭാഗ്യലക്ഷ്‍മി, നോബി, അഡോണി എന്നിവരെയെല്ലാം ഹഗ് ചെയ്‍ത് യാത്ര ചോദിച്ചാണ് എയ്ഞ്ചല്‍ മോഹന്‍ലാലിനൊപ്പം പുറത്തെ വേദിയിലേക്ക് എത്തിയത്.
എന്തു പറ്റി എന്നായിരുന്നു മോഹന്‍ലാലിന്‍റെ ആദ്യ ചോദ്യം. ഇത്രയും ദിവസം ബിഗ് ബോസില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നുവെന്നായിരുന്നു എയ്ഞ്ചലിന്‍റെ മറുപടി. "എന്‍റെ സ്വഭാവത്തില്‍ ഞാനിങ്ങനെ അടങ്ങിയൊതുങ്ങി നില്‍ക്കുന്നതല്ല. പക്ഷേ ഇത്രയും ദിവസം എനിക്ക് നില്‍ക്കാന്‍ പറ്റി. അവിടെയുള്ള എല്ലാവരും എന്‍റെ ഫാമിലി ആയതുകൊണ്ടുതന്നെ എനിക്ക് ആരെയും വേദനിപ്പിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഈ ഗെയിം കളിക്കാനുള്ള ക്വാളിറ്റി എനിക്കില്ല. ഇങ്ങനെയുള്ള സൗഹൃദങ്ങള്‍ എനിക്ക് മുന്‍പ് കിട്ടിയിട്ടില്ല", മോഹന്‍ലാലിന്‍റെ ചോദ്യത്തിന് ഉത്തരമായി എയ്ഞ്ചല്‍ പറഞ്ഞു. വേദിയിലെ സ്ക്രീനിലൂടെ ബിഗ് ബോസിലെ സഹമത്സരാര്‍ഥികളെ വീണ്ടും കണ്ട എയ്ഞ്ചല്‍ വികാരവായ്പ്പോടെയാണ് അവരോട് സംസാരിച്ചത്. "എനിക്ക് പറ്റിയ പ്ലാറ്റ്ഫോം അല്ല അത്. ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടായിരുന്നു അവിടുന്ന് വെളിയില്‍ വരണമെന്ന്. നിങ്ങള്‍ നന്നായി ഗെയിം കളിക്ക്", എയ്ഞ്ചല്‍ അവരോടായി പറഞ്ഞു.