രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടും കണ്ണൂരും, കെ മുരളീധരനായി നാളെ തലസ്ഥാനത്തെത്തും
കേരളത്തിൽ ബിജെപിയുടെ ഏക സീറ്റായ നേമം മണ്ഡലം പിടിച്ചെടുക്കാനായി പോരാട്ടത്തിനിറങ്ങിയ കെ മുരളീധരന് ആവശ്യപ്പെട്ടതനുസരിച്ച് എത്താമെന്നറിയിച്ചിരുന്ന പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിലായതോടെയാണ് രാഹുൽ എത്തുന്നത്.
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നാളെ കോഴിക്കോടെത്തും. രാവിലെ കോഴിക്കോട് എത്തുന്ന രാഹുൽ ഞായറാഴ്ച വൈകിട്ടോടെ തിരുവനന്തപുരത്തും പ്രചാരണത്തിനായി എത്തും. ശനിയാഴ്ച കോഴിക്കോടും കണ്ണൂരുമാണ് രാഹുലിന് പ്രചാരണ പരിപാടികളുണ്ടാകുക.
ഞായറാഴ്ച വൈകിട്ടാണ് രാഹുല്‍ ഗാന്ധി കെ മുരളീധരനായി നേമത്ത് എത്തുന്നത്. കേരളത്തിൽ ബിജെപിയുടെ ഏക സീറ്റായ നേമം മണ്ഡലം പിടിച്ചെടുക്കാനായി പോരാട്ടത്തിനിറങ്ങിയ കെ മുരളീധരന് ആവശ്യപ്പെട്ടതനുസരിച്ച് എത്താമെന്നറിയിച്ചിരുന്ന പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിലായതോടെയാണ് രാഹുൽ എത്തുന്നത്. ഞായറാഴ്ച അഞ്ച് മണിക്ക് പൂജപ്പുരയിൽ നടക്കുന്ന പ്രചരണയോഗത്തിലാകും നേമം സ്ഥാനാർത്ഥി കെ മുരളീധരന് വേണ്ടി കോൺഗ്രസ് മുൻ അധ്യക്ഷൻ വോട്ട് ചോദിക്കുക.
കൊവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധി നേമത്തെ പ്രചാരണം റദ്ദാക്കിയത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോവുകയായിരുന്നു. കൊവിഡ് പരിശോധനയില്‍ നെഗറ്റീവാണെങ്കിലും മൂന്ന് നാല് ദിവസം താന്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് വീഡിയോ സന്ദേശത്തിലൂടെ പ്രിയങ്ക ഗാന്ധി അറിയിച്ചു.