'വോട്ടുപിടിക്കാന്‍ വിഎസിന്‍റെ പടം'; ആര്‍എംപിക്കെതിരെ പരാതി, അന്വേഷണം നടത്തുന്നതായി റിട്ടേണിംഗ് ഓഫീസര്‍


നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിനം വി.എസ് വടകരയിലെ ടി.പി ചന്ദ്രശേഖരന്‍റെ വീട്ടിലെത്തി കെ.കെ രമയെ സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ ആര്‍എംപിയുടെ ലഘുലേഖകകളിലും തെരഞ്ഞെടുപ്പ് കട്ടൗട്ടറുകളിലും ഉപയോഗിച്ചിരുന്നു. വ

ldf complaint against rmp using vs achuthanandan photo in vadakara

കോഴിക്കോട്: വടകരയില്‍ വി.എസിന്‍റെ ചിത്രങ്ങള്‍ ഉപയോഗിച്ച് വോട്ടുപിടിക്കുന്നതിനെതിരെ ഇടതുമുന്നണിയുടെ പരാതി. വി.എസ് കെ.കെ രമയെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്ന് കാട്ടിയാണ് എല്‍ഡിഎഫ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. പരാതിയെക്കുറിച്ച് അന്വേഷണം നടത്തുന്നതായി റിട്ടേണിംഗ് ഓഫീസര്‍ പറഞ്ഞു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിനം വി.എസ് വടകരയിലെ ടി.പി ചന്ദ്രശേഖരന്‍റെ വീട്ടിലെത്തി കെ.കെ രമയെ സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ ആര്‍എംപിയുടെ ലഘുലേഖകകളിലും തെരഞ്ഞെടുപ്പ് കട്ടൗട്ടറുകളിലും ഉപയോഗിച്ചിരുന്നു. വടകര നഗരസഭ പരിധിയിലെ പലയിടത്തും ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുളള ഫ്ളക്സ് ബോര്‍ഡുകള്‍ ഉയരുകയും ചെയ്തു. ആര്‍എംപി ഇറക്കിയ മാറാനുറച്ച് വടകര എന്ന ലഘുലേഖയിലും ഈ ചിത്രം ഉള്‍പ്പെടുത്തി. 

സിപിഎമ്മിലെ വി.എസ് അനുകൂലികളുടെ കൂടി പിന്തുണ ലാക്കാക്കിയുളള ഈ നീക്കത്തിനെതിരെയാണ് ഇടതുമുന്നണിയുടെ പരാതി. സിപിഎമ്മിന്‍റെ പ്രമുഖ നേതാവായിരുന്ന കേളുവേട്ടന്‍റെ ചിത്രങ്ങളും ആര്‍എംപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതായി പരാതിയില്‍ പറയുന്നു. 

സിപിഎം നേതാക്കളുടെ ചിത്രങ്ങള്‍ ഇടതുമുന്നണിക്കെതിരായ പ്രചാരണത്തിന് ഉപയോഗിക്കുന്നത് സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന പരാതിയെത്തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വടകര നിയോജക മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ എന്‍.ഐ ഷാജു പറഞ്ഞു. എന്നാല്‍ പത്ര ദൃശ്യ മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ മാത്രമാണ് ഇവയെന്നും പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ യാതൊന്നും ലഘുലേഖയിലോ പ്രചാരണ ബോര്‍ഡുകളിലോ ഇല്ലെന്നും ആര്‍എം പി വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios