'കടക്ക് പുറത്ത്; കോണ്‍ഗ്രസ് വിട്ട പിസി ചാക്കോയ്ക്ക് ഓണ്‍ലൈനില്‍ സമ്മാനം അയച്ച് കെഎസ്‍യു നേതാവ്

 താങ്കൾ നേരത്തെ പോവുകയാണങ്കിൽ കഴിഞ്ഞ തിരഞെടുപ്പിൽ പാർട്ടിക്ക് രണ്ട് സീറ്റ് നഷ്ടപെടില്ലായിരുന്നു. ഇനി ഈ വഴിക്ക് കാണരുത്, കടക്ക് പുറത്ത്'- ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചു.

ksu malappuram district president facebook post against pc chacko

മലപ്പുറം: കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച  മുതിര്‍ന്ന നേതാവ് പിസി ചാക്കോയ്ക്കെതിരെ കെ എസ് യു മലപ്പുറം ജില്ലാ പ്രസിഡന്‍റ്. പാര്‍ട്ടി വിട്ട പിസി ചാക്കോയ്ക്ക് ഓണ്‍ലൈനില്‍ സമ്മാനം അയച്ചാണ് കെ എസ് യു മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഹാരിസ് മൂതൂർ പ്രതിഷേധിച്ചത്. ദില്ലിയിലെ അഡ്രസിലേക്കാണ് സമ്മാനം അയച്ചിരിക്കുന്നത്. 

'ഒന്നിലധികം തവണ എംപിയും സംസ്ഥാന മന്ത്രിയുമായ അങ് ലവലേശം ഉളുപ്പുണ്ടെങ്കിൽ കിട്ടുന്ന പെൻഷൻ പാർട്ടിക്കു തിരിച്ചു നൽകാൻ തയ്യാറാവണം.  താങ്കൾ നേരത്തെ പോവുകയാണങ്കിൽ കഴിഞ്ഞ തിരഞെടുപ്പിൽ പാർട്ടിക്ക് രണ്ട് സീറ്റ് നഷ്ടപെടില്ലായിരുന്നു. ഇനി ഈ വഴിക്ക് കാണരുത്, കടക്ക് പുറത്ത്'- ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചു.

പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണനയുടെ പശ്ചാത്തലത്തിലാണ് പാർട്ടി വിടുന്നതെന്നായിരുന്നു രാജിക്ക് ശേഷം പിസി ചാക്കോയുടെ പ്രതികരണം. ഇത്തവണ സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ കടുത്ത അമർഷത്തിലായിരുന്നു ചാക്കോ. ഇതാണ് പെട്ടെന്നുള്ള രാജിപ്രഖ്യാപനത്തിലേക്ക് എത്തിയതെന്നാണ് സൂചന. 

നാല് തവണ എംപിയായ നേതാവാണ് പി സി ചാക്കോ. ഇടുക്കി, തൃശ്ശൂർ, മുകുന്ദപുരം മണ്ഡലങ്ങളെ ലോക്സഭയിൽ ചാക്കോ പ്രതിനിധീകരിച്ചിട്ടുണ്ട്. എഴുപതുകളിൽ യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ ചാക്കോ, യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്നു. പിറവത്ത് നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1975-ൽ കെപിസിസി ജനറൽ സെക്രട്ടറിയായ ചാക്കോ, 1980-ൽ വ്യവസായമന്ത്രിയുമായി. 1982 മുതൽ 1986 വരെ കോൺഗ്രസ് എസ്സിൽ പ്രവർത്തിച്ചു അദ്ദേഹം. ആദ്യമായി 1991-ൽ തൃശ്ശൂരിൽ നിന്നാണ് ആദ്യമായി ചാക്കോ ലോക്സഭയിലെത്തുന്നത്. പിന്നീട് ദേശീയരാഷ്ട്രീയത്തിൽ നിലയുറപ്പിച്ച ചാക്കോ, പല ഉന്നതപദവികളും വഹിച്ചിട്ടുണ്ട്. ടുജി സ്പെക്ട്രം അഴിമതി അന്വേഷിച്ച പാർലമെന്‍ററി സമിതിയുടെ അധ്യക്ഷനായിരുന്നു ചാക്കോ. പിന്നീട് ദില്ലി അടക്കം വിവിധ സംസ്ഥാനങ്ങളുടെ ചുമതലയും ചാക്കോയ്ക്ക് ഹൈക്കമാൻഡ് നൽകി. 


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

പി സി ചാക്കോക്ക് സന്തോഷ സമ്മാനം. 
കോൺഗ്രസ്‌ പ്രസ്ഥാനത്തോട് താങ്കൾ കാണിച്ച ഈ സ്നേഹത്തിന് എൻറെ വക ഒരു എളിയ സമ്മാനം അങ്ങയുടെ ഡൽഹി അഡ്രസ്സിൽ അയച്ചു തന്നിട്ടുണ്ട്.  ഞങൾ അണികൾ വലിയ സന്തോഷത്തിലാണ്, ഒന്നിലധികം തവണ എംപിയും സംസ്ഥാന മന്ത്രിയുമായ അങ് ലവലേശം ഉളുപ്പുണ്ടെങ്കിൽ കിട്ടുന്ന പെൻഷൻ പാർട്ടിക്കു തിരിച്ചു നൽകാൻ തയ്യാറാവണം. 
താങ്കൾ നേരത്തെ പോവുകയാണങ്കിൽ കഴിഞ്ഞ തിരഞെടുപ്പിൽ പാർട്ടിക്ക് രണ്ട് സീറ്റ് നഷ്ടപെടില്ലായിരുന്നു. 
ഇനി ഈ വഴിക്ക് കാണരുത്. 
കടക്ക് പുറത്ത്.  
ഹാരിസ് മൂതൂർ
കെ എസ് യു ജില്ലാ പ്രസിഡണ്ട്, മലപ്പുറം.

 

Latest Videos
Follow Us:
Download App:
  • android
  • ios