നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തില്‍
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര , രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായും രാഷ്ട്രീയ കക്ഷികളുമായും പൊലീസ് ഉദ്യാഗസ്ഥരുമായും ചർച്ച നടത്തും.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുമായും പോലീസ് നോഡൽ ഓഫീസർമാരുമായും കമ്മീഷൻ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം രാഷ്ട്രീയ കക്ഷി പ്രതിനിധികളിൽ നിന്നും അഭിപ്രായം തേടും. ചർച്ചകളിലെ നിർദ്ദേശങ്ങൾ പരിഗണിച്ചാകും വോട്ടെടുപ്പ് ഘട്ടങ്ങളും തിയതിയും കമ്മീഷൻ നിശ്ചയിക്കുക.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര , രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്. വൈകുന്നേരത്തോടെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായും എസ്പിമാരുമായും സുരക്ഷാ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏജൻസികളുമായും കമ്മീഷൻ ചർച്ച നടത്തും.
ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരുമായുള്ള ചർച്ച നാളെയാണ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷികളും നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാകും തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് ഘട്ടങ്ങളും തിയതിയും നിശ്ചയിക്കുക. തിങ്കളാഴ്ച രാവിലെ കമ്മീഷൻ ദില്ലിയിലേക്ക് മടങ്ങും.